ലോകത്ത് ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമേറിയ വിവാഹ ജീവിതത്തിന്‍റെ റെക്കോര്‍ഡ് ്സ്വന്തമാക്കി ബ്രസീലില്‍ നിന്നുള്ള ദമ്പതിമാര്‍. 105 കാരനായ മനോയൽ ആഞ്ചലിം ഡിനോയും 101 വയസുള്ള മരിയ ഡി സൗസ ഡിനോയുമാണ് 84 വര്‍ഷത്തെ പ്രണയത്തെ ഗിന്നസ് ലോകറെക്കോര്‍ഡിലെത്തിച്ചത്.
1940 തിലായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ പ്രണയ ദിനത്തില്‍ ഇരുവരുടെ വിവാഹം കഴിഞ്ഞ് 84 വര്‍ഷവും 77 ദിവസവും പൂര്‍ത്തിയായെന്നാണ് ഗിന്നസ് ലോകറെക്കോര്‍ഡിന്‍റെ കണക്ക്. 1917 ലാണ് മനോയൽ ജനിച്ചത്. മരിയയുടെ ജനനം 1923 ലും. 1936 ല്‍ കുടുംബത്തോടൊപ്പം കൃഷി ജോലി ചെയ്യുന്നതിനിടെയായിരുന്നു ഇരുവരും കാണുന്നത്.
ബോവ വിയാഗെം ജില്ലയിലെ അല്‍മേഡയിലെത്തിയ സമയത്താണ് പ്രണയം പൂവിടുന്നത്. മരിയയുടെ അമ്മ ബന്ധത്തിന് എതിരായിരുന്നു. അതിനാല്‍ വീട്ടുകാരെ കൂടി വിശ്വാസത്തിലെടുത്തായായിരുന്നു വിവാഹം. ഈ സമയത്ത് മനോയല്‍ വീട് പണിതു. വിവാഹ ശേഷം ഇരുവരും ജീവിതം തുടങ്ങിയത് ഈ വീട്ടിലാണ്.
ദമ്പതികള്‍ക്ക് 13 മക്കളായിരുന്നു. ഇവര്‍ക്ക് പിന്നീട് 55 പേരക്കുട്ടികളും 54 കൊച്ചുമക്കളും. അതിന് ശേഷം പുതുതലമുറയിലെ 12 കൊച്ചുമക്കളും താലോലിച്ചാണ് ഈ ദമ്പതികളുടെ ജീവിതം. പ്രായം 100 കടന്നതിനാല്‍ ഇരുവരും വിശ്രമത്തിലാണ്. എന്നാലും വൈകീട്ട് 6 മണിക്ക് റേഡിയോയിൽ ജപമാല പ്രാർത്ഥനയും തുടർന്ന് ടെലിവിഷൻ കുർബാനയും ഇരുവരും മുടക്കാറില്ല.