25 വയസിന് താഴെയുളള വിദ്യാര്‍ഥിനികള്‍ക്കായി റഷ്യ മുന്നോട്ടുവച്ച പുതിയൊരു പദ്ധതി രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായി മാറുന്നു. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്ന 25 വയസ്സിന് താഴെയുള്ള അമ്മമാര്‍ക്ക് ഇന്‍സെന്‍റീവ് നല്‍കുമെന്നാണ് വാഗ്ദാനം. ജനസംഖ്യാ നിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് റഷ്യ ഇത്തരമൊരു പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
25 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്ന വിദ്യാർഥിനികൾക്ക് 100,000 റൂബിൾസാണ് റഷ്യയിലെ കരേലിയ ഭരണകൂടം വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത് ഒരാള്‍ക്ക് ഏകദേശം 83,000 രൂപയിലധികം ലഭിക്കും. 18 നും 25നും ഇടയില്‍ പ്രായമുളളവരെ മാത്രമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക സർവകലാശാലയിലോ കോളേജിലോ മുഴുവൻ സമയ വിദ്യാർഥിനിയോ, കരേലിയയിലെ താമസക്കാരോ ആയിരിക്കണം അമ്മയാകാന്‍ ഒരുങ്ങുന്നയാള്‍ .എങ്കില്‍ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ.
നിയമത്തില്‍ പറയുന്ന പ്രകാരം വിദ്യാര്‍ഥിനി പ്രസവിക്കുന്ന കുഞ്ഞ് ആരോഗ്യമുളളതാണെങ്കില്‍ മാത്രമേ ഇന്‍സെന്‍റീവ് ലഭിക്കുകയുളളു. ഇക്കാര്യം കൃത്യമായി നിയമ വ്യവസ്ഥയിൽ പറയുന്നുണ്ട്. അതേസമയം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ജന്മം നൽകുന്ന വിദ്യാര്‍ഥിനികളെക്കുറിച്ച് നിയമവ്യവസ്ഥയില്‍ പ്രതിപാദിച്ചിട്ടില്ല. ഇക്കൂട്ടര്‍ ഇന്‍സെന്‍റീവിന് യോഗ്യരാണോ എന്ന നയം അധികൃതർ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കൂടാതെ ആനുകൂല്യത്തിനര്‍ഹരായ വിദ്യാര്‍ഥിനികള്‍ക്ക് പ്രസാവനന്തര ശുശ്രൂഷകള്‍ക്കും മറ്റുമായി കൂടുതല്‍ തുക ബോണസായി ലഭിക്കുമോ എന്നും വ്യക്തമല്ല.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ ജനനനിരക്ക് എത്തിയതോടെയാണ് റഷ്യ പുതിയ പദ്ധതി ആവിഷ്കരിച്ചത്. റഷ്യയുടെ ഫെഡറല്‍ സ്റ്റേറ്റ് സ്റ്റാറ്റിറ്റിക്സ് സര്‍വീസിന്‍റെ കണക്കുകള്‍ പ്രകാരം 2024ല്‍ 599,600 കുട്ടികള്‍ മാത്രമാണ് രാജ്യത്ത് ജനിച്ചത്. 2023നെ അപേക്ഷിച്ച് ജനന നിരക്കില്‍ 2.7 ശതമാനം കുറവ് വന്നതോടെയാണ് റഷ്യയുടെ പുതിയ നീക്കം. രാജ്യത്ത് നിലവില്‍ 11 ഇടങ്ങിലാണ് ഈ പദ്ധതി റഷ്യ ആവിഷ്കരിച്ചിരിക്കുന്നത്. ഉടനെ തന്നെ ജനന നിരക്ക് കൂട്ടാന്‍ കൂടുതല്‍ നടപടികള്‍ റഷ്യ മുന്നോട്ട് വയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.