1976, സെപ്റ്റംബർ 16, അർമേനിയയിലെ യാരവാൻ തടാക തീരത്തിലൂടെ ഷാവേഷ് കാരപെറ്റയാൻ എന്ന 23കാരൻ തന്‍റെ പതിവ് പരിശീലനത്തിന്‍റെ ഭാഗമായി സഹോദരൻ കാമോയ്ക്കൊപ്പം നടന്നുനീങ്ങുകയാണ്. അയാൾ അർമേനിയയിലെ പേര് കേട്ട നീന്തൽ താരമാണ്. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം വിജയിച്ച മത്സരങ്ങൾക്ക് കണക്കില്ല.
11 തവണ ലോക റെക്കോര്‍ഡ് ഭേദിച്ചു, 17 തവണ ലോക ചാമ്പ്യൻ, 13 തവണ യൂറോപ്യൻ ചാമ്പ്യൻ, 7തവണ സോവിയറ്റ് ചാമ്പ്യൻ ., അങ്ങനെ നീണ്ടുപോകുന്നു അദ്ദേഹത്തിന്‍റെ നേട്ടങ്ങളുടെ പട്ടിക. പരിശീലനത്തിന്‍റെ ഭാഗമായി പുറത്ത് മണൽ ചാക്കും ചുമന്നാണ് അയാളുടെ നടത്തം.
പെട്ടെന്നാണ് ഷാവേഷും, കാമോയും ബോംബ് പൊട്ടിയപോലൊരു ശബ്ദം കേട്ടത്. സംഭവിച്ചത് എന്തെന്നറിയാന്‍ അവര്‍ ചുറ്റും നോക്കി. അപ്പോഴാണ് അവർ ആ കാഴ്ച കണ്ടത്..നിറയെ യാത്രക്കാരുമായി ഒരു ബസ് യാരവാൻ തടാകത്തിലേക്ക് മറിയുന്നു. ബസിനുള്ളിലെ യാത്രക്കാര്‍ പ്രാണഭയത്താല്‍ അലറിവിളിക്കുന്നു. ബസ് വെള്ളത്തില്‍ മുങ്ങിത്താണു. . രാജ്യത്തെ തന്നെ ഏറ്റവും വലിയ നീന്തൽക്കാരന് ആ കാഴ്ച വെറുതെ കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല. ഞൊടിയിടയിൽ അയാൾ തടാകത്തിന്‍റെ ആഴങ്ങളിലേക്ക് ഊളിയിട്ടു.
യാത്രക്കാരേറെയും മരണത്തെ മുന്നില്‍ കണ്ട നിമിഷം. ഏതു വിധേനയും തടാകത്തില്‍ അകപ്പെട്ടവരെ കരയ്ക്കെത്തിക്കാനായി ഷാവേഷിന്‍റെ ശ്രമം.ബസാകട്ടെ 33 അടി താഴ്ചയില്‍ എത്തിയിരുന്നു. ഷാവേഷിന്‍റെ സഹോദരൻ കാമോ സാമാന്തരമായി കരയിൽ നിന്നും രക്ഷാപ്രവർത്തനതിന് വേണ്ട സജ്ജീകരണങ്ങള്‍ ഏർപ്പാടാക്കി.
വെള്ളത്തിനടിയിലെ ബസിനുള്ളില്‍ കുടുങ്ങികിടന്നവരെ രക്ഷപ്പെടുത്താനായി ഷാവേഷ് ബസിന്‍റെ ജനാലച്ചില്ലുകള്‍ ചവിട്ടി പൊട്ടിച്ചു. ചില്ലുകള്‍ തറച്ചു കയറി ഷാവേസിന്‍റെ കാലിനും പരുക്കേറ്റു. അതൊന്നും വകവെക്കാതെ ജനലിലൂടെ ബസിനക്കത്തേക്ക് നൂണ്ട് കയറി.നീന്തൽ അറിയാവുന്ന യാത്രക്കാര്‍ക്ക് ബസിനു പുറത്തേക്ക് വഴികാട്ടി . അവര്‍ക്ക് നീന്തി രക്ഷപ്പെടാന്‍ അവസരമൊരുക്കി.
ബാക്കിയുള്ളവരെ അദ്ദേഹം വലിച്ചു പുറത്തിട്ട് അവരെയും കൂട്ടി നീന്തി തീരത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നാല്‍പതോളം തവണ അദ്ദേഹം ആഴങ്ങളിലേക്ക് ഊളിയിട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ 37 യാത്രക്കാരെ രക്ഷിക്കാന്‍ ഷാവേസിനായി. ദൗത്യം അത്ര എളുപ്പമായിരുന്നില്ല . ഇതിനിടെ തടാകത്തിനടിയിലെ കലങ്ങിയ വെള്ളം അദ്ദേഹത്തിന്‍റെ കാഴ്ച മറച്ചുകൊണ്ടിരുന്നു. പ്രാണനായി കേഴുന്നവരെ കരയ്ക്കെത്തിക്കാനുള്ള മണിക്കൂറുകള്‍ നീണ്ട പ്രയത്നം ഷാവേഷിനെ മാനസികമായും ബാധിച്ചു .
ഒരുവട്ടം, മുങ്ങിത്താണ മനുഷ്യനെന്ന് കരുതി പൊക്കി മുകളിലെത്തിച്ചത് ബസിന്‍റെ സീറ്റ് കുഷ്യനായിരുന്നു. അതേക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്.ഒരുപാട് നാളുകളോളം തനിക്ക് ആ ട്രോമയുണ്ടായിരുന്നു..ഞാൻ ദുസ്വപ്നം കാണുമായിരുന്നു.. കുഷ്യൻ എടുക്കുന്നതിനു പരം ഒരു ജീവനെയങ്കിലും എനിക്ക് രക്ഷപ്പെടുത്താമായിരുന്നു...
ഷാവേഷ് കരയ്ക്കെത്തിച്ച 37പേരിൽ 20പേര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ബാക്കിയുള്ളവർ മരണമടഞ്ഞു.പിന്നീട് രക്ഷാപ്രവർത്തകർ എത്തി ബസ് ഉയർത്തി കരയിലെക്കെത്തിച്ചു.അധിക സമയം അവിടെ നിൽക്കാതെ ഷാവേഷും കാമോയും വീട്ടിലേക്ക് മടങ്ങി.
മണിക്കൂറുകളോളം വെള്ളത്തിൽ നിന്നത് മൂലം ഷാവേഷിന്‍റെ കാലുകൾക്ക് കടുത്ത വേദന അനുഭവപ്പെട്ടു. അയാൾ അത് കാര്യമാക്കിയില്ല. പക്ഷേ സമയം പിന്നിടും തോറും ആരോഗ്യനില വഷളായി. കടുത്ത പനി ബാധിച്ചു. ഒടുവില്‍ ന്യൂമോണിയയും സെപ്സിസും സ്ഥിരീകരിച്ചു പിന്നെ അബോധാവസ്ഥയിലായി.
നാല്പതു ദിവസത്തിന് ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്. പതിയെ പതിയെ ആരോഗ്യം വീണ്ടെടുത്തു..അങ്ങനെ ഒന്നര മാസത്തെ ആശുപത്രി മാസത്തിനു ശേഷം അദ്ദേഹം വീട്ടിൽ തിരിച്ചെത്തി. ആരോഗ്യം ഒന്നു മെച്ചപ്പട്ടതോടെ ഷാവേസ് വീണ്ടും നീന്തൽ മത്സരങ്ങൾക്കായി തയ്യാറെടുപ്പുകൾ തുടങ്ങി..എന്നാൽ അപ്പോഴാണ് ആ വാസ്തവം തിരിച്ചറിഞ്ഞത്. യാരവാനിലെ രക്ഷപ്രവർത്തനം ശാരീരികക്ഷമത ഇല്ലാതാക്കി.
ശ്വസനവ്യവസ്ഥയെ പ്രതികൂലമയി ബാധിച്ചു . നീന്തുമ്പോള്‍ ശ്വാസം പിടിച്ച് നില്‍ക്കാന്‍ കഴിയുന്നില്ല. എല്ലാറ്റിനും പുറമേ നിരന്തരമായി ചുമയും വേട്ടയാടിത്തുടങ്ങി. ശാരീരിക ക്ഷമത നഷ്ടപ്പെട്ടത് കടുത്ത മാനസിക പിരിമുറുക്കവുമുണ്ടാക്കി. ജലാശയങ്ങളെ വല്ലാതെ സ്നേഹിച്ചിരുന്ന അദ്ദേഹം വെള്ളത്തെ വെറുത്തുതുടങ്ങി. ഇങ്ങനെയെല്ലാമായിട്ടും മനസ് അനുവദിക്കാതിരുന്നിട്ടും അദ്ദേഹം കഠിന പ്രയത്നം തുടര്‍ന്നുകൊണ്ടേയിരുന്നു.
1977ലെ സോവിയറ്റ് ചാംപ്യന്‍ഷിപ്പ് ലക്ഷ്യമിട്ടായിരുന്നു പരിശീലനം . ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന ചൊല്ല് അന്വര്‍ഥമയി . ആ പരിശ്രമം ഒടുവില്‍ വിജയം കണ്ടു . 400മീറ്റർ നീന്തലിൽ വേൾഡ് റെക്കോർഡോടെ അദ്ദേഹം വിജയത്തിലേക്ക് നീന്തിക്കയറി. അവിടെയും അവസാനിച്ചില്ല ആ പരിശ്രമം. ഹംഗറിയിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും അദ്ദേഹം വിജയിച്ചു. ഒരു സ്വർണവും മൂന്നു വെള്ളിയും. എന്നാൽ ഷാവേഷിന്‍റെ ആരോഗ്യസ്ഥിതി അദ്ദേഹം വിചാരിച്ചതിലും മോശമായിരുന്നു. പതിയെ തന്‍റെ 24ആം വയസിൽ ഷാവേഷ് നീന്തല്‍കുളങ്ങളോട് വേദനയോടെ വിട പറഞ്ഞു.
അദ്ദേഹം എന്തിന് ഇത്ര നേരത്തെ കരിയർ അവസാനിപ്പിച്ചു എന്ന് ആലോചിച്ച് പലരും നെറ്റിചുളിച്ചു..സ്വന്തം ജീവനും കാരിയറും പണയം വെച്ച് ഷാവേഷ് നടത്തിയ രക്ഷാപ്രവർത്തനം പക്ഷേ വാസ്തവത്തിൽ ആർക്കും അറിയുമായിരുന്നില്ല. പത്രത്താളുകളിലൊന്നും ആ അപകടവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ പേര് അച്ചടിച്ച് വന്നതേയില്ല..അദ്ദേഹം ജീവനോടെ കരയിലെത്തിച്ച ആ ഇരുപതുപേർക്കും തങ്ങളുടെ രക്ഷകൻ ആരായിരുന്നുവെന്ന് അറിവുണ്ടായിരുന്നില്ല..തന്‍റെ രക്ഷാ പ്രവർത്തനത്തേക്കുറിച്ച് ആരോടും തുറന്നു പറയാൻ അദ്ദേഹത്തിന് താല്പര്യം കാണിച്ചതുമില്ല..
എന്തിന് ഇക്കാര്യം മറ്റുള്ളവരോട് പറയണം. പ്രശസ്‍തി നേടാനാണോ?? അത് ഞാനെന്‍റെ കരിയർ കൊണ്ടു നേടിയിട്ടുണ്ട് ഇതേകുറിച്ചുള്ള ചോദ്യങ്ങളോട് ഷാവേഷിന്‍റെ പ്രതികരണം അതായിരുന്നു. .ആറു വർഷങ്ങൾക്കു ശേഷം 1982ല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഷാവേഷിനെ അറിയുന്ന ഒരു കോച്ചിൽ നിന്നും ആ കഥയറിയാനിടയായി. ഷാവഷിന്റെ കഥ ‘A champion's under water Battle ’ എന്ന തലക്കെട്ടോടെ പത്രത്തിൽ പ്രസിദ്ധീകരിച്ചു.അതോടെ രാജ്യം വാഴ്ത്തിയ ചാമ്പ്യന്‍റെ യഥാർഥ ഹീറോയിസം ലോകം അറിഞ്ഞു..
വാസ്തവത്തിൽ അദ്ദേഹത്തിന്‍റെ ഭാര്യ നെല്ലി പോലും ഈ സംഭവം അറിയുന്നത് അപ്പോഴായിരുന്നു..ഷാവേഷിന്‍റെ കഥയറിഞ്ഞതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അദ്ദേഹത്തിന് കത്തുകള്‍ വന്നു തുടങ്ങി..75000തിലധികം സ്നേഹകുറിപ്പുകൾ അദ്ദേഹത്തെ തേടിയെത്തി...സർക്കാർ ബാഡ്ജ് ഓഫ് ഓണർ നൽകി അദ്ദേഹത്തെ ആദരിച്ചു..
ഇതാദ്യമായിരുന്നില്ല ഷാവേഷ് മറ്റുള്ളവരുടെ രക്ഷയ്ക്കായി ഓടിയെത്തുന്നത്. അവസാനവും ആയിരുന്നില്ല. 1974ൽ മറ്റൊരു ബസ് അപകടത്തിന് നിന്നും അദ്ദേഹം ആളുകളെ രക്ഷപ്പെടുത്തിയിരുന്നു..അന്ന് ഷാവേഷ് ബസ്സിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ ബസിന് എന്തോ തകരാർ സംഭവിച്ചു..അത് പരിശോധിക്കാനായി ഡ്രൈവർ ബസിൽ നിന്നിറങ്ങി . ബസിന്‍റെ എഞ്ചിൻ ഓൺ ആയിരുന്നു. പെട്ടെന്ന് ബസ് പിന്നിലെ കൊക്കയിലേക്ക് ഉരുണ്ടു തുടങ്ങി.. ഇത് ശ്രദ്ധയിൽ പെട്ട ഷാവേഷ് ഉടൻ ഡ്രൈവറുടെ ക്യാബിനിലേക്ക് കയറി വണ്ടിയുടേ നിയന്ത്രണം വീണ്ടെടുത്തു.
ഇതു കൂടാതെ 1985ൽ തീപിടുത്തമുണ്ടായ ഒരു കെട്ടിടത്തിൽ നിന്നും അദ്ദേഹം ആളുകളെ രക്ഷപ്പെടുത്തി.. ആ തീപിടുത്തത്തിലും അദ്ദേഹത്തിന് സാരമായ പരുക്ക് പറ്റി... പുക ശ്വസിച്ച് അദ്ദേഹം വീണ്ടും അബോധാവസ്ഥയിലായി.. ഏറെ നാൾ വീണ്ടും ആശുപത്രികിടക്കയിലായി.. എന്നാൽ വീണ്ടും അദ്ദേഹം അത്ഭുതകരമായി ജീവിതത്തിലേക്ക് തന്നെ മടങ്ങി.
1993ൽ അദ്ദേഹം കുടുംബ സമേതം മോസ്‌കോയിലേക്ക് ചേക്കേറി.അവിടെ ഒരു ഷൂ ബിസിനസ് തുടങ്ങി..ആ കമ്പനിക്ക് അദ്ദേഹം നൽകിയ പേര് 'സെക്കന്റ് ബെർത്ത്' എന്നായിരുന്നു.
2014ൽ റഷ്യൻ ഫെഡറേഷൻ സോചിയിൽ നടന്ന 22ആം വിന്റർ ഒളിമ്പിക്സിന് ദീപശിഖയേന്താനുള്ള അവസരം അദ്ദേഹത്തിനു നൽകി.. എന്നാൽ പാതി വഴിയിലെത്തിയപ്പോൾ ദീപശിഖ അണഞ്ഞു പോയി..വീണ്ടും തെളിയിക്കാൻ അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു.. സംഘാടകർ എത്തി വീണ്ടും തെളിച്ചെങ്കിലും ഈ സംഭവം വാർത്തകളിൽ നിറഞ്ഞു. തുടർന്ന് ഫെഡറേഷൻ പിറ്റേ ദിവസവും അദ്ദേഹത്തിന് ദീപശിഖയേന്താൻ അവസരം നൽകി.. അങ്ങനെ ഒളിമ്പിക് ചരിത്രത്തിൽ തന്നെ രണ്ട് തവണ ദീപശിഖ ഏന്തുന്ന ആളായി ഷാവേഷ് മാറി.
യുനെസ്കോ ഫെയർ പ്ലേ അവാർഡ് നൽകി ഷാവേഷിനെ ആദരിച്ചു.. അദ്ദേഹത്തിനുള്ള ആദരസൂചകമായി റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ അവർ കണ്ടെത്തിയ ഒരു ഛിന്ന ഗ്രഹത്തിന് അദ്ദേഹത്തിന്‍റെ പേര് നൽകി..3027ഷാവേഷ്
. ചില മനുഷ്യർ അങ്ങനെയാണ്.. നേടിയ പദവിയെയോ തന്നെക്കുറിച്ചു തന്നെയോ ഓർക്കാതെ മറ്റുള്ളവർക്കായി, ഇടം വലം നോക്കാതെ ഓടിയെത്തും.. കരിയറിന്‍റെ ഉന്നതങ്ങളിൽ നിൽക്കുമ്പോഴാണ് ഷാവേഷിന് പടിയിറങ്ങേണ്ടി വന്നത്...പണമോ പ്രശസ്തിയോ മറ്റെന്തെങ്കിലുമോ പ്രതീക്ഷിച്ചായിരുന്നില്ല യാരവാൻ തടാകത്തിന്‍റെ ഉള്ളഴങ്ങളിലേക്ക് ഷാവേഷ് ആണ്ടിറങ്ങിയത്.. ആരെന്നോ എന്തോന്നോ അറിയാത്ത ഒരു പറ്റം മനുഷ്യരുടെ ജീവന് വില കല്പിച്ചായിരുന്നു ആ ദൗത്യം. അത് അപരനോടുള്ള കരുതലായിരുന്നു.. അതു തന്നെയാണ് ഷാവേഷ് പകരുന്ന ജീവിതപാഠവും..