അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ട്രംപിന്റെ ആദ്യ ഉത്തരവുകള്‍ എന്തെന്ന ആകാംക്ഷയില്‍ ലോകം. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിക്ക് ഉത്തരവിടുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ടിക് ടോക് നിരോധനത്തിനെതിരെയും ട്രംപിന്റെ നടപടിയുണ്ടാകും. അധികാരമേറ്റെടുക്കാനായി ട്രംപ് വാഷിങ്ടണ്‍ ഡിസിയിലെത്തി.
ഇന്ത്യന്‍ സമയം നാളെ രാത്രി പത്തരയ്ക്കാണ് ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞയ്ക്കായുള്ള സജ്ജീകരണങ്ങള്‍ വാഷിങ്ടണ്‍ ഡിസിയില്‍ അന്തിമഘട്ടത്തിലാണ്. അധികാരമേറ്റാല്‍ നൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനമായ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടിക്ക് ട്രംപിന്റെ ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുടിയേറ്റ മേഖലകളില്‍ റെയ്ഡും കസ്റ്റഡിയും ഉള്‍പ്പെടെ കര്‍ശനനടപടികളിലേക്ക് അതിവേഗം നീങ്ങാനാണ് സാധ്യത. അനധികൃത കുടിയേറ്റക്കാര്‍ ഏറെയുള്ള ഷിക്കാഗോ കേന്ദീകരിച്ചാകും നടപടികള്‍. അധികാരമേറ്റാല്‍ 24 മണിക്കൂറിനകം യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിലും ട്രംപിന്റെ നീക്കം ഏവരും ഉറ്റുനോക്കുന്നു. വെടിനിര്‍ത്തലിനായി യുക്രെയ്ന്‍ പ്രസിഡന്റിനുമേല്‍ ട്രംപിന്റെ സമ്മര്‍ദമുണ്ട്. ടിക് ടോക് നിരോധനമാണ് മറ്റൊരു പ്രധാനവിഷയം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ടിക്ടോക്കിന്റെ പ്രവര്‍ത്തനം ഇന്ന് അമേരിക്കയില്‍ നിലയ്ക്കും. മുന്‍പ് ടിക് ടോക്ക് വിലക്കിനെ എതിര്‍ത്തിരുന്ന ട്രംപ് നിലപാട് മാറ്റി. 170 ദശലക്ഷം വരിക്കാരുള്ള ടിക് ടോക് അമേരിക്കന്‍ ഉടമസ്ഥതയില്‍ വരണമെന്നാണ് ട്രംപ് പറയുന്നത്. ഇതിനായി പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് 90 ദിവസത്തേക്ക് നിരോധനം മരവിപ്പിക്കാനും സാധ്യതയുണ്ട്. HOLD അതിനിടെ ട്രംപിനെതിരെ വാഷിങ് ടണ്‍ ഡിസിയില്‍ പ്രതിഷേധറാലികള്‍ നടന്നു. ഏകാധിപത്യനിലപാടുകള്‍ക്കും സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കുമെതിരെയാണ് വിവിധ ഗ്രൂപ്പുകളുടെ പ്രതിഷേധം