അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ മൂന്നുവര്‍ഷം ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ച സ്ത്രീക്ക് 7 വര്‍ഷം തടവുശിക്ഷ വിധിച്ച് യുകെ കോടതി. മൂന്നുവയസുകാരിയെ കണ്ടെത്തുമ്പോള്‍ കുഞ്ഞിന് ഇഴയാനോ നടക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് മെഡിക്കല്‍സംഘം പറയുന്നു. പിറന്നുവീണ മണ്ണിലെ പകല്‍വെളിച്ചമോ നിറമോ മറ്റൊരു മനുഷ്യമുഖമോ കാണാതെയാണ് മൂന്നുവര്‍ഷം ആ കുഞ്ഞുജീവന്‍ ഡ്രോയറിനുള്ളില്‍ അകപ്പെട്ടത്.
കൊടും കുറ്റവാളികള്‍ പോലും അനുഭവിക്കാത്ത ക്രൂരതയാണ് ആ കുഞ്ഞ് ഈ മുന്നുവര്‍ഷക്കാലം കൊണ്ടനുഭവിച്ചത്. യുവതിയുടെ കൂടെ താമസിക്കുന്ന നിലവിലെ പങ്കാളിപോലും അറിയാതെയാണ് കുഞ്ഞിനെ ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ചത്. 2020 മാര്‍ച്ചില്‍ ചെഷയറിലെ വീട്ടിലെ ബാത് ടബ്ബിലാണ് യുവതി പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. 2023ല്‍ യുവതിയുടെ പങ്കാളി ശുചിമുറി ഉപയോഗിക്കാനായി വീടിന്റെ മുകളിലത്തെ നിലയിലേക്ക് പോയപ്പോഴാണ് ഒരു ശബ്ദം കേട്ടത്. കുഞ്ഞിന്റെ ശബ്ദം പോലെ തോന്നിയതോടെ ഇയാള്‍ക്ക് സംശയമായി, ഇതാണ് സംഭവത്തില്‍ വഴിത്തിരിവായത്. പരിശോധിച്ചപ്പോള്‍ ഡ്രോയറിനുള്ളില്‍ കണ്ടെത്തിയ കുഞ്ഞ് പോഷകാഹാരക്കുറവ് മൂലം മൃതപ്രായയായ അവസ്ഥയിലായിരുന്നു.
വികസിക്കാത്ത പേശികളും കൈകാലുകളോടും കൂടി 10മാസം പ്രായമുള്ള കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് സമാനമായ അവസ്ഥയിലായിരുന്നു ആരോഗ്യനില. നിര്‍ജലീകരണം മൂലം അവശയായിരുന്ന കുഞ്ഞിന്റെ മുടിയെല്ലാം പിച്ചിപ്പറഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ചെഷയര്‍ പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവുമായി തനിക്ക് രഹസ്യബന്ധമുണ്ടായിരുന്നുവെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് പറയാന്‍ പറ്റിയ സാഹചര്യമായിരുന്നില്ലെന്നും യുവതി മൊഴി നല്‍കി.