ബന്ദി കൈമാറ്റത്തിനിടെ ഹമാസ് അംഗത്തിന്‍റെ നെറ്റിയില്‍ ചുംബിച്ച് ഇസ്രയേല്‍ ബന്ദി. സെൻട്രൽ ഗാസയിലെ അൽ-നുസൈറത്തില്‍ നടന്ന ബന്ദി കൈമാറ്റത്തിലാണ് സംഭവം. റെഡ് ക്രോസിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് ബന്ദികളെ കൈമാറുന്നതിന് മുന്‍പാണ് ഒമർ ഷെം ടോവ് എന്ന ബന്ദി ഹമാസ് അംഗങ്ങളുടെ െനറ്റിയില്‍ ചുംബിച്ചത്. ഒമർ വെങ്കർട്ട്, ഒമർ ഷെം ടോവ്, എലിയ കോഹൻ എന്നി മൂന്ന് ബന്ദികളെയാണ് ഈ വേദിയില്‍ ഹമാസ് മോചിപ്പിച്ചത്.
ഒമറിന്‍റെ പെരുമാറ്റത്തില്‍ ആശ്ചര്യകരമില്ലെന്ന് മുത്തശ്ശി സാറ പറഞ്ഞു. 'ഒമറിന്‍റെ പെരുമാറ്റം ആശ്ചര്യകരമല്ല. അതാണ് ഒമർ. അവൻ എല്ലാവരുമായും ഇടപഴകും. ഹമാസിനോട് പോലും. അവിടെയും അവർ അവനെ സ്നേഹിക്കുകയാണ്' എന്നാണ് സാറ ഇസ്രയേലി മാധ്യമത്തോട് പറഞ്ഞത്. ഒമറിന്‍റെ പെരുമാറ്റം അവന്‍റെ വ്യക്തിത്വമാണെന്നാണ് പിതാവ് മാൽക്കി ഷെം ടോവ് പറഞ്ഞത്.
505 ദിവസത്തെ തടവിന് ശേഷമാണ് മൂവരും മോചിപ്പിക്കപ്പെട്ടത്. ഇസ്രയേലില്‍ എത്തിച്ച ഇവരെ മാനസിക, ശാരീരിക പരിശോധനയക്കായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്‍റെ കേന്ദ്രത്തിലേക്ക് മാറ്റി. ഇതടക്കം ഇന്ന് ആറു ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. ടാൽ ഷോഹം, ഹിഷാം അൽ-സെയ്ദ്, അവെര മെൻഗിസ്റ്റു എന്നിവരാണ് ഇന്ന് ഹമാസ് മോചിപ്പിക്കപ്പെട്ട മറ്റുള്ളവര്‍. ഇതിന് പകരമായി 602 പലസ്തീൻ തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിച്ചത്.
അതേസമയം, ഹമാസ് തടവില്‍ മരിച്ച ഷിറീ ബീബസിന്റെ മൃതദേഹം സംബന്ധിച്ച വിവാദത്തിനിടെ യഥാർഥ മൃതദേഹം റെഡ്ക്രോസിനു കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കൈമാറിയ 4 മൃതദേഹങ്ങളിൽ ഷിറീയുടേത് ഇല്ലായിരുന്നുവെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. പകരം ഒരു അജ്ഞാത മൃതദേഹമാണ് ഇസ്രയേലിന് ലഭിച്ചത്. തുടര്‍ന്നാണ് യഥാർഥ മൃതദേഹം കൈമാറിയത്.