ഇസ്രയേലില്‍ നിന്ന് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ ഹമാസിന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. താന്‍ അധികാരമേല്‍ക്കുന്ന ഈ മാസം 20 മുന്‍പ് തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വനാശമാകും ഫലമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. പാനമ കനാലും ഗ്രീന്‍ലന്‍ഡും അമേരിക്കന്‍ അധീനതയിലാക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു.
അമേരിക്കയുടെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടക്കുന്ന ഗാസ സമാധാന ചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ച് ഫ്ളോറിഡയിലെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോടായിരുന്നു ട്രംപിന്റെ പ്രതികരണം.
ജനുവരി 20ന് മുന്‍പ് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പശ്ചിമേഷ്യയിലെ ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്കൊഫ് പറഞ്ഞു. അമേരിക്കയുടെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. അതിനിടെ പാനമ കനാലും ഗ്രീന്‍ലന്‍ഡും അമേരിക്കന്‍ അധീനതയിലാക്കുമെന്ന് ആവര്‍ത്തിച്ച ട്രംപ് ഇതിനായി സൈനിക, സാമ്പത്തിക നടപടികള്‍ക്ക് മടിക്കില്ലെന്ന സൂചനയും നല്‍കി.
പാനമ കനാല്‍ ചൈനയുടെ നിയന്ത്രണത്തിലാണെന്നും അമേരിക്കന്‍ സാമ്പത്തികതാല്‍പര്യങ്ങള്‍ക്ക് ഇത് തിരിച്ചടിയാണെന്നുമാണ് ട്രംപിന്‍റെ വാദം. ഡെന്‍മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള നോര്‍ത്ത് അറ്റ്ലാന്‍റിക് സമുദ്രത്തിലെ ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. ഡെന്‍മാര്‍ക്ക് എതിര്‍ത്താല്‍ കടുത്ത സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഗ്രീന്‍ലന്‍ഡ് രാജ്യത്തിന്റെ ഭാഗമാണെന്നും വില്‍പനയ്ക്കുള്ളതല്ലെന്നും ഡെന്‍മാര്‍ക്ക് വ്യക്തമാക്കി.
ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ കഴിഞ്ഞ ദിവസം ഡെന്‍മാര്‍ക്ക് സന്ദര്‍ശിച്ചത് ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ബാറ്ററി നിര്‍മാണത്തിന് ഉതകുന്ന ധാതുക്കളാള്‍ സമ്പന്നമാണ് ഗ്രീന്‍ലാന്‍ഡ്. ബഹിരാകാശരംഗത്തും നിര്‍ണായകമായ വന്‍ ദ്വീപ് ട്രംപ് ഉന്നമിടുന്നതിന് പിന്നില്‍ വന്‍ ലക്ഷ്യങ്ങളുണ്ട്.