ബംഗ്ലദേശിനെതിരെ കടുത്ത നടപടിയുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എല്ലാ സഹായപദ്ധതികളും നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടു. വിവിധരാജ്യങ്ങള്‍ക്കുള്ള സഹായധനം താല്‍ക്കാലികമായി മരവിപ്പിച്ചതിന് പിന്നാലെയാണ് ബംഗ്ലദേശിനെതിരായ നടപടി.
1971ല്‍ ബംഗ്ലദേശ് സ്ഥാപിതമായതുമുതല്‍ ഏറ്റവുമധികം സഹായം നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. വിവിധരാജ്യങ്ങളുടെ വികസനത്തിനുള്ള യുഎസ് ഏജന്‍സി നിലവില്‍ നല്‍കുന്ന സഹായധനം, കരാറുകള്‍, ഗ്രാന്‍ഡുകള്‍, സഹായപദ്ധതികള്‍ എന്നിവ മരവിപ്പിക്കുന്നതായുള്ള എക്സിക്യുട്ടീവ് ഉത്തരവ് പുറത്തിറങ്ങി. ആരോഗ്യം, ഭക്ഷ്യസുരക്ഷ, അടിസ്ഥാന വിദ്യാഭ്യാസം, പാരിസ്ഥിതിക പദ്ധതികള്‍ തുടങ്ങിയവയ്ക്കാണ് യുഎസ് സഹായം നല്‍കി വരുന്നത്. മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് കടുത്ത തിരിച്ചടിയാണ് ട്രംപിന്റെ നടപടി.
വിദേശരാജ്യങ്ങള്‍ക്കുള്ള സഹായധനം, വിലയിരുത്തുന്നതിനായി 90ദിവസത്തേക്ക് മരവിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലദേശിനെതിരായി യുഎസ് ഏജന്‍സിയുടെ നടപടി. ഷെയ്ഖ് ഹസീനയുടെ സ്ഥാനചലനത്തിന് പിന്നാലെ മുഹമ്മദ് യൂനിസ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ കാരണം വ്യക്തമാക്കാതെയാണ് ഔദ്യോഗികപ്രസ്താവന. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിനായി യുഎസിലെത്തിയ എസ്.ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയയുമായി ബംഗ്ലദേശിലെ സ്ഥിതിഗതികള്‍ ചര്‍ച്ച നടത്തിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവും ആശങ്കയായി ഇന്ത്യ അറിയിച്ചതായാണ് വിവരം.