ടിക് ടോക്കിന്‍റെ പേരില്‍ യുഎസില്‍ നടക്കുന്ന നാടകങ്ങള്‍ അവസാനിക്കുന്നില്ല. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ടിക്ടോക്ക് നിരോധിച്ച് 24 മണിക്കൂറിനുള്ളില്‍ ആപ്പ് തിരിച്ചുവന്നിരിക്കുകയാണ്. അധികാരത്തിലെത്തുന്നതിന് മുന്‍പ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടലിലാണ് ആപ്പ് തിരികെ എത്തിയത്.
ടിക് ടോക്ക് നിരോധനം നടപ്പാക്കുന്നത് വൈകിപ്പിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുകയാണെന്ന് തിങ്കളാഴ്ച ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ യുഎസ് വിപണിയില്‍ ടിക്ടോക്കിന് നിലനില്‍ക്കണമെങ്കില്‍ 50 ശതമാനം ഉടമസ്ഥാവകാശം യുഎസ് സ്ഥാപനത്തിന് വില്‍ക്കേണ്ടതായി വരും. ടിക്ടോക്ക് തിരികെ വന്നെങ്കിലും ആശങ്കയില്‍ നില്‍ക്കുന്നത് ക്രിയേറ്റര്‍മാരാണ്.
ടിക്ടോക്ക് വഴി യുഎസില്‍ സമ്പാദ്യം ഉണ്ടാക്കികൊണ്ടിരിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് മുട്ടന്‍ പണിയാണ് നിരോധനം വഴി കിട്ടുക. ഇതിലൊരാളാണ് 20 കാരിയായ ടിക്ടോക്കര്‍ ചാർലി ഡി അമേലിയോ. ഫോബ്സ് റിപ്പോര്‍ട്ട് പ്രകാരം 2024 ല്‍ ടിക്ടോക്കിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയ ക്രിയേറ്ററാണ് ചാര്‍ലി ഡി അമേലിയോ.
23.5 മില്യണ്‍ ഡോളറാണ് 2024 ല്‍ അമേലിയോ ടിക്ടോക്കിലൂടെ നേടിയത്. 203.33 കോടി രൂപയ്ക്ക് മുകളില്‍ വരും ഈ 20 കാരിയുടെ വരുമാനം. 2.50 ലക്ഷം ഡോളറാണ് ഒരു പോസ്റ്റിന് 20 കാരി വാങ്ങുന്നത്. ടിക്ടോക്കില്‍ 50 മില്യണ്‍, 100 മില്യണ്‍ ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കുന്ന താരവും ചാര്‍ലി ഡി അമേലിയോ തന്നെ. 2021 ല്‍ 18-ാം വയസ് മുതല്‍ തന്നെ ടിക് ടോക്കില്‍ നിന്നും ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന വനിതയാണ് അമേലിയോ
15.6 കോടി പേരാണ് ടിക്ടോക്കില്‍ അമേലിയോയെ പിന്തുടരുന്നത്. നൃത്തവും ചുണ്ടുകൾ സമന്വയിപ്പിക്കുന്ന വീഡിയോകളുമാണ് അമേലിയയുടെ കണ്ടന്‍റുകളില്‍ പ്രധാനം. ഫോളോവേസിന്‍റെ എണ്ണക്കൂടുതലാണ് കോസ്‌മെറ്റിക് ബ്രാൻഡായ ഗാർനിയറിന്‍റെ പരസ്യ കാംപയിനിലേക്കും ഡി'അമേലിയോ എന്ന സ്വന്തം ഫുട്‌വെയർ ബ്രാന്‍ഡ് ആരംഭിക്കാനും അമേലിയോയ്ക്ക് സഹായകമായത്.
2004 മേയ് ഒന്നിനാണ് അമേലിയോ ജനിക്കുന്നത്. ഫോട്ടോഗ്രാഫറും മോഡലുമായിരുന്ന ഹെയ്ദി ഡി അമേലിയോയയുടെയും മുന്‍ റിപ്പബ്ലിക്കന്‍ സെനററ്റ് അംഗമായ മാര്‍ക് ഡി അമേലിയോയയുടെയും മകളാണ്.