പ്രണയിനിയെ വിവാഹം കഴിച്ച് 9 മാസം പിന്നിടുമ്പോള്‍ ഒരു അപകടത്തില്‍ അവളുടെ ഓര്‍മ നഷ്ടപ്പെടുന്നു. ഒടുവില്‍ അവളെ വീണ്ടും പ്രണയിച്ച് വിവാഹം കഴിച്ച് കൂടെക്കൂട്ടുന്ന യുവാവ്. കേള്‍ക്കുമ്പോള്‍ ഒരു സിനിമാ കഥ പോലെ തോന്നുമെങ്കിലും ലോറ ഫഗനെല്ലോയുടെയും ബ്രെയ്ഡന്‍റെയും ജീവിതം സിനിമാക്കഥയെക്കാള്‍ മനോഹരമാണ്.
കാനേഡിയല്‍ ജോഡികളായ ലോറയുടെയും ബ്രെയ്ഡന്‍ ഫഗനെല്ലോയുടെയും ജീവിതം ഒരു മുത്തശ്ശിക്കഥപോല്‍ സുന്ദരമാണ്. ഒരുപാട് വര്‍ഷം നീണ്ട പ്രണയത്തിനുശേഷം വിവാഹിതരായ പങ്കാളികളായിരുന്നു ലോറയും ബ്രെയ്ജഡനും. വിവാഹത്തിനുശേഷം കളിചിരിയും തമാശകളുമായി സുഖകരമായി മുന്നോട്ട് പോകുകയായിരുന്ന അവരുടെ ജീവിതം പെട്ടന്ന് മാറിമറിഞ്ഞു. വിവാഹം കഴിഞ്ഞ് 9ാം മാസം, 2017 ഏപ്രിലിലാണ് ദുരന്തം അവരെ തേടിയെത്തിയത്. ലാങ്‌ഫോർഡിൽ ഒരു പരിപാടിക്കായി വേദി സജ്ജീകരിക്കുന്നതിനിടെ ഇരുമ്പ് തൂണ്‍ 23കാരിയായ ലോറയുടെ തലയിലേക്ക് പതിച്ചു.
ആശുപത്രിക്കിടക്കയില്‍ നിന്ന് ബോധം തെളിഞ്ഞപ്പോള്‍ ലോറ ആദ്യം ബ്രെയ്ഡനോട് ചോദിച്ചത് 'നിങ്ങളാരാണ്' എന്നാണ്. ചോദ്യം കേട്ട ബ്രെയ്ഡന്‍ പകച്ചു. പ്രാണനായി ചേര്‍ത്തുവെച്ചവള്‍ക്ക് ഒരു ദിവസം കൊണ്ട് താന്‍ അന്യനായി പോയി എന്ന വേദന അയാളെ പൊതിഞ്ഞു. ഓര്‍മകള്‍ നഷ്ടപ്പെട്ട് നിസഹായയായിപോയ അവളെ കണ്ട് ബ്രെയ്ഡന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
തനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും തിരിച്ചറിയാന്‍ ലോറയ്ക്ക് അന്നേരം സാധിച്ചില്ല. അവള്‍ പൊട്ടിക്കരഞ്ഞു. തന്‍റെ മുന്നില്‍ നില്‍ക്കുന്ന ബ്രെയ്ഡന്‍ എന്തിനാണ് കരയുന്നതെന്ന് അവള്‍ക്ക് മനസിലായില്ല. തനിക്ക് ചുറ്റും നില്‍ക്കുന്ന പലരെയും അവള്‍ തിരിച്ചറിയുന്നില്ല. ലോറയ്ക്ക് ഓര്‍മകള്‍ നഷ്ടമായെന്നും 17 വയസിനു ശേഷമുള്ള കാര്യങ്ങളൊന്നും അവള്‍ക്ക് ഓര്‍മയില്ലെന്നും ഡോക്ടര്‍ ബ്രെയ്ഡനെ അറിയിച്ചു. എന്നാല്‍ ലോറയെ വിട്ടുകൊടുക്കാന്‍ ബ്രെയ്ഡന്‍ തയാറായില്ല.
ലോറയുമായുള്ള ജീവിതം ആദ്യം മുതല്‍ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ബ്രെയ്ഡന്‍ ആരംഭിച്ചു. വീണ്ടും അവളെ പ്രണയിച്ച് വിവാഹം കഴിച്ച് കൂടെക്കൂട്ടണമെന്ന് ഉറച്ചായിരുന്നു ബ്രെയ്ഡന്‍റെ പരിശ്രമം. ബ്രെയ്ഡന്‍ തനിക്ക് ആരായിരുന്നുവെന്നോ അദ്ദേഹവുമായുള്ള ഓര്‍മകളോ ഒന്നും ലോറയ്ക് തിരികെ കിട്ടിയില്ല. മുന്‍പ് നടന്ന വഴികളിലൂടെ ലോറയെയും കൂട്ടി ബ്രെയ്ഡന്‍ നടന്നു.ഡേറ്റിങ് ആരംഭിച്ചു. ഒടുവില്‍ മാസങ്ങള്‍ക്ക് ശേഷം ലോറ ഒടുവിൽ ബ്രെയ്‌ഡനുമായി വീണ്ടും പ്രണയത്തിലായി.
രണ്ട് വർഷത്തിന് ശേഷം അവർ വിവാഹ നിശ്ചയവും പുനർവിവാഹവും നടത്തി തങ്ങളുടെ പുതിയ ജീവിതം ആരംഭിച്ചു. ലോറയുടെ ഓർമ്മകൾ ഒരിക്കലും തിരിച്ചുവന്നില്ലെങ്കിലും ബ്രെയ്ഡനോടൊപ്പം അവള്‍ പുതിയ ഓർമ്മകൾ സൃഷ്‌ടിച്ചു. തന്‍റെ പങ്കാളിയെ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ആശുപത്രിക്കിടക്കയില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി വിധിയെപ്പോലും തോല്‍പ്പിച്ച ലോറയുടെയും ബ്രെയ്ഡന്‍റെയും ഈ പ്രണയകഥ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.