ലൊസാഞ്ചലസില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം അഞ്ചാംദിനവും തുടരുന്നതിനിടയില്‍ ദുരന്തത്തിന്‍റെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമാക്കിയിട്ടുളള് ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ കാട്ടുതീ കാരണം വീടുപേക്ഷിച്ച് രക്ഷപ്പെടേണ്ടി വന്ന ഒരു ഇന്‍സ്റ്റാഗ്രാം യൂസര്‍ പങ്കുവച്ച ഭയപ്പെടുത്തുന്ന വിഡിയോയാണ് ശ്രദ്ധേയം. സമയമടക്കം രേഖപ്പെടുത്തിയ വിഡിയോ സ്റ്റോറിയില്‍ മലമുകളില്‍ ആളിക്കത്തിയ കാട്ടുതീ എത്രപെട്ടെന്നാണ് ജനവാസമേഖലകളിലേക്ക് എത്തിയതെന്ന് വ്യക്തം. തീക്കനല്‍ പാറി നടക്കുന്ന അന്തരീക്ഷവും വിഡിയോയില്‍ കാണാം.
കുന്നിന്‍റെ മുകളില്‍ ഒരു ടവറിനു താഴെ തീകത്തുന്നത് കണ്ട് പങ്കാളിയെ വിളിച്ച് എത്രയും പെട്ടെന്ന് നമുക്ക് ഇവിടെ നിന്ന് പോകണം എന്ന് പറയുന്ന യുവതിയില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. ശേഷം യുവതി മലമുകളിലെ തീപിടിച്ച ഇലക്ട്രിക് ടവറിലേക്ക് വിരല്‍ ചൂണ്ടുന്നു. ശേഷം ഇരുവരും അത്യാവശ്യ സാധനങ്ങളുമെടുത്ത് വീട് വിട്ടിറങ്ങുന്നതും. യാത്രാമധ്യേ തീ ആളിക്കത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 34 മിനിറ്റിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നതെന്ന് സമയം രേഖപ്പെടുത്തിയ വിഡിയോയില്‍ നിന്ന് വ്യക്തം. നിസ്സഹായരായി നില്‍ക്കുമ്പോള്‍ വീട്ടിലേക്ക് തീപടരാതിരിക്കാന്‍ വെള്ളം ഒഴിക്കുന്നതും ദൈവത്തോട് പ്രാര്‍ഥിക്കുന്നതും വിഡിയോയില്‍ കാണാം. ഞങ്ങളുടെ വീട് ഇനി കാണാന്‍ പറ്റില്ലെന്ന് കരുതിയെന്നും എന്നാല്‍ വീട് ഇപ്പോഴും നിലനിൽക്കുന്നതിൽ നന്ദിയുണ്ടെന്നും വിഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
അതേസമയം, ലൊസാഞ്ചലസില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം അഞ്ചാംദിനവും തുടരുന്നു. കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പതിനാറായി ഉയര്‍ന്നു. നിലവിലുള്ളതില്‍ ഏറ്റവും തീവ്രമായ പാലിസെയ്ഡ്സ് കാട്ടുതീ ജനവാസകേന്ദ്രത്തിലേക്ക് വ്യാപിക്കാതിരിക്കാന്‍ കഠിനശ്രമം തുടരുകയാണ്. കാറ്റിന്‍റെ ശക്തി കുറഞ്ഞതോടെ ഹോളിവുഡ് ഹില്‍സിലേടതടക്കം തീ ശമിപ്പിക്കാനായെങ്കിലും നാലിടങ്ങളില്‍ തീ തുടരുന്നുണ്ട്. മാന്‍ഡിവില്‍ കാന്യോന്‍റെ കിഴക്കോട്ട് തീ പടരുന്നതാണ് പ്രധാന ആശങ്കയെന്ന് ലൊസാഞ്ചലസ് വക്താവ് ജീസസ് റൂയിസ് പറഞ്ഞു. മലയോര പാതയായ ഇന്‍റര്‍സ്റ്റേറ്റ് 405 ന് അടുത്തേക്കെത്തുന്ന കാട്ടുതീ ജനവാസകേന്ദ്രത്തിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ഏറ്റവും വലിയ കാട്ടുതീ പടര്‍ന്ന പാലിസെയ്ഡില്‍ 11 ശതമാനവും ഈറ്റണില്‍ 15 ശതമാനവും മാത്രമാണ് തീയണയ്ക്കാനായത്. കെന്നെത് എണ്‍പതും ഹര്‍സ്റ്റ് 76 ശതമാനവും ശമിച്ചിട്ടുണ്ട്. ലിഡിയ ഫയര്‍ പൂര്‍മായും അണഞ്ഞിട്ടുണ്ടെന്നും കലിഫോര്‍ണിയ അധികൃതര്‍ വ്യക്തമാക്കി. 37000 ഏക്കര്‍ സ്ഥലമാണ് അഞ്ച് ദിനംകൊണ്ട് കത്തിച്ചാമ്പലായത്. 12000 കെട്ടിടങ്ങള്‍ നശിച്ചു. 15,000 കോടി ഡോളറിന്‍റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.