രാജ്യങ്ങള്‍ തമ്മില്‍ സൗഹൃദ സൂചകമായി വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൈമാറ്റം ചെയ്യുന്നത് പതിവാണ്. എന്നാല്‍ റഷ്യ ഉത്തര കൊറിയയ്ക്ക് നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉത്തര കൊറിയയ്ക്ക് നല്‍കിയത് ചെറിയ സമ്മാനമൊന്നുമല്ല, ഒരു ആഫ്രിക്കൻ സിംഹവും രണ്ട് കരടികളും!. പുട്ടിന് സമ്മാനമായി രണ്ട് വളർത്തു നായകളെയാണ് കിം തിരികെ നൽകിയത്. ഒരു റഷ്യൻ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെയും 24 കുതിരകളെ കിമ്മിന് സമ്മാനമായി പുട്ടിൻ നൽകിയിട്ടുണ്ട്.
മോസ്കോ മൃഗശാലയിൽ നിന്ന് അഞ്ച് വൈറ്റ് കൊക്കാറ്റൂ, 25 ഫെസന്റ് പക്ഷികൾ, 40 മാൻഡരിൽ താറാവുകള്‍ എന്നിവയേയും പ്യോംഗ്യാങ്ങ് മൃഗശാലയിലേക്ക് എത്തിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മനോഹരമായ മാൻഡരിൻ താറാവുകളെ തെക്കൻ ജപ്പാൻ, കിഴക്കൻ ചൈന എന്നിവിടങ്ങളിലാണ് കാണാൻ കഴിയുക. മരങ്ങളിലാണ് ഇവ കൂട് കൂട്ടുന്നത്.
യുക്രൈനില്‍ നടത്തുന്ന യുദ്ധത്തിന്‍റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യ, ഉത്തര കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഉത്തര കൊറിയയുടെ സൈനിക ശക്തിയില്‍ തന്നെയാണ് റഷ്യയുടെ കണ്ണ്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി പുട്ടിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈൻ സൈന്യത്തിന്‍റെ ഭീഷണിയുള്ള റഷ്യയിലെ കുർസ്കിലേക്ക് ഉത്തര കൊറിയയുടെ 10,000 സൈനികരെ പുട്ടിൻ വിന്യസിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.