നേപ്പാളില്‍ വന്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിബറ്റന്‍ അതിര്‍ത്തിക്കരികെയാണ് ഉണ്ടായത്. അസമിലും ബിഹാറിലും പശ്ചിമബംഗാളിലും, ഡല്‍ഹിയിലും ചെറുചലനങ്ങള്‍ അനുഭവപ്പെട്ടു. ബംഗ്ലദേശ്, ഭൂട്ടാന്‍, ചൈന എന്നിവിടങ്ങളിലും തുടര്‍ചലനങ്ങളുണ്ടായി. രാവിലെ ആറരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാലയ പ്രദേശമായ ലൊബൂചെയില്‍ നിന്നും 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നാശനഷ്ടങ്ങളുണ്ടായോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ശക്തമായ ചലനങ്ങളെ തുടര്‍ന്ന് ബിഹാറിലും അസമിലുമുള്ളവര്‍ പരിഭ്രാന്തരായി വീടുകള്‍ക്ക് പുറത്തിറങ്ങി.
ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാധ്യതാ പ്രദേശത്താണ് നേപ്പാള്‍ സ്ഥിതി ചെയ്യുന്നത്. 2015 ലെ ഭൂചലനം കനത്ത നാശമാണ് നേപ്പാളിലെങ്ങുമുണ്ടാക്കിയത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ 22 ദിവസമായി പ്രദേശം അതീവ നിരീക്ഷണത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലും ശക്തമായ ഭൂചലനമുണ്ടായേക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ 17നാണ് നിലവിലെ ഭൂചലനങ്ങളുടെ തുടക്കം. അടുത്ത ദിവസം നേപ്പാളിലെ പലയിടങ്ങളിലും ചെറുചലനങ്ങളുണ്ടായി. ഡിസംബര്‍ 20ന് 5.2 തീവ്രതയുള്ള ഭൂചലനം ബജുറയില്‍ അനുഭവപ്പെട്ടു.സിന്ധുപാല്‍ചോക്കില്‍ ജനുവരി 2 നും ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. അതേസമയം, അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും ദിവസം 10 ചെറുചലനങ്ങളെങ്കിലും നേപ്പാളില്‍ അനുഭവപ്പെടുന്നുണ്ടെന്നും സീനിയര്‍ ഡിവിഷണല്‍ സീസ്മോളജിസ്റ്റായ ഡോ. ലോക് ബിജയ അധികാരി പറയുന്നു.