Image Credit: Twitter

ആകാശചുഴിയിൽ വീണ സ്കാൻഡിനേവിയൻ എയർലൈൻസ് വിമാനത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സീറ്റില്‍ നിന്നും യാത്രക്കാര്‍ ഉയര്‍ന്നുപൊങ്ങുന്നതും ലെഗേജ് കാബിനിലെ ബാധനങ്ങള്‍ തെറിച്ചുവീഴുന്നതും ആളുകള്‍ നിലവിളിക്കുന്നടക്കമുളള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 254 യാത്രക്കാരുമായി സ്വീഡനിലെ സ്റ്റോക്ഹോമിൽ നിന്ന് അമേരിക്കൻ നഗരമായ മിയാമിയിലേക്ക് പറക്കുകയായിരുന്ന സ്കാൻഡിനേവിയൻ എയർലൈൻസ് ഫ്ലൈറ്റ് 957 എന്ന വിമാനമാണ് അപകടകരമാം വിധം ആകാശച്ചുഴിയില്‍പ്പെട്ടത്.

ഗ്രീൻലാൻഡിന് മുകളിൽ വെച്ചായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാര്‍ തന്നെയാണ് പിന്നീട് ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. സീറ്റില്‍ ഇരുന്ന ഒരു യാത്രക്കാരന്‍റെ തല സീലിങില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുണ്ട്. സീറ്റില്‍ നിന്നും എടുത്തെറിഞ്ഞ പോലെയാണ് ആ സമയത്ത് അനുഭവപ്പെട്ടതെന്നും യാത്രക്കാര്‍ പറയുന്നു. ഭക്ഷണസാധനങ്ങളും യാത്രക്കാരുടെ സാധനസാമഗ്രികളുമടക്കം വിമാനത്തിനകത്ത് എടുത്തെറിയും പോലെ ചെന്ന് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ആ സമയം മരിച്ചുപോകുമോ എന്നുപോലും തോന്നിപ്പോയെന്ന് യാത്രക്കാര്‍ പറയുന്നു. ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ടുവെങ്കിലും യാത്രക്കാർക്ക് ആർക്കുംതന്നെ ഗുരുതരമായ പരുക്കുകളില്ലെന്ന് സ്കാൻഡിനേവിയൻ എയർലൈൻസ് വക്താവ് അറിയിച്ചു. 

ഉച്ചയ്ക്ക് 12.55നാണ് വിമാനം സ്റ്റോക്ഹോമിൽ നിന്ന് പറന്നുയർന്നത്. വൈകുന്നേരം 5.45ന് മിയാമിയിൽ ലാന്‍റ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ആകാശച്ചുഴിയില്‍പ്പെട്ടതോടെ വിമാനം  കോപൻഹേഗനിൽ അടിയന്തരമായി ലാന്‍റ് ചെയ്യാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. സംഭവസമയത്ത് വിമാനം 8000 അടി താഴ്ച്ചയിലേക്ക് താഴ്ന്നിരുന്നു. ഇത് ആകാശച്ചുഴിയിൽ നിന്ന് വിമാനത്തെ സുരക്ഷിതമായി പുറത്തെത്തിക്കാനുളള പൈലറ്റിന്‍റെ നീക്കമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനം കോപൻഹേഗനിൽ സുരക്ഷിതമായി ലാന്‍റ് ചെയ്ത ശേഷം യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസം ഉറപ്പാക്കിയെന്നും പിന്നീട് മറ്റ് വിമാനങ്ങളിൽ യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 

ENGLISH SUMMARY:

Passengers scream in terror as extreme turbulence hits US-bound flight