നിനച്ചിരിക്കാതെ എത്തിയ രാക്ഷസത്തിരമാലകളില്‍പ്പെട്ട് ഇക്വഡോറില്‍ ഒരാള്‍ മരിച്ചു. പെറുവിന്‍റെ വടക്കന്‍ –മധ്യ തീരപ്രദേശങ്ങളില്‍ ഇന്നലെ 13 അടിയോളം ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് ബോട്ട്ജെട്ടികളും, പൊതു സ്ഥലങ്ങളും വീടുകളുമടക്കം മുങ്ങിയെന്നും സാരമായ നാശനഷ്ടം സംഭവിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്വഡോറിലെ തീരദേശ നഗരമായ മാന്‍ഡ സ്വദേശിയാണ് തിരമാലകളില്‍പ്പെട്ട് മരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ഇയാളുടെ മൃതദേഹം കരയ്ക്കടിഞ്ഞതെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
കടല്‍പ്രക്ഷുബ്ധമാണെന്നും കൂറ്റന്‍ തിരമാലകളുണ്ടെന്നും ചൂണ്ടിക്കാട്ടി 121 തുറമുഖങ്ങളിലെ 91ഉം ജനുവരി ഒന്ന് വരെ അടച്ചിടുന്നതായി പെറു ദേശീയ അടിയന്തര രക്ഷാദൗത്യസംഘം അറിയിച്ചു. ഇക്വഡോറുമായി കിഴക്കും തെക്കും അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പെറു. പെറു തലസ്ഥാനമായ ലിമയ്ക്കടുത്തുള്ള കലോ നഗരത്തിലെ പ്രധാന തുറമുഖങ്ങളും ബീച്ചുകളും അടച്ചു. വിനോദസഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തി. മല്‍സ്യബന്ധനത്തിനും വിലക്കുണ്ട്. ബോട്ടുകള്‍ കടലില്‍ ഇറക്കരുതെന്നാണ് നിര്‍ദേശം.
പെറുവില്‍ നിന്നും ആയിരത്തിലധികം കിലോമീറ്ററുകള്‍ക്കകലെ യുഎസ് തീരത്ത് നിന്നുമാണ് രാക്ഷസത്തിരമാലകളെത്തിയതെന്നാണ് നാവികസേനയുടെ അനുമാനം. അതിശക്തമായ കാറ്റാണ് കാരണമെന്നും നിലവില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും എവിടെയും സൂനാമിയുണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആശങ്ക വേണ്ടെന്നും സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും വേഗം മാറണമെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.