AI Generated Image

AI Generated Image

ലോകത്തിലേക്കും  ഏറ്റവും വലിയ അണക്കെട്ട് ബ്രഹ്മപുത്ര നദിയില്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി ചൈന. ഇന്ത്യന്‍ അതിര്‍ത്തിയോട് ഏറ്റവുമടുത്ത സ്ഥലത്താണ്  അണക്കെട്ട് നിര്‍മിക്കുന്നത്. ഇതോടെ ഇന്ത്യയും അയല്‍രാജ്യമായ ബംഗ്ലദേശും കടുത്ത ആശങ്കയിലാണ്. തിബറ്റിലാണ് അണക്കെട്ട് വരുന്നതെന്ന് ഔദ്യോഗിക സംവിധാനത്തെ ഉദ്ധരിച്ച് സ്വിന്‍ഹ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 13700 കോടി (137 ബില്യണ്‍ യുവാന്‍) ചെലവിലാണ് അണക്കെട്ട് നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയായി ഇത് മാറും. ചൈനയുടെ തന്നെ പടുകൂറ്റന്‍ അണക്കെട്ടായ ത്രീ ഗോര്‍ജസ് ഡാമിനെയും ഇത് കടത്തിവെട്ടുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

India Daily Life

ബ്രഹ്മപുത്ര നദി (Image: AP)

അതേസമയം, ചൈന അതിര്‍ത്തിയില്‍ ഭീമന്‍ അണക്കെട്ട് നിര്‍മിക്കുന്നുവെന്ന വാര്‍ത്തയില്‍ ഇന്ത്യ ഇതുവരേക്കും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സ്ഥിതിഗതികള്‍ കൃത്യമായി വീക്ഷിക്കുകയാണെന്നും ബ്രഹ്മപുത്രയില്‍ അണക്കെട്ട് നിര്‍മിക്കുന്നത് സംബന്ധിച്ച് ചൈന അറിയിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. 

ബ്രഹ്മപുത്ര നദി അരുണാചലിലേക്കും അവിടെ നിന്ന് ബംഗ്ലദേശിലേക്കും യു–ടേണ്‍ പോലെ പിരിയുന്ന കൂറ്റന്‍ കിടങ്ങ് പ്രദേശത്തായാണ് അണക്കെട്ട് വരുന്നത്. അണക്കെട്ട് നിലവില്‍ വരുന്നതോടെ അരുണാചല്‍ പ്രദേശിലും ബംഗ്ലദേശിലും പ്രളയസാധ്യതയേറും. അണക്കെട്ട് ചൈനീസ് അധീന പ്രദേശത്തായതിനാല്‍ തന്നെ നീരൊഴുക്കും തുറന്ന് വിടുന്ന വെള്ളത്തിന്‍റെ വ്യാപ്തിയുമെല്ലാം അതിര്‍ത്തിഗ്രാമങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചേക്കാം. ഭൂചലന സാധ്യതാ പ്രദേശത്താണ് നിര്‍മാണമെന്നതും ആശങ്കയേറ്റുന്നതാണ്. എന്നാല്‍ അണക്കെട്ടിന്‍റെ സുരക്ഷിതത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമാണ് അടിയന്തര പ്രാധാന്യമെന്നും സുരക്ഷ പൂര്‍ണമായും ഉറപ്പ് വരുത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബ്രഹ്മപുത്രയില്‍ ഇന്ത്യയും അണക്കെട്ട് നിര്‍മിക്കുന്നുണ്ട്.

INDIA-ECONOMY-TRANSPORT

ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള അരുണാചലിലെ ഡോല സാദിയ പാലം

ചൈനയുടെ 14–ാം പഞ്ചവല്‍സര പദ്ധതിയുടെ (2021–25) ഭാഗമാണ് നിലവില്‍ നിര്‍മാണ അംഗീകാരം ലഭിച്ച ബ്രഹ്മപുത്ര അണക്കെട്ട്. പ്ലീനം അംഗീകരിച്ച ദേശീയ സാമ്പത്തിക–സാമൂഹിക വികസന മാതൃകയിലും 2035 ലക്ഷ്യമാക്കിയുള്ള ദീര്‍ഘ ലക്ഷ്യ പ്രൊജക്ടിലും ഈ പദ്ധതി  അംഗീകരിക്കപ്പെട്ടിരുന്നു. 

gorges-brahmaputra

ചൈനയിലെ ഏറ്റവുമധികം മഴ ലഭിക്കുന്ന  പ്രദേശം കൂടിയാണ് നിര്‍ദിഷ്ട പദ്ധതി പ്രദേശം. 300 ബില്യണ്‍ കിലോ വാട്ട് വൈദ്യുതി പ്രതിവര്‍ഷം ഇവിടെ നിന്നും നിര്‍മിക്കാമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. ഇത് 300 ദശലക്ഷം ജനങ്ങളുടെ വാര്‍ഷിക ഉപഭോഗത്തിന് പര്യാപ്തമാണെന്നും ചൈന കണക്കുകൂട്ടുന്നു. 

ENGLISH SUMMARY:

China has approved the construction of the world's largest dam, which is said to be the planet's biggest infrastructure project, on the Brahmaputra in Tibet, near the Indian border, raising concerns in India and Bangladesh.