Image Credit: Chiang Mai Night Safari / Facebook

TOPICS COVERED

ക്യൂട്ട്നെസ് കൊണ്ട് സോഷ്യല്‍മീഡിയയില്‍ സ്റ്റാറായി മാറിയിരിക്കുകയാണ് ആവ. തായ്‌ലന്‍ഡിലെ ചിയാങ് മായ് നൈറ്റ് സഫാരി പാര്‍ക്കിലെ സ്വര്‍ണ കടുവയാണ് മൂന്നു വയസുമാത്രം പ്രായമുള്ള ആവ. നവംബര്‍ 19 നാണ് ചിയാങ് മായ് നൈറ്റ് സഫാരി പാര്‍ക്ക്, പെണ്‍കടുവയുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.  ചിത്രം പങ്കുവച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തിലധികം ലൈക്കുകളാണ് ഈ ആവ സ്വന്തമാക്കിയത്. നിരവധി രസകരമായ കമന്‍റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 

ആവയുടെ സഹോദരി ലൂണയുടെ ചിത്രങ്ങളും ഇത്തരത്തില്‍ മൂന്നാഴ്ച മുന്‍പ് പങ്കുവെച്ചിരുന്നു. 2021 ഫെബ്രുവരി 16 നാണ് ആവയും ലൂണയും ജനിച്ചത്. ചെക്ക് റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങില്‍ നിന്നാണ് 2015 ജൂലായില്‍ ഇവയുടെ മാതാപിതാക്കളെ സഫാരി പാര്‍ക്കിലെത്തിച്ചത്. ബംഗാള്‍ കടുവയുടെ വര്‍ണവ്യതിയാനം മൂലമുണ്ടാകുന്ന വകഭേദമാണ് സ്വര്‍ണ കടുവ.

വെള്ളക്കടുവകളേയും കറുത്ത കടുവകളേയും പോലെ ജനിതകവൈകല്യം മൂലമാണ് സ്വര്‍ണ കടുവകളുണ്ടാകുന്നത്. ആഗോളതലത്തിൽ 100 ​​ൽ താഴെ മാത്രമേ ഇത്തരം കടുവകള്‍ ഉള്ളൂ എന്ന് വിശ്വസിക്കപ്പെടുന്നു. വെള്ളക്കടുവകള്‍ 200 എണ്ണമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പാര്‍ക്കിലെത്തുന്ന എല്ലാവരോടും സൗഹാര്‍ദപരമായാണ് ആവ എന്ന സ്വര്‍ണക്കടുവ പെരുമാറുന്നതെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു. 

ആവയുടേയും ലൂണയുടേയും ചിത്രങ്ങള്‍ പുറത്തുവന്നതോടെ പാര്‍ക്കിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Ava, the golden tiger, has become a star on social media