തീമഴ പൊഴിച്ച ഗാസയുടെ ആകാശത്ത് സമാധാനത്തിന്‍റെ നീലിമ തെളിയുമോ?. പതിനഞ്ചുമാസം നീണ്ട നിഷ്ഠുര ആക്രമണങ്ങളില്‍ പൊലിഞ്ഞ 46,876 ജീവനുകളാണ് ഈ യുദ്ധബാക്കി. പരുക്കേറ്റ ഒരു ലക്ഷത്തിലേറെപ്പേര്‍. ഗാസ ബാക്കിവയ്ക്കുന്നത് എന്താണ് എന്ന ചോദ്യത്തിന് കണ്ണീരും വേദനയുമെന്നല്ലാതെ മറ്റൊരുത്തരമില്ല.
41 കിലോമീറ്റര്‍ നീളവും 6 മുതല്‍ 12 കിലോമീറ്റര്‍ വരെ വീതിയുമുള്ള 365 ചതുരശ്ര കിലോമീറ്ററില്‍ ചെറിയൊരു മേഖല. 23 ലക്ഷം ജനങ്ങള്‍ ജീവിച്ചിരുന്നയിടം. യുദ്ധത്തിന് മുമ്പുള്ള ഗാസ. സ്വാതന്ത്ര്യത്തിന് ഇസ്രയേലും ഹമാസും വരച്ച അതിരുകളുണ്ടായിരുന്നെങ്കിലും ശാന്തമായിരുന്നു ഗാസ. 2023 ഒക്ടോബർ 7 ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് മിന്നലാക്രമണം നടത്തുംവരെ. ലോകത്തെ ഏറ്റവും പേരുകേട്ട രഹസ്യാന്വേഷണ ഏജന്‍സിയെന്ന് ഇസ്രയേല്‍ ഊറ്റം കൊള്ളുന്ന മൊസാദിന് ഒരു സൂചനപോലും കിട്ടിയില്ല. 20 മിനിറ്റിനുള്ളില്‍ 2200 ലേറെ റോക്കറ്റുകള്‍. രാജ്യം മുഴുവന്‍ ഇസ്രയേല്‍ വിന്യസിച്ചിട്ടുള്ള മിസൈല്‍ പ്രതിരോധസംവിധാനമായ അയണ്‍ ഡോം പോലും നിഷ്പ്രഭമായി. മരണം 1500 കടന്നു. 250 പേരെ ബന്ദികളാക്കി
ഞെട്ടലില്‍ നിന്ന് മുക്തമായ ഉടന്‍ ഇസ്രയേല്‍ തിരിച്ചടി തുടങ്ങി. പിറ്റേന്ന് തന്നെ യുദ്ധപ്രഖ്യാപനം. ഗസയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. എല്ലാ അര്‍ഥത്തിലും ഇരുട്ടിലായ ഗസയില്‍ മിസൈലുകളുടെ തീവെളിച്ചം മാത്രം. ഇസ്രയേലിന് എല്ലാ പിന്തുണയുമായി ബലിസ്റ്റിക് മിസൈലുകളും, ഫൈറ്റര്‍ വിമാനങ്ങളുമായി യുഎസ്‍ യുദ്ധക്കപ്പലുകള്‍ ചെങ്കടലില്‍ നിരന്നു. വടക്കന്‍ ഗാസ ഉടന്‍ ഒഴിയണമെന്ന ഇസ്രയേലിന്‍റെ അന്ത്യശാസനത്തെ തുടര്‍ന്ന് തെക്കന്‍ ഗാസയിലേക്ക് കൂട്ടപ്പലായനം. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, രോഗികള്‍, പ്രായമായവര്‍. നരകയാതനകള്‍ വിരിച്ച പാതകളില്‍, ജീവനും മരണത്തിനുമിയിലുള്ള നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര. ഒപ്പമുള്ളവരെ നാളെ കാണുമോ എന്നറിയില്ല. ബോംബുകളുടെ തീമഴ അതിജീവിച്ച പലർക്കും പ്രിയപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ പോലും കിട്ടിയില്ല. ആശുപത്രിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ടണലുകളില്‍ ഹമാസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് നെതന്യാഹുവിന്റെ സൈന്യം ആശുപത്രികളെല്ലാം നിര്‍ദയം ബോംബിട്ടു തകര്‍ത്തു. വൈദ്യുതിയില്ലാത്തതുകൊണ്ട്, ആശുപത്രിയില്‍ ശ്വാസംകിട്ടാതെ മരിച്ച പിഞ്ചുജീവനുകള്‍, താലോലിച്ച കരങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന കുഞ്ഞുമൃതദേഹങ്ങള്‍ വാരിയെടുക്കേണ്ടിവന്ന ഹതഭാഗ്യരായ അച്ഛനമ്മമാര്‍, പെയ്തിറങ്ങിയ ബോംബുകള്‍ക്കിടയില്‍ പ്രിയപ്പെട്ടവര്‍ കത്തിയമരുന്നത് കണ്ടിട്ടും, യാത്ര തുടരേണ്ടിവന്നവര്‍. സഹായം എത്തേണ്ട എല്ലാവഴികളും ഇസ്രയേല്‍ കൊട്ടിയടച്ചു. വെള്ളമില്ല, വൈദ്യുതിയില്ല, മരുന്നില്ല. അഭയമില്ല. കൊടുംപട്ടിണി.
അതിജീവനം എന്ന വാക്കിന് ഒരുപക്ഷേ ഗാസയ്ക്ക് അപ്പുറത്തേക്ക് മറ്റൊരു വാക്കുണ്ടാകില്ല. നിഷ്ക്കളങ്കമായ, ജീവനറ്റ കുഞ്ഞുമുഖങ്ങള്‍ കണ്ടുകണ്ട് ലോകം മരവിച്ചു. അറബ് രാജ്യങ്ങള്‍ പോലും രക്ഷയ്ക്കെത്താതെ മടിച്ചു നിന്നു. ഹമാസിന് പിന്തുണ നല്‍കിയ ഇറാനെയും ഹിസ്ബുല്ലയും യെമനിലെ ഹൂതി വിമതരെയും ബെന്യമിന്‍ നെതന്യാഹു ലക്ഷ്യമിട്ടു. ഇറാൻ സന്ദർശനത്തിനിടെ ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാന്‍റെ അതീവ സുരക്ഷാമേഖലയിലെ ഓപറേഷന്‍റെ ഉദ്ദേശം ഒരു തിരിച്ചടിക്ക് ഇറാനെ നിര്‍ബന്ധിതമാക്കുക കൂടിയായിരുന്നു. മോശം സാമ്പത്തികസ്ഥിതിയില്‍ തിരിച്ചടിക്ക് ശേഷിയില്ലാത്ത ഇറാന്‍ മൗനം പാലിച്ചു. തെക്കന്‍ ലെബനനിലെ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം തമ്പടിച്ചു. 2024 സെപ്റ്റംബർ 17ന് ലെബനനില്‍ ഹിസ്ബുല്ല നേതാക്കള്‍ ഉപയോഗിച്ചിരുന്ന 3000 പേജറുകള്‍ ഒരുമിച്ച് പൊട്ടിത്തെറിച്ച് പ്രധാനപ്പെട്ട ഹിസ്ബുല്ല നേതാക്കള്‍ കൊല്ലപ്പെട്ടു. ലോകത്തെ ഞെട്ടിച്ച് മൊസാദ് അതിസൂക്ഷ്മ ആക്രമണം.പിന്നാലെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ കൊല. ഹിസ്ബുല്ലയുടെ പതനം പൂര്‍ണമായി. ഹമാസ് ഉന്നതനേതാവ് യഹ്യ സിൻവർ കൂടി കൊല്ലപ്പെട്ടതോടെ പ്രതിരോധത്തിന് ശക്തി കുറഞ്ഞു. യുഎസില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ നെതന്യാഹുവിനും ഒരു സമവായം അനിവാര്യമായിരുന്നു, പലവട്ടം പാളിയ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ജീവന്‍ വച്ചു. ഒടുവില്‍ 15 മാസങ്ങള്‍ക്ക് ശേഷം സമാധാനത്തിലേക്ക് ഗാസ തിരികെ നടക്കുകയാണ്. തച്ചുടച്ച ജീവിതങ്ങള്‍ക്കും, ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ക്കും, തിരിച്ചുകിട്ടാത്ത ജീവനുകള്‍ക്കും, ചരിത്രം മാപ്പു നല്‍കില്ല. സമാധാനത്തിന്റെ സ്വാതന്ത്ര്യത്തിന്‍റെ സൂര്യവെളിച്ചം ഗാസയ്ക്ക് മുകളിലുദിക്കട്ടെ?