Inaugural Balls Obama

യുഎസ് മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയും ഭാര്യ മിഷേലും ലോകശ്രദ്ധയാര്‍ഷിച്ച ദമ്പതിമാരാണ്. ഇരുവരും അകല്‍ച്ചയിലാണെന്നും വേര്‍പിരിയലിന്‍റെ വക്കിലാണെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അടുത്തയിടെ നടന്ന രണ്ട് പൊതുചടങ്ങുകളില്‍ മിഷേല്‍, ഒബാമയ്ക്കൊപ്പം പങ്കെടുത്തിരുന്നില്ല. യുഎസ് മുന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ സംസ്കാരച്ചടങ്ങിലും ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിലുമാണ് മിഷേലിന്‍റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ഇരുവരും തമ്മില്‍ അസ്വാരസ്യം രൂക്ഷമാണെന്നും വേര്‍പിരിയുകയാണെന്നും പിന്നാലെ വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു. മിഷേല്‍ പൊതുചടങ്ങുകളില്‍ ഒബാമയ്ക്കൊപ്പം പങ്കെടുക്കാതെ ഒഴിഞ്ഞുവെന്നത് ഒബാമയുടെ ഓഫിസ് സ്ഥിരീകരിച്ചുവെങ്കിലും കാരണം വിശദമാക്കിയിട്ടില്ല. 

michelle-obama

അതേസമയം, ഇരുവരുടെയും ബന്ധം സുദൃഢമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അവാസ്തവമാണെന്നുമാണ് ഒബാമ അനുകൂലികള്‍ പറയുന്നത്. രാഷ്ട്രീയപരമായ ഭിന്നതയാകാം മിഷേല്‍ ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നതിന്‍റെ കാരണമെന്നും ഇതില്‍ വ്യക്തിപരമായി ഒന്നും ചികയേണ്ടതില്ലെന്നും മറ്റൊരാള്‍ കുറിച്ചു. 'മിഷേല്‍ കാര്യഗൗരവമുള്ള വ്യക്തിയാണെന്നും ജിമ്മി കാര്‍ട്ടറുടെ സംസ്കാരച്ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് 'വേര്‍പിരിയല്‍' പ്രഖ്യാപിക്കാന്‍ മാത്രം വിഡ്ഢിയല്ലെന്നും കുറച്ചെങ്കിലും ചിന്തിച്ച് ജീവിക്കൂവെന്നും മറ്റൊരാളും കുറിച്ചു. 

പാരമ്പര്യം തെറ്റിച്ച് മിഷേല്‍

US-STATE-FUNERAL-HELD-IN-WASHINGTON-DC-FOR-FORMER-PRESIDENT-JIMM

ട്രംപിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ മിഷേല്‍ വിട്ടുനിന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.  ഈ ചടങ്ങില്‍ മുന്‍ യുഎസ് പ്രസിഡന്‍റുമാരും പ്രഥമ വനിതകളും ഒന്നിച്ച് പങ്കെടുകയാണ് പതിവ്. ഇതിന് മുന്‍പ് നടന്ന ജിമ്മി കാര്‍ട്ടറുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന് 'മറ്റു പരിപാടികള്‍ക്കിടയില്‍' ആയിപ്പോയെന്ന വിശദീകരണമാണ് അവര്‍ നല്‍കിയത്.  ട്രംപിനും ജോര്‍ജ് ബുഷിനുമൊപ്പമാണ് ചടങ്ങില്‍ ഒബാമ ഇരുന്നത്.  

'എടുത്തെറിയാന്‍ തോന്നിയിട്ടുണ്ട്'; മിഷേല്‍ അന്ന് പറഞ്ഞത്

ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ നിരവധി ത്യാഗം സഹിച്ചതായി പലവട്ടം ഇരുവരും തുറന്ന് പറ‍ഞ്ഞിട്ടുണ്ട്. വീട്ടിലെ ജനാലയിലൂടെ ഒബാമയെ തള്ളി പുറത്തേക്കിട്ടാലോ എന്ന് വരെ താന്‍ ചിന്തിച്ചിട്ടുണ്ടെന്ന് ഒരിക്കല്‍ മിഷേല്‍ പോഡ്കാസ്റ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍  പ്രസിഡന്‍റായിരുന്ന കാലത്ത് കുടുംബജീവിതത്തില്‍ കനത്ത അടിയൊഴുക്കുകളുണ്ടായിട്ടുണ്ടെന്നായിരുന്നു, എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന ഓര്‍മക്കുറിപ്പില്‍ ഒബാമ എഴുതിയത്. ദുര്‍ഘട സമയങ്ങളില്‍ മടുത്ത് ഒഴിവാക്കാതെ ഒന്നിച്ച് മുന്നോട്ട് പോയത് കൊണ്ട് സന്തോഷമേറിയ നിമിഷങ്ങള്‍ പിന്നീട് ഉണ്ടായെന്നും മിഷേലും ഒബാമയും വ്യക്തമാക്കിയിട്ടുമുണ്ട്. ' 32 വര്‍ഷത്തെ സഹജീവിതം, ഇതിലും നല്ല ഒരു പങ്കാളിയെയും സുഹൃത്തിനെയും ജീവിതം പങ്കിടാനെനിക്ക് കിട്ടില്ലെന്നായിരുന്നു വിവാഹ വാര്‍ഷിക ആശംസ പങ്കിട്ട് ഒബാമ  കഴിഞ്ഞ വര്‍ഷം കുറിച്ചത്.

NETFLIX-OBAMA/

ഒബാമയുടെയും മിഷേലിന്‍റെയും പ്രണയം

1989 ല്‍ ഷിക്കാഗോയിലെ നിയമസ്ഥാപനത്തില്‍ വച്ചാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടത്. ഒബാമയുടെ മെന്‍ററായിരുന്നു അന്ന് മിഷേല്‍. രണ്ട് വര്‍ഷത്തെ ഡേറ്റിങിനൊടുവില്‍ ഒബാമ മിഷേലിനോട് വിവാഹാഭ്യര്‍ഥന നടത്തി. 1992ല്‍ ഇരുവരും വിവാഹിതരായി. മലിയ എന്നും സാഷയെന്നും പേരുള്ള രണ്ട് പെണ്‍മക്കളും ഇരുവര്‍ക്കുമുണ്ടായി. ലോകം മുഴുവന്‍ മാതൃകയാക്കിയ കുടുംബമായിരുന്നു ഒബാമയുടേത്. അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും ഒബാമ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ENGLISH SUMMARY:

Speculation is growing about a possible rift between Barack and Michelle Obama after her absence from two major public events. Rumors on social media point to marital or political reasons, reigniting public interest in their relationship.