2021 ഡിസംബർ 16-ന് കാബൂളിലെ ഷഹർ-ഇ നാവിൽ നടന്ന പ്രകടനത്തിനിടെ അഫ്ഗാൻ വനിത താലിബാനുമായി സംസാരിക്കുന്നു. (ഫയല്‍ ചിത്രം AFP)
സ്ത്രീകള്‍ക്കെതിരായ പീഡനകേസില്‍ താലിബാന്‍ പരമോന്നത നേതാവ് ഹിബതുല്ലഹ് അഖുൻസാദ് അടക്കമുള്ള മുന്‍നിര താലിബാന്‍ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ രാജ്യാന്തര ക്രിമിനല്‍ കോടതി ഉത്തരവിട്ടു. അഖുന്‍സാദിനൊപ്പം ചീഫ് ജസ്റ്റിസ് അബ്ദുൾ ഹക്കിം ഹഖാനിയെയും അറസ്റ്റ് ചെയ്യാനാണ് ചീഫ് പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ ഉത്തരവിട്ടത്. എന്നാല്‍ രാജ്യാന്തര ക്രിമിനല്‍ കോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി.
പെൺകുട്ടികളും സ്ത്രീകളും എൽജിബിടിക്യു+ സമൂഹവും നേരിടുന്ന പീഡനങ്ങളുടെ ക്രിമിനൽ ഉത്തരവാദിത്തം താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്‌സാദയ്ക്കും ചീഫ് ജസ്റ്റിസ് അബ്ദുൾ ഹക്കിം ഹഖാനിക്കുമാണെന്ന് കോടതി വ്യക്തമാക്കി. 2021-ൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം, സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ വിലക്കുന്ന 80 ഓളം ഉത്തരവുകൾ താലിബാൻ പുറപ്പെടുവിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ആറാം ക്ലാസിന് ശേഷം വിദ്യാഭ്യാസം നേടുന്നതിനും പൊതു ഇടങ്ങളിൽ ഒറ്റയ്ക്ക് പോകുന്നതിനും ജോലി ചെയ്യുന്നതിനും താലിബന്‍ വിലക്കുണ്ട്. സ്ത്രീകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ജനാലകളും ഈയിടെ താലിബാന്‍ വിലക്കിയിരുന്നു. സ്ത്രീകളുമായി ബന്ധമില്ലാത്ത പുരുഷന്മാരെ കാണാതിരിക്കാനായിരുന്നു ഈ നടപടി.
കോടതി വിധിയെ താലിബാന്‍ വിദേശകാര്യ മന്ത്രിലായം അപലപിച്ചു. രാജ്യത്ത് സമാധാനം നിലനില്‍ക്കുമ്പോള്‍ നേതൃത്വത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണ് കോടതി ചെയ്യുന്നതെന്ന് താലിബാന്‍ കുറ്റപ്പെടുത്തി. വിദേശ ശക്തികളും അവരുടെ സഖ്യകക്ഷികളും പതിറ്റാണ്ടുകളായി നടത്തുന്ന യുദ്ധത്തിനും കുറ്റകൃത്യങ്ങൾക്കും നേരെ കോടതി കണ്ണടച്ചിരിക്കുകയാണെന്ന് മന്ത്രാലയം ആരോപിച്ചു.