അമേരിക്കയിലെ ഷിക്കാഗോയില്‍ താന്‍ സ്ഥിരം സന്ദര്‍ശിക്കാറുള്ളതും തന്‍റെ ഏറ്റവും പ്രിയ്യപ്പെട്ടതുമായ ബേക്കറി നടത്തുന്നത് സ്വന്തം അമ്മയാണെന്ന് യുവാവ് തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്കു ശേഷം. സൗത്ത് ഷോറിലെ 50 കാരനായ വാമർ ഹണ്ടറാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ അമ്മയെ തിരിച്ചറിഞ്ഞത്. കൂടിച്ചേരലിനു പിന്നാലെ അമ്മയ്‌ക്കൊപ്പം ബേക്കറി നടത്തുകയാണ് യുവാവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
35-ാം വയസ്സിലാണ് വാമർ ഹണ്ടര്‍ തന്നെ ദത്തെടുത്തതായി തിരിച്ചറിയുന്നത്. അന്നുമുതൽ സ്വന്തം അമ്മയെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു യുവാവ്. തുടര്‍ന്ന് 2022ലാണ് ജീവിതം മാറ്റിമറിച്ച ആ ഫോണ്‍ കോള്‍ വാമറിനെ തേടിയെത്തുന്നത്. ‘ഞാൻ എന്‍റെ സുഹൃത്തിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് ബേക്കറിയിൽ നിന്ന് ഒരു കോൾ വരുന്നത്. ഒരുനിമിഷം എന്തിനാണ് ഇവര്‍ ഇപ്പോള്‍ എന്നെ വിളിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു’ വാമർ ഹണ്ടർ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ആഴ്ചയിൽ ഒരിക്കലെങ്കിലും ബേക്കറി സന്ദർശിക്കുന്ന ഇയാള്‍ ബേക്കറിയുടെ നമ്പര്‍ തന്‍റെ മൊബൈലില്‍ സേവ് ചെയ്തുവച്ചിരുന്നു.
2022 ൽ, കാലിഫോർണിയ ആസ്ഥാനമായുള്ള ജനിതക വംശശാസ്ത്രജ്ഞനായ ഗബ്രിയേല വർഗാസാണ് മാതാവിനെ കണ്ടെത്താന്‍ വാമർ ഹണ്ടറിനെ സഹായിച്ചത്. ആ സമയത്ത് സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയായിരുന്നു 'ഗിവ് മീ സം സുഗ' ബേക്കറിയുടെ ഉടമയായ ലെനോർ ലിൻഡ്സെ. ഗബ്രിയേല വർഗാസില്‍ നിന്ന് സത്യമറിഞ്ഞ് അവസ്ഥ പോലും വകവയ്ക്കാതെ മിസ്റ്റർ ഹണ്ടറിനെ വിളിക്കുകയായിരുന്നു. അപ്പോളും തന്‍റെ ബേക്കറിയില്‍ നിത്യസന്തര്‍ശകനായിരുന്ന ആളെയാണ് താന്‍ വിളിക്കുന്നതെന്ന് ലെനോറിന് അറിയില്ലായിരുന്നു. വിശ്വാസം വരാതെ ഇത് വാമർ ഹണ്ടറാണോ എന്ന് വീണ്ടും ചോദിച്ചത് ലെനോര്‍ ഇപ്പോളും ഓര്‍ക്കുന്നു.
ഒരു ഫോണ്‍ കോളില്‍ പരസ്പരം തിരിച്ചറിഞ്ഞ ഇരുവരും കരയാന്‍ തുടങ്ങി. ഇത്രയും കാലം അടുത്തുണ്ടായിട്ടും പതിവായി കാണാറുണ്ടെങ്കിലും തിരിച്ചറിയാന്‍ സാധിച്ചില്ലല്ലോ എന്ന് അമ്മയും മകനും പറയുന്നു. തികച്ചും അവിശ്വസനീയമായ കൂടിച്ചേരാലായിരുന്നു ഇതെന്ന് ആ അമ്മ ഇപ്പോളും പറയുന്നു.
1974 ലാണ് ലെനോർ ലിൻഡ്‌സെ വാമര്‍ ഹണ്ടറിന് ജന്മം നല്‍കുന്നത്. അപ്പോള്‍ ലിൻഡ്സെയ്ക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുടുംബത്തിൻ്റെ മോശം അവസ്ഥ കാരണം അവര്‍ക്ക് സ്വന്തം മകനെ ദത്തുനല്‍കേണ്ടതായി വന്നു. ആ നിമിഷം ഏറെ ഹൃദയഭേദകമായിരുന്നെന്ന് ലിന്‍ഡ്സെ പറയുന്നു. പ്രസവത്തിനു പിന്നാലെ തല നിറയെ മുടിയുള്ള കുഞ്ഞ് വാമറിനെ കണ്ട് തന്‍റെ അമ്മ ഇവന്‍ എത്ര സുന്ദരനാണെന്ന് പറഞ്ഞതും ലിന്‍ഡ്സെ ഓര്‍ത്തെടുത്തു. കൂടിച്ചേരലിനു പിന്നാലെ അമ്മയ്‌ക്കൊപ്പം ബേക്കറി നടത്തുകയാണ് വാമറിപ്പോള്‍.