അമേരിക്കയിലെ കലിഫോർണിയയില്‍ പാര്‍ക്കില്‍ വച്ച് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. സാൻ ഡിയാഗോയിലെ മിറ മേസ പാർക്കിലാണ് മൂന്ന് വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് 25കാരനെ കടിച്ചുകൊന്നത്. ലൈവ് 5 ന്യൂസ് ഡബ്ല്യുസിഎസ്‌സി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം തന്‍റെ മകനോടൊപ്പം പാര്‍ക്കിലെത്തിയതായിരുന്നു പെഡ്രോ ഒർട്ടേഗ എന്ന യുവാവ്. പാര്‍ക്കിലുള്ളവര്‍ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പൊലീസെത്തി ടേസർ ഉപയോഗിച്ചതോടെയാണ് നായ്ക്കള്‍ രക്ഷപ്പെടുന്നത്.
ആക്രമണത്തിന് ശേഷം വളര്‍ത്തുനായ്ക്കളിലൊന്ന് തൊട്ടടുത്തുള്ള വീടിന്‍റെ ഗാരേജിൽ പ്രവേശിച്ചതായി സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. ഈ സമയം വീട്ടുടമസ്ഥനും പുറത്തുതന്നെ ഉണ്ടായിരുന്നു. നായയ്ക്ക് പ്രകോപനമുണ്ടാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നതും വിഡിയോയിലുണ്ട്. ‘നായ വളരെ മെലിഞ്ഞ് വാരിയെല്ലുകള്‍ വരെ പുറത്തുകാണാവുന്ന തരത്തിലായിരുന്നു. മുഴുവനായും രക്തത്തില്‍ കുളിച്ചിട്ടുണ്ടായിരുന്നു’ വീട്ടുടമസ്ഥന്‍ പറഞ്ഞു.
നായകള്‍ രക്ഷപെട്ടതിനെ തുടര്‍ന്ന് സമീപത്തെ എലിമെന്‍ററി സ്‌കൂള്‍ അടച്ചിട്ടു. തുടർന്നാണ് മൂന്ന് നായ്ക്കളെയും പിടികൂടിയത്. മൂന്ന് നായ്ക്കളെയും ക്വാറൻ്റൈനിൽ പാർപ്പിച്ചിരിക്കുകയായികുന്നു. പിന്നീട് ദയാവധം നടത്തുകയും ചെയ്തു. മറ്റൊരാളെയും നായകള്‍ ആക്രമിച്ചതായും ഇയാള്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. XL ബുള്ളി ഇനമാണ് നായ്ക്കളെന്ന് പ്രദേശവാസികള്‍ പറയുന്നു.