ബാഴ്സലോണയില്‍ നിന്നും മിയാമിയിലേക്ക് അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ സഞ്ചരിച്ച ആഡംബരക്കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ടു. 'എക്സ്പ്ലോറര്‍ ഓഫ് ദ് സീസ്' എന്ന കപ്പലാണ് കപ്പല്‍ച്ചേതത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപെട്ടത്. കാറ്റിലും തിരമാലകളിലും പെട്ട് 45 ഡിഗ്രിയോളം കപ്പല്‍ ചാഞ്ഞുലഞ്ഞെന്നും അപ്രതീക്ഷിത ഉലച്ചിലില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഒരാള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റയാള്‍ക്ക് വേണ്ട വൈദ്യസഹായം ലഭ്യമാക്കിയെന്ന് കപ്പല്‍ അധികൃതര്‍ അറിയിച്ചു.
സ്പെയിനിലെ കാസ്റ്റിലിന്‍ തീരത്ത് നിന്ന് യാത്ര പുറപ്പെട്ടതിന് പിന്നാലെ ടെന്റൈഫിനടുത്തെത്തിയപ്പോഴാണ് അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റില്‍ കപ്പല്‍ പെട്ടത്. അഞ്ച് മിനിറ്റോളം കപ്പല്‍ ഉലഞ്ഞുവെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തി. പൊടുന്നനെയുണ്ടായ കുലുക്കത്തില്‍ കസീനോയിലെ മേശകളും മറ്റും തലകീഴായി മറിയുന്നതും അലങ്കാര വസ്തുക്കള്‍ ഒഴുകി നീങ്ങുന്നതും പൊട്ടിത്തകരുന്നതും കാണാം. ആളുകള്‍ നിലതെറ്റി വീഴുകയും ബാറിലെ മദ്യക്കുപ്പികളും ഗ്ലാസുകളും സൂക്ഷിച്ചിരുന്ന ഷെല്‍ഫുകള്‍ മറിയുന്നതും വിഡിയോയില്‍ കാണാം. കപ്പലിനുള്ളില്‍ നിന്നുള്ള നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മണിക്കൂറില്‍ 86 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റാണ് വീശിയതെന്നും എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് ആര്‍ക്കും മനസിലായില്ലെന്നും കപ്പല്‍ യാത്രക്കാര്‍ പറയുന്നു. കപ്പലിനെന്താണ് സംഭവിക്കുന്നതെന്ന് അമ്പരന്ന് നില്‍ക്കുമ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കാറ്റില്‍പ്പെട്ടതാണെന്നും ക്യാപ്റ്റന്‍ വിശദീകരിച്ചത് ആശ്വാസമായെന്നും യാത്രക്കാര്‍ വെളിപ്പെടുത്തി.
1020 അടി നീളമുള്ള കൂറ്റന്‍ ആഡംബര കപ്പലാണ് 'ദ് എക്സ്പ്ലോറര്‍ ഓഫ് ദ് സീസ്'. 4290 യാത്രക്കാര്‍ക്കും 1185 ജീവനക്കാര്‍ക്കും യാത്ര ചെയ്യാന്‍ പാകത്തിലുള്ളതാണ് കപ്പല്‍. 2000ത്തില്‍ ബഹമാസില്‍ നിര്‍മിച്ചതാണ് കപ്പല്‍. ഐസ് സ്കേറ്റിങ് റിങ്, മിനി ഗോള്‍ഫ് കോഴ്സ്, റോക്ക് ക്ലൈമ്പിങ് വാള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ കപ്പലിനുള്ളിലുണ്ട്.