Clothes of migrants deported from the United States hang on windows inside a hotel in Panama City, Thursday, Feb. 20, 2025. (AP Photo/Matias Delacroix)
അനധികൃത കുടിയേറ്റക്കാരെ ഡോണള്‍ഡ് ട്രംപ് കൂട്ടത്തോടെ നാടുകടത്താന്‍ തുടങ്ങിയതിന് പിന്നാലെ ഇന്ത്യയിലടക്കം കടുത്ത ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. രണ്ട് ബാച്ചുകളായി 228 അനധികൃത കുടിയേറ്റക്കാരെയാണ് ഇതിനോടകം അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. എന്നാല്‍ ഇതിനിടെയാണ് ഇന്ത്യക്കാരുള്‍പ്പെടെ 300 അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് അമേരിക്ക കടത്തിയതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പാനമയിലെ ഒരു ഹോട്ടല്‍ താത്കാലിക ഡിറ്റന്‍ഷന്‍ സെന്ററാക്കി മാറ്റിയാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും പുറത്തേക്കിറങ്ങാന്‍ അനുവദിക്കില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഇവരെ തിരിച്ചെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.
300 അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് കടത്തിയതിന് പിന്നാലെ 135 അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം കോസ്റ്റാറിക്കയിലുമെത്തിയിരുന്നു. ഇവരില്‍ 50 പേരോളം ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യക്കാരുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനായി പ്രാദേശിക അധികാരികളുമായി പനാമയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാള്‍ അറിയിച്ചു.
അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഒരു പാലമായി പ്രവര്‍ത്തിക്കാമെന്ന് പാനമയും കോസ്റ്ററിക്കയും നേരത്തെ സമ്മതിച്ചിരുന്നു. ഇതിനായുള്ള എല്ലാ ചെലവുകളും യുഎസ് വഹിക്കുന്നതായാണ് റിപ്പോര്‍ട്ട്. നാടുകടത്തപ്പെട്ടവരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോൺസുലാർ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അതേസമയം, ഡിറ്റന്‍ഷന്‍ സെന്ററിലുള്ള 40 ശതമാനം ആളുകളും സ്വമേധയാ മടങ്ങിപ്പോകാന്‍ തയ്യാറല്ലാത്തവരാണെന്നാണ് പാനമ അധികൃതര്‍ വ്യക്തമാക്കിയിരുന്നു,
അമേരിക്കയിൽ ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അനധികൃതമായി താമസിക്കുന്ന പൗരന്മാരെ തിരിച്ചെടുക്കാൻ ഡൽഹി തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയുന്നു. അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ആദ്യസംഘത്തെ വിലങ്ങിട്ട് ഇന്ത്യയിലെത്തിച്ചതിനെതിരെ അനധികൃത കുടിയേറ്റക്കാരോട് മനുഷ്യത്വമില്ലാതെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ പെരുമാറിയതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ ആശങ്കകൾ ഇന്ത്യ യുഎസിനെ അറിയിക്കുകയും മാനുഷികമായ രീതിയിൽ പെരുമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.