പറഞ്ഞ വാക്കിന് അത്രമേല്‍ ഉറപ്പുള്ളപ്പോള്‍ നമ്മളുപമയായി പറയാറില്ലേ നയാഗ്ര വെള്ളച്ചാട്ടം വേണെങ്കി നിലച്ച് പോയേക്കും എന്റെ വാക്ക് മാറില്ല എന്ന്. അത് വെറും പറച്ചിലല്ല. ദാ കണ്ടോളൂ...
12000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിമയുഗത്തിന്റെ അവസാനകാലത്ത് പിറവിയെടുത്ത നയാഗ്ര ഇന്നും ഭൂമിയിലെ മനോമയക്കാഴ്ച തന്നെ. കൊടുംതണുപ്പ് വായുപോലും കടക്കാന്‍ പഴുതില്ലാത്തപോലെ മൂടിപ്പുതച്ചിരിക്കുകയാണ് നയാഗ്രയെ. മൂന്ന് ഭാവങ്ങളില്‍ പെയ്യുന്ന ഈ വിസ്മയം കാണാനെത്തിയവര്‍, വീശിയടിക്കുന്ന മഞ്ഞുകാറ്റിലും നയാഗ്രയുടെ വന്യത ആസ്വദിച്ച് സ്വയം മറന്നു.
"ഞാന്‍ 20 കൊല്ലം മുന്‍പ് വേനലിന്റെ ഉഗ്രതയിലാണ് നയാഗ്ര കണ്ടത്. ഈ കാഴ്ചയും അതും തമ്മില്‍ താരതമ്യമേയില്ല", മിഷിഗണില്‍ നിന്നെത്തിയ ലോറാ ജോളിക്ക് ആശ്ചര്യം അടക്കാനായില്ല. ഏത് കൊടും തണുപ്പിലും വെള്ളച്ചാട്ടം നിലയ്ക്കില്ല എന്നതാണ് നയാഗ്രയുടെ പ്രത്യേകത.
എങ്കിലും ചരിത്രത്താളുകളില്‍ പരതുമ്പോള്‍ കാണുന്നത് 1848 മാര്‍ച്ച 29ന് വെള്ളച്ചാട്ടത്തിന് മുകളില്‍ മഞ്ഞുമല ഉറഞ്ഞ് പോവുകയും 40 മണിക്കൂര്‍ നേരം വെള്ളച്ചാട്ടം ഐസ് കട്ടയായി നിലച്ച് പോവുകയും ചെയ്തിട്ടുണ്ടത്രേ. പക്ഷേ പിന്നീടിങ്ങോട്ട് അതിശൈത്യത്താല്‍ പലവട്ടം ചുറ്റിലുമുള്ളതെല്ലാം തണുത്ത് ഉറഞ്ഞപ്പോളും ആ ഐസ്കട്ടക്കു പിന്നില്‍ നയാഗ്ര പെയ്തുകൊണ്ടേയിരുന്നു. ഒരു മായാദര്‍ശനം പോലെ.