സ്വന്തം പിതാവിന്‍റെ മുന്നില്‍ വച്ച് മകനെ വിഴുങ്ങുന്ന തിമിംഗലം, വിഴുങ്ങിയ ഉടനെ തന്നെ ആ 24കാരനെ പുറത്തേക്ക് തുപ്പുകയും ചെയ്യുന്നു! കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ രംഗമാണിത്. അക്ഷാര്‍ത്ഥത്തില്‍ ചങ്കിടിക്കുന്ന ദൃശ്യങ്ങള്‍. തെക്കൻ ചിലിയിലായിരുന്നു സംഭവം. 24കാരനായ ആഡ്രിയന്‍ സിമാന്‍കസ് എന്ന കയാക്കര്‍ക്കാണ് പുനര്‍ജന്മം ലഭിച്ചത്. ഒരു നിമിഷം മരണത്തെ മുന്നില്‍ കണ്ടെന്നാണ് യുവാവ് പറയുന്നത്. യുവാവ് രക്ഷപ്പെട്ടതില്‍ സോഷ്യല്‍ മീഡിയ ആശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് ആഡ്രിയനെ തിമിംഗലം ഉപദ്രവിച്ചില്ല എന്നത് പലരുടെയും ഉള്ളിലുള്ള ചോദ്യമാണ്. യഥാര്‍ഥത്തില്‍ തിമിംഗലം മനുഷ്യരെ ഉപദ്രവിക്കില്ലേ? ആന്‍ഡ്രിയന്‍ രക്ഷപ്പെട്ടതെങ്ങിനെയാണ്? നമുക്ക് നോക്കാം...
ആഡ്രിയന്‍റെ ‘രണ്ടാം ജന്മം’
ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ നിന്ന് ഏകദേശം 3,000 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന മഗല്ലൻ കടലിടുക്കിലായിരുന്നു സംഭവം. ചിലിയൻ പാറ്റഗോണിയയിലെ ഒരു പ്രശസ്തമായ സാഹസിക വിനോദസഞ്ചാര കേന്ദ്രമാണിത്. ഈ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന നാവികർ, നീന്തൽക്കാർ, സമുദ്ര പര്യവേഷകര്‍ എന്നിവര്‍ക്ക് തണുത്തുറഞ്ഞ ജലെ വെല്ലുവിളിയുയര്‍ത്തുന്നു. ദക്ഷിണാർദ്ധഗോളത്തിൽ വേനൽക്കാലമാണെങ്കിലും ഇവിടെ താപനില 4 ഡിഗ്രി സെൽഷ്യസാണ്. പ്രദേശത്തെ ഉയർന്ന താപനിലയാകട്ടെ 20 ഡിഗ്രി സെൽഷ്യസുമാണ്.
ആഡ്രിയാനെ തിമിംഗലം വിഴുങ്ങുന്ന ദൃശ്യങ്ങള്‍ | Credit: AP
കഴിഞ്ഞ ആഴ്ചയാണ് അഡ്രിയാൻ സിമാൻകാസ് തന്‍റെ പിതാവിനൊപ്പം കയാക്കിങിന് ഇവിടെയെത്തിയത്. അഡ്രിയാൻ കയാക്കിങ് നടത്തുന്നതിനിടയില്‍ തിമിംഗലം വെള്ളത്തിൽ നിന്ന് ഉയർന്നുവന്നു അഡ്രിയനെയും അദ്ദേഹം കയാക്കിങിന് ഉപയോഗിച്ച ചെറുതോണിയും അടക്കം വിഴുങ്ങുകയായിരുന്നു. ആഡ്രിയന്‍റെ കയാക്കിങ് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന പിതാവിന്‍റെ കാമറയിലും ഈ ദൃശ്യങ്ങള്‍ പതിഞ്ഞു. തിമിംഗലം അടുത്തേക്കു വരുമ്പോള്‍ ശാന്തനായിരിക്കാനും അതിനെ പ്രകോപിപ്പിക്കാതിരിക്കാനും ആഡ്രിയാന്‍റെ പിതാവ് പറയുന്നുണ്ട്.
തിമിംഗലം ഉയർന്നുവന്ന് തന്നെ ഒന്നാകെ വായിലേക്ക് എടുത്തപ്പോള്‍ വലിയ ഒരു തിരമാലയില്‍പ്പെട്ടതായും എന്നാല്‍ തിരമാലയേക്കാള്‍ ശക്തിയുണ്ടായിരുന്നെന്നും അഡ്രിയാന്‍ റോയിറ്റേഴ്സസിനോട് പറഞ്ഞു. ‘നീലയും വെള്ളയും നിറമുള്ള എന്തോ ഒന്ന് എന്‍റെ മുഖത്തിനടുത്തെത്തി, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിനും മുന്‍പ് ആരോ എന്നെ വിഴുങ്ങുന്നതുപോലെ എനിക്ക് തോന്നി’ ആഡ്രിയാന്‍ പറഞ്ഞു. പിന്നാലെ തിമിംഗലം ആഡ്രിയാനെ പുറത്തേക്ക് തുപ്പുകയും ചെയ്തും. പരുക്കേല്‍ക്കാതെ ആഡ്രിയാന്‍ രക്ഷപ്പെട്ടു.
ആഡ്രിയന്‍ സിമാന്‍കസ് | Credit: AP
‘അതെന്നെ വിഴുങ്ങി, ജീവന്‍ പോകുന്നതു പോലെ എനിക്ക് തോന്നി’, ആഡ്രിയാന്‍ അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. തിമിംഗലം തന്നെ പുറത്തേക്ക് തുപ്പിയിട്ടും ഭയം വിട്ടുമാറിയിരുന്നില്ലെന്ന് യുവാവ് പറഞ്ഞു. അത് തന്‍റെ പിതാവിനെ ഉപദ്രവിക്കുമോ, തണുത്തുറഞ്ഞ വെള്ളത്തിൽ താൻ അതിജീവിക്കില്ലെന്നോ എന്നെല്ലാം ചിന്തകളായിരുന്നു തനിക്കെന്നും ആഡ്രിയാന്‍ പറഞ്ഞു. സ്വബോധം വീണ്ടെടുത്ത ആഡ്രിയാന്‍ ബോട്ടിൽ കയറി നീന്തി അച്ഛന്റെ അടുത്തേക്ക് എത്തി. ഇരുവരും തുഴഞ്ഞ് കരയില്‍ തിരിച്ചെത്തുകയുമായിരുന്നു.
തിമിംഗലങ്ങള്‍ മനുഷ്യനെ ആക്രമിക്കുമോ?
ചിലിയൻ സമുദ്രങ്ങളിൽ മനുഷ്യർക്കെതിരായ തിമിംഗല ആക്രമണം വളരെ അപൂർവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചരക്ക് കപ്പലുകളുമായി കൂട്ടിയിടിച്ച് തിമിംഗലങ്ങൾ ചത്തുപൊങ്ങുന്നത് വര്‍ധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സമുദ്രത്തിലെ തിമിംഗലങ്ങള്‍ നേരിടുന്ന ഒരു പ്രധാനപ്രശ്നമാണിത്. അതേസമയം, ആഡ്രിയാന്‍ ജീവന്‍ തിരിച്ച് കിട്ടിയതിന് പിന്നില്‍ വളരെ ലളിതമായ കാരണമാണെന്ന് വിദഗ്ദര്‍ പറയുന്നു.
ആഡ്രിയാനും പിതാവും | Credit: AP
കൂനന്‍ തിമിംഗലങ്ങള്‍ എന്നറിയപ്പെടുന്ന ഇവയ്ക്ക് ഭീമാകാരമായ വായകളുണ്ടെങ്കിലും ഇവയുടെ തൊണ്ട വളരെ ചെറുതാണ്. വീടുകളില്‍ ഉപയോഗിക്കുന്ന സാധാരണ പൈപ്പിന്‍റെ വലിപ്പം മാത്രമേ ഇവയ്ക്കുള്ളൂ. അതായത് ഇവയുടെ വായ ചിലപ്പോള്‍ 10 അടിയെങ്കിലും ഉണ്ടാകാം, പക്ഷേ തൊണ്ടയ്ക്ക് ഏകദേശം ഒരു മനുഷ്യന്റെ മുഷ്ടിയുടെ വ്യാസം മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ വലിയ വസ്തുക്കളെ വിഴുങ്ങാൻ അവയ്ക്ക് സാധിക്കില്ല’ ബ്രസീലിയൻ പരിസ്ഥിതി പ്രവർത്തകനായ റോച്ചഡ് ജേക്കബ്സൺ സെബ ബിബിസിയോട് പറഞ്ഞു. മനുഷ്യരെ എന്നല്ല, കയാക്കുകൾ, ടയറുകൾ, ട്യൂണ പോലുള്ള വലിയ മത്സ്യങ്ങൾ തുടങ്ങിയയെയും ഇത്തരം തിമിംഗലങ്ങള്‍ക്ക് വിഴുങ്ങാന്‍ സാധിക്കില്ല. നൻ തിമിംഗലങ്ങൾ മത്സ്യക്കൂട്ടങ്ങളിലിടയിലേക്ക് നീന്തി തങ്ങളുടെ വലിയ വായ തുറന്നാണ് ഇരേതേടുന്നത്. തുടർന്ന് പല്ലുകൾക്ക് പകരമുള്ള ചീപ്പ് പോലുള്ള ഘടനകളായ ബലീൻ പ്ലേറ്റുകളിലൂടെ വെള്ളം പുറത്തേക്ക് കളയുന്നു. ഈ മല്‍സ്യകൂട്ടത്തിനിടയില്‍ ആഡ്രിയാനും പെട്ടതായാണ് കരുതുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
വളരെ അപൂർവമാണെങ്കിലും ഇത്തരം സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. 2021ൽ ഒരു കൂനൻ തിമിംഗലം മസാച്യുസെറ്റ്‌സിലെ ഒരു നീന്തല്‍ക്കാരനെ വിഴുങ്ങിയിരുന്നു. കുറച്ചുനേരം വായില്‍ തന്നെ വച്ചതിന് ശേഷമാണ് ഇയാളെ പുറത്തേക്ക് തുപ്പിയത്. എന്നിരുന്നാലും തിമിംഗലങ്ങൾ സാധാരണയായി കാണപ്പെടുന്ന പ്രദേശങ്ങളിൽ വാട്ടർക്രാഫ്റ്റുകളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻറെ(NOAA) കണക്കുകള്‍ഡ പ്രകാരം ഇന്ന് ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ കൂനൻ തിമിംഗലങ്ങളെ കാണാൻ കഴിയും.