dinga-dinga

TOPICS COVERED

ഉഗാണ്ടയില്‍ ഡിങ്ക ഡിങ്ക എന്ന രോഗം പടര്‍ന്നുപിടിക്കുന്നു. മുന്നോറോളം പേര്‍ നിലവില്‍ ചികിത്സ തേടിയെന്നാണ് വിവരം. ബണ്ടിബുഗ്യോ എന്ന ജില്ലയിലാണ് ഒട്ടനവധിപേര്‍ ചികിത്സയിലുള്ളത്. സ്ത്രീകളിലും ചെറിയ പെണ്‍കുട്ടികളിലുമാണ് രോഗം പടര്‍ന്നുപിടിക്കുന്നത്. പനി, ശരീരം വിറച്ചുതുള്ളുക തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യം കാണുന്നത്. നിലവില്‍ ആന്‍റിബയോട്ടിക്കുകളാണ് രോഗികള്‍ക്ക് നല്‍കി വരുന്നതെന്ന് ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ. കിയിറ്റ ക്രിസ്റ്റഫര്‍ വ്യക്തമാക്കി.

ബണ്ടിബുഗ്യോയ്ക്കു പുറത്ത് ആര്‍ക്കും തന്നെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീട്ടിലിരുന്ന് ആരും സ്വയം ചികിത്സ തേടരുതെന്നും ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരില്‍ ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുന്നുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. രോഗത്തിന്‍റെ കേന്ദ്രമെന്താണെന്നോ, എങ്ങനെയിത് പടര്‍ന്നുപിടിച്ചുവെന്നോ വ്യക്തമായിട്ടില്ല. രോഗികളില്‍ നിന്ന് സാമ്പിളികള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തിവരികയാണ്. ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല. 

‘ഡാന്‍സിങ് പ്ലേഗ്’ എന്നറിയപ്പെടുന്ന 1518ല്‍ ഫ്രാന്‍സിലെ സ്റ്റ്രാസ്ബര്‍ഗില്‍ കണ്ടെത്തിയ സമാന ലക്ഷണങ്ങളാണ് ഡിങ്ക ഡിങ്ക ബാധിച്ചവരിലും കണ്ടുവരുന്നത്. രോഗം ബാധിച്ചവര്‍ നിര്‍ത്താതെ നൃത്തംചവിട്ടുംപോലെ തുള്ളിക്കൊണ്ടേയിരുന്നു എന്നതിനാലാണ് ഡാന്‍സിങ് പ്ലേഗ് എന്ന പേര് വന്നത്. ഇത് മരണത്തിലേക്ക് വരെ നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറണം. പനി, തലവേദന, ചുമ, മൂക്കൊലിപ്പ്, ശരീര വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ ഡിങ്ക ഡിങ്കമൂലം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

Approximately 300 people in Uganda's Bundibugyo district have reportedly been affected by a mysterious illness locally referred to as "Dinga Dinga," according to The Monitor. The condition, predominantly impacting women and girls, is characterized by fever and excessive body shaking, which severely hampers mobility.