പൂച്ചയെ കൊന്ന് ഭക്ഷണമാക്കിയ 27കാരിക്ക് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലാണ് സംഭവം. ഓഹിയോ സ്വദേശിയായ അലക്സി ഫെറലെന്ന യുവതിയാണ് ക്രൂരകൃത്യം ചെയ്തത്. പൂച്ചയെ കൊന്നശേഷം അയല്‍വാസികള്‍ കാണ്‍കെയാണ് അലക്സി ഭക്ഷണമാക്കി കഴിച്ചത്. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യത്തെ നാണംകെടുത്തുന്ന പ്രവര്‍ത്തിയാണ് അലക്സിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വിധി പ്രഖ്യാപിക്കവേ ജഡ്ജി പറഞ്ഞു.
സമൂഹത്തിന് നാശമുണ്ടാക്കുന്ന നടപടിയാണ് അലക്സി ചെയ്തത്. ഇത് കാണുന്ന ആരും മൃഗങ്ങളെ ഉപദ്രവിക്കാന്‍ തുനിഞ്ഞേക്കാം. മൃഗങ്ങളും മക്കളെ പോലെയാണ്. നിങ്ങള്‍ക്കിത് എത്രത്തോളം മനസിലാകുമെന്ന് എനിക്കറിയില്ല. ഈ നടുക്കം എനിക്ക് പ്രകടിപ്പിക്കാവുന്നതിനുമപ്പുറമാണ്. ഈ ക്രൂരകൃത്യത്തിന്‍റെ നാണക്കേട് തനിക്ക് താങ്ങാനാവുന്നില്ലെന്നും എന്തിനാണ് നിങ്ങളിങ്ങനെ ചെയ്തതെന്ന് മനസിലാകുന്നില്ലെന്നും ജഡ്ജി അലക്സിയോട് പറഞ്ഞു.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയെന്ന വകുപ്പാണ് അലക്സിക്കെതിരെ ചുമത്തിയത്. യുവതിക്കെതിരെ ഇതിന് പുറമെ ഒരു മോഷണക്കുറ്റവും, കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസും നിലവിലുണ്ട്. 18 മാസം വീതമാണ് ഈ രണ്ട് കേസുകളിലും കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നത്. ഇതിന് പുറമെ ഒരു വര്‍ഷം കൂടി അലക്സി ജയിലില്‍ കഴിയേണ്ടി വരും.
അതേസമയം, അലക്സി ലഹരിക്കടിമയാണെന്നാണ് അവരുടെ കേസ് ഹിസ്റ്ററി പറയുന്നതെന്നും ലഹരിയുടെ സ്വാധീനത്തില്‍ ചെയ്ത് പോയതാണെന്നും അലക്സിയുടെ അഭിഭാഷകന്‍ വാദിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ സമയത്ത് അലക്സിയുടെ കേസ് ട്രംപും വാന്‍സും പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഹെയ്തിയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ അരുമകളെ കൊന്ന് തിന്നുവരാണെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത് വസ്തുതയല്ലെന്നും അലക്സി ഒഹിയോക്കാരിയാണെന്നും അധികൃതര്‍ വിശദീകരിച്ചിരുന്നു.