പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള നല്ലൊരു ലബോറട്ടറിയാണ് ഇന്ത്യയെന്ന് അഭിപ്രായം പറഞ്ഞ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ആകെ വെട്ടിലായി. ബില്‍ഗേറ്റ്സിന്റെ വാക്കുകള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഒരു പോഡ്‌കാസ്റ്റ് പരിപാടിക്കിടെയായിരുന്നു ബില്‍ഗേറ്റ്സിന്റെ പരാമര്‍ശം. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനവും ചര്‍ച്ചയും കൊടുമ്പിരിക്കൊളളുകയാണ്.
ഇന്ത്യക്കാര്‍ ബില്‍ഗേറ്റ്സിനെ ഹീറോയാക്കിയെന്നും എന്നാല്‍ കൊളോണിയല്‍ മനോഭാവമാണ് ഗേറ്റ്സിനെന്നും പ്രതികരണമുയര്‍ന്നു. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ബുദ്ധിമുട്ടുള്ള രാജ്യമാണ് ഇന്ത്യയെങ്കിലും സ്ഥിരതയിലൂടെ വരുമാനം കണ്ടെത്തുന്നവരാണ് ഇന്ത്യക്കാര്‍ എന്നാണ് ബില്‍ പറഞ്ഞുതുടങ്ങിയത്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യക്കാര്‍ മികച്ച നിലയിലേക്കെത്തും, അതിനാല്‍ തന്നെ വിവിധ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള അവസരം ഇന്ത്യയിലുണ്ടെന്നും ബില്‍ഗേറ്റ്സ് പറഞ്ഞു.
ബില്‍ ഗേറ്റ്സ് ഇന്ത്യക്കാരെ ഗിനി പന്നികള്‍ ആയാണ് കാണുന്നതെന്ന തരത്തില്‍ എക്സില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. വിദേശഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്ന എഫ്‌സിആര്‍എ പോലുമില്ലാതെയാണ് ബില്‍ ഗേറ്റ്സിന്റെ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ മേഖലയാവട്ടെ ബില്ലിനെ വലിയൊരു ഹീറോ ആയാണ് കാണുന്നത്, എന്നാണ് ഇന്ത്യക്കാരുടെ കണ്ണ് തുറന്ന് ബോധ്യങ്ങള്‍ തിരിച്ചറിയുക എന്നും ചോദിക്കുന്നുണ്ട് ഒരു എക്സ് ഉപയോക്താവ്.
അങ്ങേയറ്റം മോശം അഭിപ്രായമാണ് ബില്‍ നടത്തിയതെന്നും വിഷമയമായ വാക്കുകളാണ് അദ്ദേഹം ഇന്ത്യന്‍ ജനതയെക്കുറിച്ചു പറഞ്ഞതെന്നും അഭിപ്രായപ്പെടുന്നു മറ്റൊരാള്‍. ബില്‍ ഗേറ്റ്സിന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ വാക്കുതര്‍ക്കങ്ങള്‍ക്കാണ് സാഹചര്യമൊരുക്കിയത്.