moosa-family

മൂസയും കുടുംബവും

ആരെയും അമ്പരപ്പിക്കുന്ന കുടുംബജീവിതം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ് 70കാരനായ ഒരു ഉഗാണ്ട സ്വദേശി. 12 ഭാര്യമാരും 102 മക്കളും 578 കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ പേരിലാണ് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കിഴക്കൻ ഉഗാണ്ടയിലെ മുകീസ ഗ്രാമവാസിയായ മൂസ ഹസഹ്യ കാസെറയാണ് ഈ വൈറല്‍ കുടുംബത്തിന്‍റെ നാഥന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ മക്കളുളള വ്യക്തി എന്ന പേരില്‍ പ്രചരിച്ച മൂസയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്‍റെ കൂടുംബം വൈറലായി മാറിയത്.

1972ല്‍ 17ാം വയസിലായിരുന്നു മൂസയുടെ ആദ്യവിവാഹം. കന്നുകാലിക്കച്ചവടത്തിലും മാംസകച്ചവടത്തിലും പേരെടുത്ത മൂസയില്‍ ആകൃഷ്ടരായ ഗ്രാമവാസികള്‍ തങ്ങളുടെ പെണ്‍മക്കളെ മൂസയ്ക്ക് വിവാഹം ചെയ്ത് നല്‍കാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നിരുന്നു. ഉഗാണ്ടയിലെ ചില പ്രത്യേക മതവിഭാഗക്കാരില്‍ ബഹുഭാര്യത്വം നിയമപരമായിരുന്നെങ്കിലും 1995ഓടെ ശൈശവവിവാഹം രാജ്യത്ത് നിരോധിക്കപ്പെട്ടിരുന്നു. 18ാം വയസിലാണ് മൂസയ്ക്ക് ആദ്യ കുഞ്ഞ് ജനിക്കുന്നത്. സാഡ്ര നബ്​വിരേ എന്നാണ് മൂസ മൂത്ത മകള്‍ക്ക് നല്‍കിയ പേര്. ഇന്ന് 10 വയസ് മുതല്‍ 50 വയസ് വരെയുളള മക്കള്‍ മൂസ്യ്ക്ക് ഉണ്ട്.

12 ഭാര്യമാരാണ് നിലവില്‍ 70കാരനായ മൂസയ്ക്കുളളത്. അതില്‍ തന്നെ 35വയസുകാരിയായ ഭാര്യയാണ് ഏറ്റവും അവസാനത്തേത്. 12 ഭാര്യമാരില്‍ നിന്നായി 120 മക്കളാണ് മൂസയ്ക്ക് പിറന്നത്. മക്കളുടെ മക്കള്‍ കൂടിയായപ്പോള്‍ കുടുംബം വീണ്ടും വളര്‍ന്നു. ഇപ്പോള്‍ 578 കൊച്ചുമക്കളുടെ മുത്തശ്ശന്‍ കൂടിയാണ് മൂസ. വളര്‍ന്നുവലുതാകുന്ന കുടുംബം വലിയൊരു അനുഗ്രഹമാണെങ്കിലും ഇടയ്ക്കൊക്കെ ബുദ്ധിമുട്ടാകാറുമുണ്ടെന്നാണ് മൂസയുടെ വാദം.

എനിക്ക് ആദ്യത്തെ കുഞ്ഞിന്‍റെയും അവസാനത്തെ കുഞ്ഞിന്‍റെയും പിന്നെ മറ്റു ചില കുട്ടികളുടെയും പേരുകള്‍ മാത്രമേ ഓര്‍മയില്‍ നില്‍ക്കാറുളളുവെന്ന് മൂസ പറയുന്നു. 102 മക്കളുടെയും 578 കൊച്ചുമക്കളുടെയും പേരുകള്‍ ഓര്‍ത്തുവയ്ക്കുക വളരെ പ്രയാസമേറിയ കാര്യമാണെന്നും മൂസ പറയുന്നു. മക്കള്‍ ജനിച്ച വര്‍ഷവും അവരുടെ പേരുകളും ഏത് ഭാര്യയില്‍ ജനിച്ച കുഞ്ഞുങ്ങളാണെന്നതടക്കമുളള കാര്യങ്ങള്‍ ഒരു നോട്ട്ബുക്കില്‍ കുറിച്ചുവച്ചിട്ടുണ്ട് മൂസ. പലപ്പോഴും ഈ ബുക്ക് തന്നെ സഹായിക്കാറുണ്ടെന്നും മൂസ പറയുന്നു. 

ഇത്രയും വലിയ കുടുംബം സ്വന്തമായിട്ടുണ്ടെങ്കിലും കാണുന്ന പോലെ അത്ര സുഖകരമല്ല മൂസയുടെ ജീവിതം. തുരുമ്പെടുത്ത മേല്‍ക്കൂരയുളള കൊച്ചുവീട്ടിലാണ് മൂസയും കുടുംബവും കഴിയുന്നത്. ഇത്രയും അംഗങ്ങള്‍ക്ക് ഒരുമിച്ച് കഴിയാന്‍ സാധിക്കാത്തതിലാല്‍ തൊട്ടടുത്തായി പുല്ല് മേഞ്ഞ മണ്‍കുടിലുകളിലായാണ് മക്കളും കൊച്ചുമക്കളുമെല്ലാം കഴിയുന്നത്. മൂസയുടെ രണ്ടേക്കര്‍ ഭൂമിയിലായി അടുത്തടുത്തായാണ് ഈ കുടുംബം കഴിയുന്നത്. തങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞുകൂടുന്നതെന്ന് മൂസയുടെ മൂന്നാമത്തെ ഭാര്യ സബിന പറയുന്നു. 'ഭക്ഷണം കഷ്ടിച്ചാണ് ലഭിക്കുന്നത്. കുട്ടികള്‍ക്ക് ദിവസവും ഒരു നേരമാണ് നല്ല ഭക്ഷണം കൊടുക്കാനാകുന്നത്. ചില ദിവസങ്ങളില്‍ രണ്ടുനേരവും കൊടുക്കാന്‍ സാധിക്കുമെന്നും' സബിന പറഞ്ഞു. 

പട്ടിണിയാണ് മൂസയുടെ കുടുംബം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അയല്‍വാസികള്‍ക്ക് വേണ്ടി വെളളവും വിറകും കൊണ്ടുവന്നുകൊടുക്കുന്ന ജോലിയാണ് കുട്ടികള്‍ക്ക്. മറ്റുളളവരും ചെറിയ ജോലികളില്‍ ഏര്‍പ്പെട്ടാണ് വരുമാനം കണ്ടെത്തുന്നത്. തുടക്കത്തില്‍ വീണ്ടും വീണ്ടും വിവാഹം കഴിക്കുന്നത് തനിക്കൊരു തമാശയായിരുന്നെന്നും എന്നാല്‍ ഇപ്പോഴാണ് അതിന്‍റെ ഗൗരവം താന്‍ മനസിലാക്കുന്നതെന്നും മൂസ പറയുന്നു. 

ENGLISH SUMMARY:

For Uganda man with 12 wives, 102 kids, 578 grandchildren, feeding clan is a challenge