Image Credit:X/BeOutTheMatrix
പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തില്‍ കുത്തിവച്ച 14 കാരന് ദാരുണാന്ത്യം. ബ്രസീലിലെ ബാഹിയ സംസ്ഥാനത്തെ പ്ലാനാൽറ്റോയില്‍ നിന്നുള്ള ഡേവി ന്യൂസ് മൊറേറ ആണ് മരിച്ചത്. കുട്ടിയുടെ പ്രവൃത്തിക്ക് പിന്നില്‍ ഓണ്‍ലൈന്‍ ചാലഞ്ചുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
മൊറേറ, ചത്ത പൂമ്പാറ്റയെ വെള്ളത്തിൽ കലക്കി വലതു കാലിൽ കുത്തിവെയ്ക്കുകായിരുന്നു. ഇതിന് പിന്നാലെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഛർദ്ദിയും നടക്കാന്‍ വയ്യാതെ കുഴയുന്നത് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടിയിലുണ്ടായത്. പിന്നീട് അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് വിറ്റോറിയ ഡ കോൺക്വിസ്റ്റയിലെ മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയെങ്കിലും 14 ദിവസത്തിന് ശേഷമാണ് കുട്ടി മരണപ്പെടുന്നത്.
തുടക്കത്തില്‍ കുട്ടി അസ്വസ്ഥതയുടെ കാരണം വെളിപ്പെടത്തിയിരുന്നില്ല. സ്വയം പരുക്കേല്‍പ്പിച്ചതാണെന്നാണ് പറഞ്ഞത്. രോഗം ഗുരുതരമായ സമയത്താണ് പൂമ്പാറ്റയുടെ അവശിഷ്ടം വലതുകാലില്‍ കുത്തിവെച്ച കാര്യം വെളിപ്പെടുത്തിയത്. കുട്ടിയുടെ തലയിണയ്ക്കടിയിൽ ഒളിപ്പിച്ച നിലയിൽ സിറിഞ്ച് കണ്ടെത്തിയതായി മോറേറയുടെ പിതാവ് പറഞ്ഞു.
പൂമ്പാറ്റയുടെ അവശിഷ്ടങ്ങളിലെ വിഷാംശം കലർന്നതാണ് കുട്ടിയുടെ മരണ കാരണമെന്നാണ് സംശയിക്കുന്നത്. ചില പൂമ്പാറ്റകളുടെ ഭക്ഷണങ്ങളില്‍ വിഷാംശം അടങ്ങിയിട്ടുണ്ടാകാം. എന്നാല്‍ ഏത് തരം ഭക്ഷണമാണ് കുട്ടി ശരീരത്തില്‍ കുത്തിവച്ചത് എന്നതില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാവുകയുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി.