സിറിയയില്‍ അസദ് ഭരണം അവസാനിക്കുമ്പോള്‍ ഉദയം ചെയ്യുന്നത് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പുതിയരൂപമോ ? രാജ്യാന്തരസമൂഹം ഭീകരപ്രസ്ഥാനത്തിന്‍റെ ഗണത്തില്‍പ്പെടുത്തിയവരാണ് സിറിയന്‍ വിമതരെ നയിക്കുന്ന ഹയാത് തഹിര്‍ അല്‍ ഷാം അഥവാ എച്ച് ടി എസും അതിന്‍റെ മേധാവിയും. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അഭയാര്‍ഥികളെ മടക്കിക്കൊണ്ടു വരുമെന്നുമാണ് എച്ച്ടിഎസിന്‍റെ വാഗ്ദാനം.
അബു മുഹമ്മദ് അല്‍ ജുലാനി. പതിനാലുവര്‍ഷം നീണ്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തിനൊടുവില്‍ ബഷാര്‍ അല്‍ അസദ് ഭരണത്തിന് അന്ത്യം കുറിച്ച നേതാവ്. എന്നാല്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി എന്ന ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍റെ പുതിയ അവതാരമാകുമോ അല്‍ ജുലാനി ? പശ്ചാത്തലം ഭീകരപ്രവര്‍ത്തത്തിന്‍റേതാണ്. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് പോരാളിയായിരുന്നു അല്‍ ജുലാനി. പിന്നീട് അല്‍ ഖായിദയുടെ സിറിയന്‍ ഘടകമായ ജബാത് അല്‍ നുസ്രയുടെ പ്രധാന കമാന്‍ഡര്‍മാരില്‍ ഒരാളായി. 2017ല്‍ അല്‍ ഖായിദയുമായി തെറ്റിപ്പിരിഞ്ഞ് ഹയാത് തഹിര്‍ അല്‍ ഷാം അഥവാ എച്ച് ടി എസ് രൂപീകരിച്ചു. ഇഡ്ലിബ് അടങ്ങുന്ന വടക്കുകിഴക്കന്‍ സിറിയയില്‍ എച്ചടിഎസ് പ്രധാനശക്തിയായി.
ഫ്രീ സിറിയന്‍ ആര്‍മിയുള്‍പ്പെടെ വിഘടിച്ചുനിന്ന വിമതഗ്രൂപ്പുകളെ ഏകോപിക്കാന്‍ സാധിച്ച അല്‍ ജുലാനിയുടെ മുന്നേറ്റം വളരെപ്പെട്ടന്നായിരുന്നു. പോരാളിയുടെ വേഷമുപേക്ഷിച്ച് രാജ്യാന്തരമാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്ന അല്‍ ജുലാനി ഇപ്പോള്‍ സ്വയം മിതവാദിയായാണ് അവതരിപ്പിക്കുന്നത്. സിറിയയിലെ ക്രിസ്ത്യാനികളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പറയുന്ന അല്‍ ജൂലാനി, ഇസ്ലാമിക ഭരണത്തില്‍ ഭയപ്പെടാനൊന്നുമില്ലെന്നും വ്യക്തമാക്കുന്നു. കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂലാനിയുടെ തലയ്ക്ക് അമേരിക്ക ഒരു കോടിയാണ് വിലയിട്ടിരിക്കുന്നത്.