rohingya-srilanka-refugees

ലോകം തിരുപ്പിറവിയുടെ ആഘോഷങ്ങളിലേക്ക് കണ്‍തുറക്കുകയാണ്. നക്ഷത്രങ്ങള്‍ കാവല്‍ നില്‍ക്കവേ, നസ്രേത്തിലെ ഒരു കാലിത്തൊഴുത്തില്‍ രക്ഷകന്‍ പിറന്നുവെന്നാണ് ക്രൈസ്തവ സങ്കല്‍പം. ആ പിറവിക്കും ഒരു പലായനത്തിന്‍റെ കഥ പറയാനുണ്ട്. ഹെരോദിനാല്‍ കൊല്ലപ്പെട്ടേക്കുമെന്ന ഭയത്താല്‍ ഗര്‍ഭിണിയായ മറിയത്തെയും കൊണ്ട് ജോസഫ് സ്വന്തം നാട്ടില്‍ നിന്നും ഓടിപ്പോവുകയായിരുന്നുവെന്നും വഴിയരികിലെ സത്രത്തില്‍ സ്ഥലമില്ലാതിരുന്നതിനെ തുടര്‍ന്ന് ശീലയില്‍ പൊതിഞ്ഞ് കാലിത്തൊഴുത്തില്‍ കിടത്തിയെന്നും കഥകള്‍. കഥ അവിടെ നില്‍ക്കട്ടെ, പ്രാണന്‍ കാക്കാന്‍ വേണ്ടിയുള്ള മനുഷ്യന്‍റെ ഓട്ടം ഇന്നും തുടരുകയാണ്. ഗാസയില്‍, സിറിയയില്‍, മ്യാന്‍മറില്‍, അഫ്ഗാനിസ്ഥാനില്‍, ധാക്കയില്‍ എന്തിന് നമ്മുടെ രാജ്യത്തേക്കും അത് നീളുന്നു. 

syria-lady

യുദ്ധം, ആഭ്യന്തര കലഹം, പട്ടിണി, എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ട് ജനിച്ച നാടും വീടും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ 122 ദശലക്ഷത്തിലേറെ (മില്യണിലേറെ)  ജനങ്ങള്‍ ലോകത്തുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുട‌െ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട്. ഇതില്‍ 43.7 ദശലക്ഷം പേര്‍ അക്ഷരാര്‍ഥത്തില്‍ അഭയാര്‍ഥികളാണ്. അവരില്‍ തന്നെ 5.8 ദശലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാന്‍ ലോകരാജ്യങ്ങളുടെ സഹായം വേണ്ടതുണ്ട്. സ്വന്തം നാട്ടില്‍ തന്നെ അഭയാര്‍ഥികളായിപ്പോയത് 68.3 ദശലക്ഷം പൗരന്‍മാരാണ്. ലോകത്തിന്‍റെ കണ്ണുനീരായി മാറിയ പലസ്തീനില്‍ മാത്രം ആറ് ദശലക്ഷത്തിലേറെ അഭയാര്‍ഥികളുണ്ടെന്നും കണക്കുകള്‍ പറയുന്നു. 

ലോകജനസംഖ്യയുടെ 30 ശതമാനം കുട്ടികളാണ്. ഇതില്‍ 40 ശതമാനം കുട്ടികള്‍ അഭയാര്‍ഥികളായി കഴിയുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഭയാര്‍ഥികളായ കുട്ടികളില്‍ ഏകദേശം നാല് ദശലക്ഷത്തോളം പേര്‍ക്ക് സ്‌കൂളില്‍ പോകാനോ വിദ്യാഭ്യാസത്തിനോ ഉള്ള അവസരങ്ങളില്ലെന്നതാണ് ദുഃഖകരമായ വസ്തുത. ഇവരില്‍ 63 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നത്. സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നത്  24 ശതമാനം പേർക്ക് മാത്രമവുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

children-education

18 മുതല്‍ 59 വയസുവരെ പ്രായമുള്ളവർ ലോക ജനസംഖ്യയുടെ ഏകദേശം 56 ശതമാനം വരും. ഇവരില്‍ 53 ശതമാനം പേരും അഭയാര്‍ഥികളാണ്. അറുപത് വയസിന് മേല്‍ പ്രായമുള്ളവരില്‍ ഏഴ് ശതമാനം പേരാണ് അഭയാര്‍ഥികളായി കഴിയുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 

അഭയം നല്‍കുന്നതാര്?

നാടും വീടും വിട്ട് ഓടിപ്പോന്ന മനുഷ്യരില്‍ 69 ശതമാനം പേര്‍ക്കും അഭയമായത് സ്വാഭാവികമായും അയല്‍രാജ്യങ്ങള്‍ തന്നെയാണ്. ഇവരില്‍ 75 ശതമാനം ആളുകളെയും ഉള്‍ക്കൊണ്ടിട്ടുള്ളത് ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളാണെന്നതാണ് മറ്റൊരു പ്രധാന വസ്തുത. അവികസിത രാജ്യങ്ങളാണ് ലോകത്തെ അഭയാര്‍ഥികളില്‍ 21 ശതമാനത്തെയും പോറ്റുന്നത്. അതുകൊണ്ട് തന്നെയാണ് ഇവരുടെ അതിജീവനത്തിനായി ലോകത്തിന്‍റെ ശ്രദ്ധയും പരിചരണവും ആവശ്യമായിട്ടുള്ളതും. 

border-turkey-checking

വികസിത രാജ്യങ്ങളില്‍ അമേരിക്കയിലേക്കാണ് അപേക്ഷകളേറെയും ലഭിക്കുന്നത്. 1.2 ദശലക്ഷത്തിലേറെ വ്യക്തികള്‍ അമേരിക്കയില്‍ അഭയാര്‍ഥികളായി പാര്‍ക്കാന്‍ അനുവാദം തേടി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. ജര്‍മനിയില്‍ മൂന്നേകാല്‍ ലക്ഷംപേരും ഈജിപ്തില്‍ രണ്ട് ലക്ഷത്തോളവും സ്‌പെയിനിലും കാനഡയിലും ഏകദേശം ഒന്നരലക്ഷത്തോളം ജനങ്ങളുമാണ് അഭയാര്‍ഥികളായി അംഗീകരിക്കപ്പെടാനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 

പരിഹാരം അകലെയോ?

പരിമിതമായ വിഭവങ്ങളില്‍ നിന്ന് സ്വന്തം ജനങ്ങളുടെ ജീവിതം തന്നെ മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളി കൂടിയാണ് അഭയാര്‍ഥി പ്രശ്‌നങ്ങള്‍. അഭയം നല്‍കുന്നതിനൊപ്പം മെച്ചപ്പെട്ട അന്തസുള്ള ജീവിതം കൂടി അവര്‍ക്ക് ലഭ്യമാക്കേണ്ടത് മനുഷ്യാവകാശങ്ങളില്‍ പ്രധാനവുമാണ്. ഇതൊന്നും സാധ്യമാകാത്തതിനാല്‍ തന്നെ മരണമെങ്കില്‍ മരണമെന്ന് തീരുമാനിച്ച് കഴിഞ്ഞ വര്‍ഷം മാത്രം ആറ് ദശലക്ഷത്തിലേറെപ്പേര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയിട്ടുണ്ടെന്നും ഇവരില്‍ 5.1 ദശലക്ഷം പേര്‍ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അഭയാര്‍ഥികളായി എത്തിയവരും 10 ലക്ഷം പേര്‍ മറ്റ് രാജ്യങ്ങളില്‍ അഭയം തേടിയവരുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.  ഒരു ലക്ഷത്തി അന്‍പത്തിയെട്ടായിരത്തിയെഴുന്നൂറ് അഭയാര്‍ഥികള്‍ക്ക് മാത്രമാണ് പോയ വര്‍ഷം ജീവിതം സുരക്ഷിതമാക്കാന്‍ പാകത്തില്‍ പുനരധിവാസം സാധ്യമായതെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 32,200ഓളം പേര്‍ക്ക് അന്യരാജ്യങ്ങളില്‍ പൗരത്വവും ലഭിച്ചു. 

സാമ്പത്തിക അസമത്വം, പ്രകൃതി ദുരന്തങ്ങള്‍,രോഗങ്ങൾ, യുദ്ധവും മറ്റ് കെടുതികളുമെന്നിങ്ങനെ മനുഷ്യജീവിതം ദുരിതത്തിലാക്കുന്ന നിരവധി കാര്യങ്ങളാണുള്ളത്.  ലോകം കുറച്ചെങ്കിലും മെച്ചപ്പെട്ടതാക്കാന്‍ യുദ്ധങ്ങളെങ്കിലും ഇല്ലാതാക്കുകയെന്നതാണ് പോംവഴി. അങ്ങനെയൊരു കാലം ഉണ്ടാവുന്നതും അതിനായി പരിശ്രമിക്കാനും അണിചേരാമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആഹ്വാനം ചെയ്യുന്നതും.

ENGLISH SUMMARY:

There are an estimated 122.6 million people around the world who have been forced to flee their homes. Among them are nearly 43.7 million refugees.There are also 4.4 million stateless people, who have been denied a nationality and lack access to basic rights such as education, health care, employment and freedom of movement.