കഴിഞ്ഞയാഴ്ച റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി ഡോണള്‍ഡ് ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് സമാധാനചര്‍ച്ചയ്ക്ക് സൗദിയില്‍ കളമൊരുങ്ങുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇതുവരെ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടത് ഒട്ടേറെ കക്ഷികള്‍ ഇടപെട്ടതുകൊണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
പകരം സമാധാനം സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ കൈമാറാന്‍ അമേരിക്ക യുറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ യുറോപ്യന്‍ രാജ്യങ്ങള്‍ ഇന്ന് അടിയന്തര ഉച്ചകോടി നടത്താന്‍ തീരുമാനിച്ചത്. യുക്രെയ്നെ ഉള്‍പ്പെടുത്താതെയുള്ള സമാധാന ചര്‍ച്ചകള്‍ അംഗീകരിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയും വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ നീക്കത്തെ എതിര്‍ക്കുമ്പോളും പരസ്യ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഫ്രാന്‍സ് അടക്കം തയാറായിട്ടില്ല. ഉച്ചകോടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. അതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. റഷ്യയ്ക്കുമേല്‍ ബൈഡന്‍ ഭരണകൂടം ഏര്‍പെടുത്തിയ ഉപരോധങ്ങള്‍ നീക്കണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവറോവ് ആവശ്യപ്പെട്ടു.
വ്യാപാര, സാമ്പത്തിക മേഖലകളില്‍ അമേരിക്ക –റഷ്യ ബന്ധം മെച്ചപ്പെടുത്താന്‍ ഉപരോധം നീക്കേണ്ടത് അനിവാര്യമാണെന്നാണ് റഷ്യന്‍ നിലപാട്.