ദക്ഷിണ കൊറിയയില്‍ 179 പേര്‍ മരിച്ച വിമാനാപകടം പക്ഷി ഇടിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. പക്ഷി ഇടിച്ചെന്നും വിമാനം അപകടത്തിലാണെന്നും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതരെ അറിയിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഇന്ധനത്തിന്റെ അളവ് കുറച്ച് അപകടത്തിന്റെ തീവ്രത കുറയ്ക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നാണ് സൂചനകള്‍.
അപകടത്തില്‍ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ രാവിലെ ബാങ്കോക്കില്‍ നിന്ന് വന്ന വിമാനമാണ് മുആന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ദക്ഷിണ കൊറിയന്‍ വിമാനങ്ങളുടെ അടിയന്തര സുരക്ഷാ പരിശോധനയ്ക്ക് ആക്ടിങ് പ്രസിഡന്റ് ചോയി സാങ് മോക് ഉത്തരവിട്ടു. 175 യാത്രക്കാരും 6 ജീവനക്കാരുമടക്കം 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പേര്‍മാത്രമാണ് രക്ഷപ്പെട്ടത്. Also Read: 'ഞാന്‍ അവസാനമായി പറയട്ടെ' ; വിമാനം കത്തിയമരും മുമ്പ് യാത്രക്കാരന്‍ അയച്ച മെസേജ്...
ദക്ഷിണ കൊറിയന്‍ വിമാനക്കമ്പനിയായ ജെജു എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനമാണ് റണ്‍വേയില്‍ തകര്‍ന്ന് തീപിടിച്ചത്. ബാങ്കോക്കില്‍ നിന്നെത്തിയ വിമാനം ലാന്‍ഡിങ്ങില്‍ റണ്‍വേയിലൂടെ ഉരഞ്ഞുനീങ്ങി നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് മതിലില്‍ ഇടിക്കുകയായിരുന്നു. തീഗോളമായി മാറിയ വിമാനത്തിന്റെ വാലറ്റം ഒഴികെ പൂര്‍ണമായി കത്തിയമര്‍ന്നു. ജീവനക്കാരായ ഒരു പുരുഷനും സ്ത്രീയുമാണ് രക്ഷപെട്ടത്
യാത്രക്കാരില്‍ രണ്ട് തായ്‌ലന്‍ഡ് പൗരന്‍മാരും മറ്റുള്ളവര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരുമാണ്. വിമാനത്തിന്‍റെ ചിറകില്‍ പക്ഷി വന്നിടിച്ചതും കാലാവസ്ഥ അനുകൂലമല്ലാതിരുന്നതും അപകടകാരണമായെന്നാണ് നിഗമനം. റണ്‍വേയിലേക്ക് താഴ്ന്ന വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. വിമാനത്തിന് തകരാറുണ്ടായിരുന്നതായി യാത്രക്കാരുടെ സന്ദേശങ്ങള്‍ കുടുംബങ്ങള്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിന്‍റെ ബ്ലാക് ബോക്സില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച ദക്ഷിണ കൊറിയ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.