Emergency services operate at Gravelly Point, after American Eagle flight 5342 collided with a helicopter while approaching Reagan Washington National Airport and crashed in the Potomac River, in Arlington, Virginia, U.S. January 29, 2025. REUTERS/Elizabeth Frantz
വാഷിങ്ടണില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 മരണം. വിമാനത്തിലും ഹെലികോപ്റ്ററിലുമായുണ്ടായ 67 പേരാണ് അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നുവീണ പട്ടോമക് നദിയില്‍ തിരച്ചില്‍ തുടരുകയാണ്. യു.എസ്. ഫിഗര്‍ സ്കേറ്റിങ് താരങ്ങളും പരിശീലകരും അപകടത്തില്‍പ്പെട്ടവരുടെ കൂട്ടത്തിലുണ്ട്
അറുപത് യാത്രക്കാരും നാലുജീവനക്കാരുമായി അമേരിക്കയിലെ കന്‍സാസില്‍ നിന്ന് വാഷിങ്ടണിലേക്ക് പോയ അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ വിമാനമാണ്, യു.എസ് സൈന്യത്തിന്‍റെ പരിശീലന ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. മൂന്ന് യു.എസ് സൈനീകരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടസാധ്യത മുന്നില്‍ കണ്ട് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പൈലറ്റുമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ദുരന്തം ഒഴിവാക്കാനായില്ല.
ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണിയോടെ വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് പട്ടോമക് നദിയിലേക്ക് പതിച്ചു. നിമിഷങ്ങള്‍ക്കകം രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥ വിനയായി. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ യു.എസ് പ്രസിഡന്‍റ് ട്രംപ് ഒഴിവാക്കാനാകുമായിരുന്ന അപകടമായിരുന്നുവെന്നും പറയാന്‍ മറന്നില്ല. അമേരിക്കന്‍ എയര്‍ലെയ്ന്‍സ് അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തു. അപകടത്തില്‍ യുഎസ് സൈന്യം അന്വേഷണം തുടങ്ങി.