നടക്കാന്‍ പോയപ്പോള്‍ കണ്ട കല്ലിന്‍റെ തിളക്കം കണ്ട് ഇഷ്ടപ്പെട്ട് വീട്ടില്‍ കൊണ്ടുവന്നിട്ടതാണ് റുമാനിയക്കാരി സ്ത്രീ. പതിറ്റാണ്ടുകള്‍ കഴിഞ്ഞതോടെ വാതില്‍ക്കലിട്ട് ചവിട്ടി നടന്ന കല്ലിന്‍റെ മൂല്യമറിഞ്ഞ് അമ്പരന്നിരിക്കുകയാണ് നാട് മുഴുവനും. റുമനൈറ്റെന്ന കല്ലാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്തിലേക്കും വിലപിടിപ്പുള്ള രത്നങ്ങളിലൊന്നായ ആംബറിന്‍റെ ഭാഗമാണിത്. ഏകദേശം 8.4 കോടിയോളമാണ് മൂന്നരക്കിലോ ഭാരമുള്ള ഈ കല്ലിന്‍റെ വില.
പഴക്കമേറിയ മരങ്ങളില്‍ നിന്ന് വീഴുന്ന കുന്തിരുക്കത്തിന് സമാനമായ കറയാണ് ആംബര്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ഇത് രത്നങ്ങളായി രൂപാന്തരം പ്രാപിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. മൈനുകള്‍ക്കടുത്ത് നിന്നും ലഭിക്കുന്ന സവിശേഷ തരം രത്നമായ കോള്‍ട്ടിയാണ് ഇക്കൂട്ടത്തിലെ കേമന്‍.
ഗ്രാമത്തിലെ അരുവിയില്‍ കാല് നനയ്ക്കാന്‍ ഇറങ്ങിയപ്പോഴാണ് കല്ല് വയോധിക കണ്ടതും അത്യാകര്‍ഷകമെന്ന്തോന്നിയതോടെ ചുമന്ന് വീട്ടുമുറ്റത്ത് കൊണ്ടിട്ടതും. 1991 ല്‍ ഇവര്‍ മരിച്ചതോടെ വീട് ബന്ധുവിന് ലഭിച്ചു. ഇവരാണ് വീട്ടുപടിക്കല്‍ കിടക്കുന്ന കല്ലിന് അസാമാന്യമായ തിളക്കം കണ്ടെത്തിയതും ഇതേക്കുറിച്ച് വിശദമായി തിരഞ്ഞിറങ്ങിയതും. മൂല്യം തിരിച്ചറിഞ്ഞതിന് പിന്നാലെ ഇത് സര്‍ക്കാരിലേക്ക് കൈമാറി. 38 മുതല്‍ 70 ദശലക്ഷം വരെ പഴക്കമുള്ളതാണ് ഈ രത്നക്കല്ലെന്നും ഇന്ന് വരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ചേറ്റവും വലിയതാണെന്നും ഗവേഷകരും സ്ഥിരീകരിച്ചു.