18 വര്‍ഷക്കാലം തന്നെ പൊന്നുപോലെ നോക്കിവളര്‍ത്തിയ അമ്മയ്ക്ക് പുതുജീവിതം സമ്മാനിച്ച മകന്‍റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. അമ്മയുടെ രണ്ടാം വിവാഹം സ്വയം മുന്‍കൈയെടുത്ത് നടത്തിയാണ് ഒരു പാക് യുവാവ് സൈബറിടത്ത് കയ്യടി വാങ്ങുന്നത്. ഇത്രയും കാലം തന്നെ നന്നായി നോക്കിയതിന് തന്റെ പ്രത്യുപകാരം എന്ന അടിക്കുറിപ്പോടെയാണ് ഹൃദയഹാരിയായ വിഡിയോ അബ്ദുൽ അഹദ് എന്ന യുവാവ് പങ്കുവച്ചിരിക്കുന്നത്. അമ്മയുമൊത്ത് കഴിഞ്ഞ നാളുകളിലെ നല്ല നിമിഷങ്ങളാണ് അഹദ് വിഡിയോയുടെ തുടക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹനാളില്‍ വധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന അമ്മയ്ക്കൊപ്പം തന്‍റെ വലിയൊരു ആഗ്രഹം നിറവേറ്റിയ സന്തോഷത്തില്‍ നില്‍ക്കുന്ന മകനെയും കാണിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അമ്മയ്ക്കും മകനും പൂര്‍ണപിന്തുണ അറിയിച്ച് രംഗത്തെത്തിയത്.
ഭര്‍ത്താവ് മരിച്ച ശേഷം അഹദിന്‍റെ അമ്മ ജീവിച്ചത് മുഴുവന്‍ മകനുവേണ്ടിയായിരുന്നു. ഒടുവില്‍ ആ മകന്‍ തന്നെ തീരുമാനിച്ചു, അമ്മയ്ക്കൊരു പുതുജീവിതം വേണം. അമ്മയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി, ഒടുവില്‍ അമ്മയുടെ പൂര്‍ണസമ്മതത്തോടെ അഹദ് അമ്മയെ സുരക്ഷിതമായ മറ്റൊരു കൈകളില്‍ ഏല്‍പ്പിച്ചു. ഏറെ സന്തോഷത്തോടെ അമ്മയുടെ രണ്ടാം വിവാഹത്തില്‍ പങ്കെടുക്കുന്ന വിഡിയോയില്‍ അമ്മയുമൊത്തുളള തന്‍റെ ജീവിതകഥ കൂടി പറയുകയാണ് അഹദ്.
'18 വർഷമായി ഞാൻ എന്റെ പരിമിധികള്‍ക്കുളളില്‍ നിന്ന് അമ്മയ്ക്ക് ഏറ്റവും നല്ല ജീവിതം നൽകാൻ ശ്രമിക്കുകയാണ്. എന്നാൽ അമ്മ അവരുടെ ജീവിതം മുഴുവന്‍ എനിക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നു. അവർ കൂടുതൽ സമാധാനപരമായ ഒരു ജീവിതം ഇപ്പോൾ അർഹിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ ഒരു ശരിയായ തീരുമാനമെടുത്തു. ജീവിതത്തില്‍ അമ്മയ്ക്ക് ഒരു രണ്ടാം അവസരം കൂടി ഉണ്ടാക്കിക്കൊടുക്കാൻ എനിക്ക് സാധിച്ചു, അതും 18 വർഷത്തിന് ശേഷം'; എന്നാണ് വിഡിയോയില്‍ അഹദ് കുറിച്ചിരിക്കുന്നത്.
വിവാഹവേഷത്തില്‍ അതീവസുന്ദരിയാണ് അമ്മയെന്ന് വിഡിയോ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. അഹദ് മികച്ച ഒരു മകനാണെന്നും ഇതിലും മികച്ച ഒരു സമ്മാനം അമ്മയ്ക്കിനി കൊടുക്കാനില്ലെന്നും വിഡിയോ കണ്ടവര്‍ പറയുന്നു. ഇതുപോലൊരു മകനെ ലഭിച്ച അമ്മ ശരിക്കും ഭാഗ്യവതിയാണെന്നും കുറിച്ച സോഷ്യല്‍ ലോകം അമ്മയ്ക്ക് പുതിയ ജീവിതത്തിന് ആശംസകളും നേര്‍ന്നു.