എന്തുകൊണ്ട് ഗ്രീന്‍ലാന്‍ഡ് ട്രംപിനെ മോഹിപ്പിക്കുന്നു? അമേരിക്കയെപ്പോലെ സാമ്പത്തിക, പ്രതിരോധസുരക്ഷയുള്ളൊരു രാജ്യത്തിന് ഇനിയും ഭൂവിസ്തൃതി വര്‍ധിപ്പിക്കേണ്ടതുണ്ടോ? ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കണമെന്ന മോഹം നിയുക്ത പ്രസിഡന്റ് വെളിപ്പെടുത്തുമ്പോള്‍ ചോദ്യങ്ങള്‍ ഏറെയുണ്ട്. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കേണ്ടത് യുഎസിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമെന്നാണ് ട്രംപിന്‍റെ വാദം. വില്‍പനയ്ക്കു വച്ചിരിക്കുകയല്ലെന്ന് ഗ്രീന്‍ലാന്‍ഡ് മറുപടിയും നല്‍കിയിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡുകാര്‍ സ്വന്തം ഭാവി തീരുമാനിക്കട്ടെയെന്ന നിലപാടാണ് ഗ്രീന്‍ലാന്‍ഡിന് സാമ്പത്തിക സഹായം നല്‍കുന്ന ഡെന്‍മാര്‍ക്കിന്‍റെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സിനുള്ളത്. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ സൈനികനീക്കത്തിനുള്ള സാധ്യതയും ട്രംപ് തള്ളിയില്ലെന്നത് കാര്യത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതിനിടെയാണ് ട്രംപിന്‍റെ മൂത്തമകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിച്ചത്. ‘ഇല്ല ഞാന്‍ ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ പോകുന്നില്ല’ ഇതായിരുന്നു സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ ട്രംപ് ജൂനിയറിന്‍റെ പ്രതികരണം.
ഗ്രീന്‍ലാന്‍ഡിന്‍റെ ഭൂമിശാസ്ത്രം
ആര്‍ട്ടിക്– വടക്കേ അറ്റ്ലാന്‍റിക് സമുദ്രത്തിന് നടുവിലാണ് ഗ്രീന്‍ലാന്‍ഡിന്‍റെ സ്ഥാനം. യുഎസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയില്‍ നിന്ന് 3000 കിലോമീറ്റര്‍ ദൂരം. ന്യൂയോര്‍ക്കുമായി 2900 കിലോമീറ്റര്‍ അകലം. പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ 1979വരെ യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ കീഴിലായിരുന്നു. 1979ല്‍ ഹിതപരിശോധനയിലൂടെ സ്വയംഭരണം നേടി. ഡെന്‍മാര്‍ക്കിന് കീഴില്‍ സ്വയംഭരണാവകാശത്തോടെ തുടരുന്ന ഗ്രീന്‍ലാന്‍ഡിന് സാമ്പത്തിക സഹായം നല്‍കുന്നതും ഡെന്‍മാര്‍ക്കാണ്. ഡെന്‍മാര്‍ക്ക് നാറ്റോയുടെ ഭാഗമായതിനാല്‍ സ്വാഭാവികമായും ഗ്രീന്‍ലാന്‍ഡും അതിന്‍റെ ഭാഗമാണ്. പക്ഷേ, യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമല്ലതാനും.
ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയുടെ ഭാഗമായ ഗ്രീന്‍ലാന്‍ഡിന് സാംസ്കാരിക, രാഷ്ട്രീയ,വ്യാപാരബന്ധങ്ങളെല്ലാം യൂറോപ്പുമായാണ്. 57000 വരുന്ന ജനസംഖ്യ. ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിന്‍റെ 80 ശതമാനവും മഞ്ഞുമൂടിക്കിടക്കുകയാണ്. വര്‍ഷത്തില്‍ രണ്ട് മാസം മാത്രമാണ് തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കുന്നത്.
ഗ്രീന്‍ലാന്‍ഡ് തന്ത്രപ്രധാന ഇടമാകുന്നതെങ്ങനെ?
ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റല്ല ട്രംപ്. 1860കളില്‍ യുഎസ് ഭരിച്ച പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സനും ഇതേ അഭിപ്രായമുണ്ടായിരുന്നു. അതിന് പ്രധാനകാരണം അളവറ്റ ധാതുസമ്പത്തും തന്ത്രപ്രധാനമായ ഭൂമിശാസ്ത്രവുമാണ്. റഷ്യയുമായുള്ള ശീതയുദ്ധകാലത്തുതന്നെ ഗ്രീന്‍ലാന്‍ഡ് ഒരു തന്ത്രപ്രധാന സ്ഥലമാണെന്ന് യുഎസ് തിരിച്ചറിഞ്ഞിരുന്നു. അക്കാലത്ത് അവിടെ ഒരു റഡാര്‍ ബേസ് സ്ഥാപിക്കുകയും ചെയ്തു. റഷ്യയുടേയും ചൈനയുടേയുമടക്കം സമുദ്രനീക്കങ്ങള്‍ തിരിച്ചറിയാന്‍ ഗ്രീന്‍ലാന്‍ഡ് സഹായകരമാകുമെന്ന് ട്രംപ് വിശ്വസിക്കുന്നു. അതൊരു യാഥാര്‍ഥ്യവുമാണ്. യുഎസിന് സൈനിക ക്യാംപുള്ള ഗ്രീൻലാൻഡ് വഴി പോയാൽ യുഎസിൽനിന്ന് യൂറോപ്പിലെത്താനുള്ള ദൂരവും കുറയും.
ബാറ്ററികളും ഹൈ–ടെക് ഉപകരണങ്ങളും നിര്‍മിക്കുന്നതിനുള്ള അപൂര്‍വധാതുക്കളുടെ വന്‍ ശേഖരമാണ് ഗ്രീന്‍ലാന്‍ഡിനെ ശ്രദ്ധേയമാക്കുന്ന കാര്യങ്ങളിലൊന്ന്. വമ്പിച്ച കിടമല്‍സരത്തില്‍ ഗ്രീന്‍ലാന്‍ഡിന്‍റെ ധാതുസമ്പത്തിലും യുഎസ് കണ്ണുവയ്ക്കുന്നുണ്ട്. മത്സ്യവ്യാപാരമാണ് പ്രധാനവരുമാനസ്രോതസുകളിലൊന്ന്.
ദ്വീപില്‍ വലവിരിക്കുമോ ട്രംപ്?
ട്രംപിന്‍റെ ആഗ്രഹം യാഥാര്‍ഥ്യമാകാന്‍ ഏറെ കടമ്പകളുണ്ടാകും. ആഗ്രഹം എന്നതിനപ്പുറം നടപ്പാക്കുകയെന്നത് കഠിനമായിരിക്കുമെന്നുറപ്പാണ്. സഖ്യകക്ഷികളുടേതടക്കം എതിര്‍പ്പ് അവഗണിച്ച് ട്രംപ് അത്തരമൊരു തീരുമാനത്തിലേക്ക് കടക്കില്ലെന്ന് തന്നെയാണ് വിലയിരുത്തല്‍. പക്ഷേ, വിചിത്രതീരുമാനങ്ങളുടെ അപ്പോസ്തോലനായ ട്രംപ് എന്ത് തീരുമാനിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം.