വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷവും ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഇന്നലെ രാത്രി തുടങ്ങിയ ആക്രമത്തില്‍ 73പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഗാസയുടെ വിവിധയിടങ്ങളില്‍ വ്യോമാക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള സിവില്‍ ഡിഫന്‍സ് ഏജന്‍സി വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ 24 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പ്രതികരിച്ചിട്ടില്ല.
Read Also: ചര്‍ച്ച ഫലം കണ്ടു; ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു
ഗാസ വെടിനിർത്തൽ കരടുരേഖ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനോടു ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. 15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുൻകയ്യെടുത്തു ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ചർച്ചയിലാണു കരടുരേഖയായത്. 20നു ഡോണൾഡ് ട്രംപ് അധികാരമേൽക്കും മുൻപു വെടിനിർത്തൽ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈഡൻ ഭരണകൂടം മധ്യസ്ഥതയ്ക്കിറങ്ങിയത്.
ചർച്ച അവസാനഘട്ടത്തിലാണെന്നും ഇതുവരെയുള്ള കാര്യങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. ചർച്ചയിൽ പുരോഗതിയുണ്ടെന്നും വിശദാംശങ്ങളിൽ അന്തിമ തീരുമാനമാകേണ്ടതുണ്ടെന്നുമാണ് ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച ചട്ടക്കൂടിനുള്ളിൽ യുഎൻ രക്ഷാസമിതി അംഗീകരിച്ച വെടിനിർത്തൽ കരാർ 3 ഘട്ടമായാണു നടപ്പിലാക്കുക. 42 ദിവസമുള്ള ഒന്നാം ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെയും മോചിപ്പിക്കും.