ഇസ്രയേലിന്റെ ആക്രമണം ശക്തമായ ഗസയിലേക്ക് ഭക്ഷണവുമായി പോയ ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ്. യുഎന്‍ആര്‍ഡബ്ല്യുഎയും വേള്‍ഡ് ഫുഡ് പ്രോഗ്രാമും ചേര്‍ന്ന് നല്‍കുന്ന ഭക്ഷണവും വഹിച്ചുള്ള 109 ട്രക്കുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന കാര്യം യുഎന്‍ആര്‍ഡബ്ല്യുഎ വ്യക്തമാക്കിയിട്ടില്ല.
ഇസ്രയേലിന്‍റെ ഗസ അധിനിവേശം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മോശം സംഭവമാണിതെന്ന് യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ ലൂയിസ് വാട്ടറിഡ്ജ് പ്രതികരിച്ചു. ഗാസയിലെ ദുരിധ ബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് പോലും സാധിക്കാത്തത് ദുഖകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ മാനുഷിക സഹായമെത്തിക്കുന്ന പ്രവര്‍ത്തനത്തെ തടയുന്നില്ലെന്നാണ് ഇസ്രയേലിന്‍റെ വാദം. ഗസയിലേക്ക് ആവശ്യത്തിനുള്ള സഹായമെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ടെന്ന് ഇസ്രയേല്‍ പറയുമ്പോഴും, സഹായങ്ങള്‍ കുറഞ്ഞുവരുകയാണെന്നാണ് യുഎന്‍ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു മാസത്തിലേറെയായി ബെയ്ത് ലഹിയ, ജബലിയ, ബെയ്ത് ഹനൂന്‍ എന്നീ പ്രദേശങ്ങളിലേക്ക് ഭക്ഷണം കൊണ്ടുപോകാന്‍ അനുവാദം ലഭിച്ചില്ല.
ശക്തമായ കരയാക്രമണത്തിന്‍റ ഭാഗമായി തെക്കൻ മധ്യ സ ഒറ്റപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ ബെയ്ത് ലഹിയയില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 72 പേരാണ് കൊല്ലപ്പെട്ടത്. ആരോഗ്യപ്രവർത്തകരുടെ 6 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. അഭയാർഥി ക്യാംപുകളിൽ തുടർച്ചയായി ടാങ്ക് ആക്രമണം നടത്തുകയാണ് ഇസ്രയേൽ.
ബെയ്ത് ലഹിയയിൽ ഇസ്രയേലിന്റെ ഒരു ടാങ്ക് തകർത്തെന്ന് ഹമാസിന്റെ കൂട്ടാളികളായ ഇസ്‍ലാമിക് ജിഹാദ് അറിയിച്ചു. ശക്തമായ ആക്രമണത്തിൽ ബുറേജ് അഭയാർഥി ക്യാംപിൽ പത്ത് പേരും നുസേറിയത്തിൽ നാലു പേരും കൊല്ലപ്പെട്ടു. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം തെക്കന്‍ ഗസയില്‍ 80000ല്‍ അധികം ആള്‍ക്കാരാണുള്ളത്.