ഒരേ സമയം ഭയവും അതുപോലെ തന്നെ അമ്പരപ്പുമുണ്ടാക്കുന്ന കാഴ്ച. ഐസ്‌ലൻഡിലെ അഗ്നിപര്‍വ സ്ഫോടനത്തിനുശേഷം പുറത്തുവന്ന ദൃശ്യങ്ങള്‍ പലതും അവിശ്വസനീയമാണ്. അനിര്‍വചനീയമാണ് പ്രകൃതയുടെ പ്രതികരണങ്ങളില്‍ പലതുമെന്നതിന് പ്രകടമായ ഉദാഹരമാണ് ഈ കാഴ്ചകള്‍. ഭയാനകമായ സൗന്ദര്യമെന്ന് ആലങ്കാരികമായി വിശേഷിപ്പിക്കുകയുമാവാം.
സ്ഫോടനത്തിന്‍റെ ഒട്ടേറെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതില്‍ തന്നെ വിമാനത്തില്‍ സഞ്ചരിക്കവേ കെയ്‌ലി എന്ന യാത്രക്കാരൻ എടുത്തതാണ് ഏറ്റവും അതിശയകരമായ ദൃശ്യങ്ങളില്‍ ഒന്ന്. ഇതിനകം ആറു ലക്ഷത്തിലധികം ആളുകള്‍ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു. ‘ഒരിക്കലും മറക്കാത്ത അനുഭവം, ജീവിതം ധന്യമായി’ എന്നാണ് കെയ്‌ലി ദൃശ്യങ്ങള്‍ പങ്കുവച്ച് കുറിച്ചത്. പര്‍വതത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്ന ലാവയുടേതാണ് മിക്ക ചിത്രങ്ങളും.
എട്ട് നൂറ്റാണ്ട് നിഷ്‌ക്രിയമായി കിടന്ന അഗ്നിപര്‍വ്വതമാണ് കഴിഞ്ഞ ദിവസം രാത്രി ഐസ്‌ലന്‍ഡില്‍ പൊട്ടിത്തെറിച്ചത്. തെക്കുപടിഞ്ഞാറൻ ഐസ്‌ലൻഡിലെ റെയ്‌ക്‌ജാൻസ് പെനിൻസുലയിലാണ് സ്ഫോടനം നടന്നത്. ഈ വർഷം ഈ മേഖലയില്‍ സംഭവിക്കുന്ന ഏഴാമത്തെ അഗ്നിപർവ്വത സ്ഫോടനമാണിത്. എട്ട് നൂറ്റാണ്ടായി സുക്ഷുപ്തിയിലാണ്ടു കിടന്ന റെയ്ക്ജാൻസ് പെനിൻസുലയിലെ അഗ്നിപര്‍വതങ്ങള്‍ 2021 മുതലാണ് വീണ്ടും സജീവമായി തുടങ്ങിയത്.
അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് അടുത്തുള്ള പട്ടണമായ ഗ്രിൻഡാവിക്കിലും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബ്ലൂ ലഗൂണില്‍ നിന്നും ആളുകള്‍ പലായനം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 1.8 മൈൽ ചുറ്റളവിൽ സ്‌ഫോടനം ഉണ്ടായതായാണ് ഐസ്‌ലാൻഡിക് മെറ്റീരിയോളജിക്കൽ ഓഫീസ് അറിയിച്ചിരിക്കുന്നത്. സ്ഫോടനം വിമാന യാത്രയ്ക്ക് ഭീഷണി ഉയര്‍ത്തുന്നില്ല. എന്നിരുന്നാലും ഗ്രിൻഡാവിക് ഉൾപ്പെടെയുള്ള ഉപദ്വീപുകളുടെ അഗ്നിപര്‍വതത്തില്‍ നിന്നും പുറന്തള്ളുന്ന പുക സാരമായി ബാധിച്ചിട്ടുണ്ട്. അഗ്നിപര്‍വതത്തില്‍ നിന്നും ഇപ്പോളും ലാവ പുറത്തേക്കൊഴുകുന്നതായാണ് റിപ്പോര്‍ട്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.