ഹോളിവുഡ് ഇതിഹാസം ബ്രാഡ് പിറ്റുമായി ഡേറ്റിങ്ങിലാണെന്ന വിശ്വാസത്തിലായിരുന്നു ഈ 53കാരി, 7കോടിയും നഷ്ടപ്പെട്ടപ്പോഴാണ് ചെറുതായെങ്കിലും ഒരു സംശയം തോന്നിയത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ വിഡിയോകോളില്‍ വന്ന് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ എങ്ങനെ നിരസിക്കും? ഏതായാലും സമ്പാദ്യമെല്ലാം വ്യാജ ബ്രാഡ്പിറ്റ് കൊണ്ടുപോയെന്ന് സ്ത്രീക്ക് ഇപ്പോഴും വിശ്വസിക്കാന്‍ വയ്യ. ഇതാണ് ഇന്നത്തെ ലോകം.
എഐ വഴി ബ്രാഡ് പിറ്റിന്റെ വേഷത്തിലെത്തി സമര്‍ത്ഥമായി സ്ത്രീയെ കബളിപ്പിച്ച് കോടികളും തട്ടിപ്പ് നടത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 53കാരിയായ ഫ്രഞ്ച് സ്വദേശി ആനിക്കാണ് പ്രിയതാരത്തിന്റെ പേരില്‍ കോടികള്‍ നഷ്ടപ്പെട്ടത്. താന്‍ ആശുപത്രിയിലാണെന്നും തനിക്ക് ധനസഹായം ആവശ്യമാണെന്നും ആനിയോട് എഐ നടന്‍ ആവശ്യമുന്നയിച്ചു. 2023 ഫെബ്രുവരിയിലാണ് തട്ടിപ്പിന്റെ തുടക്കം. അന്ന് ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്ന ആനിയ്ക്ക് സോഷ്യല്‍മീഡിയയിലൂടെ ഒരു സന്ദേശം വന്നു. ബ്രാഡ്പിറ്റിന്റെ അമ്മയാണെന്ന് അവകാശപ്പെട്ടായിരുന്നു ആ സന്ദേശം.
പിന്നാലെ ബ്രാഡ് പിറ്റാണെന്നും അവകാശപ്പെട്ട് സന്ദേശങ്ങള്‍ വന്നു. തന്റെ വിശ്വാസ്യത പിടിച്ചുപറ്റാനായുള്ള സന്ദേശങ്ങളായിരുന്നു പിന്നീട് കണ്ടത്. വളരെ മനോഹരമായ സംസാരമായിരുന്നുവെന്നും ആനി പറയുന്നു. ആദ്യഘട്ടത്തില്‍ അല്‍പം സംശയം തോന്നിയെങ്കിലും ആശുപത്രിയില്‍ കിടക്കുന്ന ബ്രാഡ്പിറ്റിന്റെ ദൃശ്യങ്ങളും ഫോട്ടോകളും അയക്കാന്‍ തുടങ്ങിയതോടെ ആനി പൂര്‍ണമായി വിശ്വസിച്ചു.
തുടർന്ന്, വ്യാജ ബ്രാഡ് പിറ്റ് ആനിയ്ക്ക് വിവാഹവാഗ്ദാനം നടത്തി,ആഡംബര സമ്മാനങ്ങൾ വാഗ്ദാനംചെയ്തു. എന്നാൽ, ഒരു പ്രശ്‌നം ഉണ്ടായിരുന്നു, ആ സമ്മാനങ്ങൾ ലഭിക്കാനായി ആനി ഉയര്‍ന്ന കസ്റ്റം ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഫീസ് അടയ്ക്കാമെന്ന് ആനി ഉറപ്പുനല്‍കിയതോടെ സാമ്പത്തികാവശ്യം വീണ്ടും കൂടി. വൃക്ക സംബന്ധമായ കാൻസറിന് ചികിത്സ നടത്തുകയാണെന്നും അടിയന്തിരമായി ഫണ്ട് ആവശ്യമാണെന്നും അവകാശപ്പെട്ടു. എന്നാല്‍ ആഞ്ചലീനയുമായി വിവാഹമോചനക്കേസ് നടക്കുകയായതിനാല്‍ സ്വന്തം പണം ആക്‌സസ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും ആനിയെ പറഞ്ഞ് ബോധ്യപ്പെടുത്തി.
ഏകദേശം ഒരു മില്യണ്‍ യൂറോ ആനിക്ക് ഈ വ്യാജ ബ്രാഡ്പിറ്റ് ബന്ധത്തിലൂടെ നഷ്ടമായി. പിന്നെയൊരു സുപ്രഭാതത്തില്‍ സാക്ഷാല്‍ ബ്രാഡ്പിറ്റും തന്റെ പുതിയ ഗേള്‍ഫ്രണ്ട് ഐനസ് ഡി റാമനുമൊപ്പമുള്ള ഒരു ഫോട്ടോ കണ്ടപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് ആനി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആനി പൊലീസിനെ സമീപിച്ച് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. 7കോടി നഷ്ടപ്പെട്ട ആനി കടുത്ത മാനസികസമ്മര്‍ദ്ദത്താല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നു.