us-couples

Image Credit: https://www.guinnessworldrecords.com

ആയുസിന്‍റെ കാര്യത്തില്‍ ജപ്പാന്‍ എന്നും മുന്നില്‍ തന്നെയാണ്. 100 വയസ് പിന്നിട്ട ആളുകള്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികമുളളതും ജപ്പാനില്‍ തന്നെ. എന്നാല്‍ ഏറ്റവും പ്രായമേറിയ  നവദമ്പതികളുടെ റെക്കോര്‍ഡ് ഇപ്പോള്‍ അമേരിക്ക സ്വന്തമാക്കിയിരിക്കുകയാണ്. 102കാരിയായ മർജോരി ഫിറ്റർമാനും 100 വയസുകാരന്‍ ബേണി ലിറ്റ്മാനുമാന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നവദമ്പതികൾ എന്ന ഗിന്നസ് വേള്‍ഡ് റിക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

'ശദാബ്ദി ദമ്പതികള്‍' എന്ന പേരിലാണ് ബേണി  ലിറ്റ്മാനും മർജോരി ഫിറ്റർമാനും അറിയപ്പെടുന്നത്. രണ്ടുപേര്‍ക്കും കൂടി 202 വയസും 271 ദിവസവും പ്രായമായെന്ന് ഗിന്നസ് വേള്‍ഡ് റെക്കോർഡ് സ്ഥിരീകരിച്ചു. ഇരുവരും വിവാഹിതരായിട്ട് ഏഴുമാസമേ ആയിട്ടുളളൂ. വൃദ്ധസദനത്തില്‍ വച്ചുളള കൂടിക്കാഴ്ച്ച വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വിവാഹത്തിലെത്തിലേക്ക് നയിക്കുകയായിരുന്നെന്ന് ദമ്പതികള്‍ പറയുന്നു. ബേണി  ലിറ്റ്മാനും മർജോരി ഫിറ്റർമാനും 60 വര്‍ഷക്കാലം തങ്ങളുടെ ആദ്യ പങ്കാളിയുമായി ദാമ്പത്യജീവിതം നയിച്ചവരാണ്. ഇരുവരുടെയും പങ്കാളികള്‍ മരിച്ചതിന് ശേഷമാണ് ഇവര്‍ വൃദ്ധസദനത്തിലേക്ക് എത്തിയത്. 

ബേണിയുടെയും മർജോരിയുടെയും ആദ്യ കൂടിക്കാഴ്ച്ച വൃദ്ധസദനത്തില്‍ വച്ചായിരുന്നില്ല. പഠനകാലത്ത് ഇരുവരും ഒന്നിച്ച് പെൻസിൽവാനിയ സർവകലാശാലയിൽ പഠിച്ചിരുന്നെന്നും പരിചയക്കാരായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് മർജോരി അധ്യാപികയായും ബേണി എഞ്ചിനീയറായും ജീവിതം മുന്നോട്ട് പോയി. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു വൃദ്ധസദനത്തില്‍ വച്ച് ആ കൂട്ടുകാര്‍ വീണ്ടും ഒന്നിച്ചു. ആദ്യകാഴ്ച്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി. പിന്നീട് 9 വര്‍ഷം നീണ്ട പ്രണയം. 

ഒടുവില്‍ 2024 മെയ് മാസത്തില്‍ ബേണിയും മർജോരിയും വിവാഹിതരായി. ഇരുവരും ഈ തീരുമാനത്തില്‍ ഏറെ സന്തോഷത്തിലാണ് ബന്ധുക്കള്‍. തന്‍റെ 100 വയസുളള മുത്തശ്ശന്‍ 102കാരിയായ കാമുകിയെ വിവാഹം ചെയ്ത സന്തോഷം കൊച്ചുമകളായ സാറയും സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. വിവാഹത്തോടെ കൂട്ടിനൊരു പങ്കാളിയെ മാത്രമല്ല ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന ഗിന്നസ് റെക്കോര്‍ഡ് കൂടിയാണ് ഇരുവരും സ്വന്തമാക്കിയത്. 

ENGLISH SUMMARY:

World's oldest newlyweds with combined age of 202 fell in love at retirement home