പാകിസ്ഥാനിലെ പഞ്ചാബിലെ അറ്റോക്ക് മേഖലയിൽ സ്വര്‍ണത്തിന്‍റെ കോടികള്‍ മൂല്യം വരുന്ന വൻതോതിലുള്ള നിക്ഷേപം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 32.6 മെട്രിക് ടൺ സ്വർണ്ണ ശേഖരമാണ് കണ്ടെത്തിയത് എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. പാകിസ്ഥാൻ രൂപ 600 ബില്യൺ വിലമതിക്കുന്നതാണ് ഈ നിക്ഷേപം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അറ്റോക്ക് മുതൽ തർബെല, മിയാൻവാലി വരെ 32 കിലോമീറ്റർ പ്രദേശത്തായിട്ടാണ് ഈ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. പാകിസ്ഥാൻ ജിയോളജിക്കൽ സർവേ നടത്തിയ ഗവേഷണത്തിലാണ് അമൂല്യമായ ‘മഞ്ഞ’ ലോഹത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. അറ്റോക്കിനടുത്ത് സിന്ധു, കാബൂൾ നദികൾ ചേരുന്നിടത്താണ് നിക്ഷേപം. തണുപ്പുകാലത്ത് നദിയിലെ ജലനിരപ്പ് കുറയുന്നതിനാല്‍ ഈ സ്വർണ നിക്ഷേപം കൂടുതല്‍ ദൃശ്യമാകുന്നു.
എന്നാൽ ഈ അമൂല്യസമ്പത്ത് പര്യവേഷണം ചെയ്യുന്നതിനെപ്പറ്റി വലിയ തര്‍ക്കമാണ് നിലനില്‍ക്കുന്നത്. ഈ പ്രദേശത്തെ പര്യവേക്ഷണ ശ്രമങ്ങളെ മൈൻസ് ആൻഡ് മിനറൽ ഡിപ്പാർട്ട്‌മെന്‍റിലെ മുതിർന്ന ഉദ്യോഗസ്ഥർ എതിർക്കുകയാണ്. അതേസമയം, സ്വർണം പര്യവേക്ഷണം ചെയ്യുന്നതിനുപകരം, കല്ല്, മണൽ സിങ്ക് ഖനനങ്ങള്‍ക്കായി പ്രദേശത്ത് മുതിർന്ന ഉദ്യോഗസ്ഥർ അനുവദിക്കുന്നുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കൂടാതെ, പഞ്ചാബ് ആഭ്യന്തര വകുപ്പ് നദിയിൽ നിന്ന് അനധികൃതമായി സ്വർണ്ണം ഖനനം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
അതേസമയം, പ്രദേശവാസികൾ സ്ഥിരമായി പ്രദേശത്തുകൂടി ഒഴുകുന്ന സിന്ധുനദിയില്‍ നിന്ന് പ്ലേസർ ഖനനം നടത്തുന്നതായും പറയപ്പെടുന്നു. മണലിൽ നിന്നോ ചരലിൽ നിന്നോ സ്വർണം പോലെയുള്ള ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്ന രീതിയാണിത്. എന്നാല്‍ നദിയിലെ അനധികൃത ഖനനം പൂർണമായും തടയാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.