korean-train

പ്രതീകാത്മക ചിത്രം

ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ഒരു അസാധാരണ സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരാള്‍ ടോയ്​ലറ്റില്‍ പോയി വരാന്‍ അല്‍പം സമയമെടുത്തതിനാല്‍ 125 ട്രെയ്നുകളാണ് സിയോളില്‍ വൈകിയത്. കൊറിയന്‍ ഹെറാള്‍ഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സിയോളിലെ ലൈന്‍ 2വിലാണ് സംഭവം നടന്നത്. 

സർക്കുലർ ലൈൻ ട്രെയിനിലെ ഓപ്പറേറ്ററായ യുവാവ് ടോയ്​ലറ്റില്‍ പോയി വരാന്‍ വൈകിയതാണ് മറ്റു ട്രെയിനുകളുടെ സമയത്തെ സാരമായി ബാധിച്ചത്. ജോലിക്കിടയില്‍ സർക്കുലർ ലൈൻ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ ടോയ്​ലറ്റ് ബ്രേക്ക് എടുക്കാറുണ്ടെങ്കിലും അത് നിരവധി ട്രെയിന്‍ സര്‍വീസുകളെയും യാത്രക്കാരെയും ബാധിക്കുന്നത് ഇതാദ്യമാണ്. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് അടിയന്തരമായി ഓപ്പറേറ്റര്‍ ടോയ്​ലറ്റിലേക്ക് പോയത്. തൊട്ടടുത്തുളള റെസ്റ്റ് റൂം അടുത്ത നിലയിലായതിനാൽ തന്നെ ഓപ്പറേറ്റര്‍ പോയി വരുന്നതിന് നാല് മിനിറ്റും 16 സെക്കന്റുമാണ് എടുത്തത്. 

നിസാരമെന്ന് തോന്നുന്ന ഈ നാല് മിനുറ്റ് 16 സെക്കന്‍റാണ് 125 ട്രെയിനുകള്‍ 20 മിനിറ്റോളം വൈകിയോടാന്‍ കാരണമായത്. സർക്കുലർ ലൈനുകളിലെ ട്രെയിൻ ഓപ്പറേറ്റർമാർ സാധാരണയായി രണ്ടോ മൂന്നോ മണിക്കൂർ ഇടവേളകളില്ലാതെയാണ് പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ പോര്‍ട്ടബിള്‍ ടോയ്​റ്റുകള്‍ ലഭ്യമാണെങ്കിലും മിക്കവാറും എല്ലാവരും തന്നെ അടുത്തുളള റെസ്റ്റ് റൂമുകളെ ആശ്രയിക്കാറാണ് പതിവ്. എന്നാല്‍ തിരക്കുളള സമയങ്ങളില്‍ സർക്കുലർ ലൈൻ ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ ടോയ്​ലറ്റ് ബ്രേക്ക് വലിയ ആശങ്ക സൃഷ്ടിക്കാറുണ്ടത്രേ. അതേസമയം 20 മിനുറ്റോളം ട്രെയിനുകള്‍ വൈകിയെങ്കിലും യാത്രക്കാരാരും തന്നെ പരാതിയുമായി എത്തിയില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ENGLISH SUMMARY:

South Korean train conductor’s 4-minute toilet break causes delay to 125 trains