പാനമ കനാല്‍ നിര്‍മാണകാലം മുതലേ ലോകശ്രദ്ധ പിടിച്ചുപറ്റിയ വിവാദവിഷയമാണ്. ലോകരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന് അത്യന്തം പ്രാധാന്യമുള്ള ജലപാതയാണ് പാനമ. അറ്റ്ലാന്റിക് മഹാസമുദ്രത്തെയും പസിഫിക് മഹാസമുദ്രത്തേയും ബന്ധിപ്പിക്കുന്ന പാതയാണിത്. കനാലിന്‍റെ നിയന്ത്രണവും ഉപയോഗത്തിനുള്ള ആധിപത്യവുമാണ് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പാനമയെ ഇന്നും വിവാദ കനാലാക്കി മാറ്റുന്നത്.
നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണല്‍ഡ് ട്രംപിന്‍റെ പ്രസ്താവനയാണ് നിലവില്‍ പാനമ കനാലിനെ വീണ്ടും രാജ്യാന്തര തലക്കെട്ടുകളിലേക്ക് കൊണ്ടുവരുന്നത്. പ്രസിഡന്‍റ് പദവി ഏറ്റെടുത്ത് കഴിഞ്ഞാല്‍ പാനമയുടെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന ട്രംപിന്‍റെ പ്രസ്താവന പാനമ പ്രസിഡന്‍റ് ജോസ് റൗള്‍ മുലിനോയെ ചൊടിപ്പിച്ചിരിക്കുകയാണ്. ‘പാനമയോട് വേണ്ട ഭീഷണിയെന്ന് മുലിനോ തുറന്നുപറഞ്ഞു. പാനമയുടെ ഓരോ ചതുരശ്രമീറ്ററും അനുബന്ധ മേഖലകളും തങ്ങളുടേതാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. പാനമയുടെ സ്വാത്രന്ത്ര്യമോ പരമാധികാരമോ ആര്‍ക്കു മുന്‍പിലും അടിയറവച്ചതല്ല, പാനമയെന്ന വികാരം മനസില്‍ സൂക്ഷിക്കുന്നവരാണ് ഞങ്ങളുടെ ജനങ്ങളെന്നും പാനമ ട്രംപിന് മറുപടി നല്‍കി. എക്സിലൂടെയാണ് ട്രംപിന്‍റെ ഭീഷണിക്ക് മുലിനോ മറുപടി നല്‍കിയത്.
പാനമ കനാലിലൂടെ കടന്നുപോകുന്ന യുഎസ് കപ്പലുകള്‍ക്ക് അടക്കം അമിത നിരക്ക് ഈടാക്കുന്നതിനെിരെ നടത്തിയ പ്രസ്താവനയിലാണ് കനാലിന്‍റെ നിയന്ത്രണം ഏറ്റെടുക്കേണ്ടിവരുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. സഖ്യരാജ്യം കൂടിയായ പാനമയുടെ എക്സിലൂടെയുള്ള പ്രതികരണത്തിന് ട്രൂത്ത് സോഷ്യല്‍ എന്ന സമൂഹമാധ്യമത്തിലൂടെ ‘എങ്കില്‍ നമുക്കത് കാണാം’ എന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി. 1904-14 കാലത്താണ് യുഎസ് പാനമകനാല്‍ നിര്‍മിച്ചത്. 1999-ല്‍ ഇത് പാനമയ്ക്ക് കൈമാറിയെങ്കിലും രാഷ്ട്രീയവും സാമ്പത്തികവും അടക്കമുള്ള ചര്‍ച്ചകള്‍ ഇന്നും തുടരുകയാണ്. ലോകവ്യാപാരത്തിന്റെ ആണിക്കല്ലായ കപ്പല്‍പ്പാതയെച്ചൊല്ലിയുള്ള യുഎസ് പാനമ വിവാദം മറ്റു ലോകരാജ്യങ്ങളും ഉറ്റുനോക്കുകയാണ്.