രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കിടെ ജര്‍മനിയില്‍ ഇന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. വര്‍ഷങ്ങളായി കൂട്ടുകക്ഷി ഭരണം തുടരുന്ന ജര്‍മനിയില്‍ ഇത്തവണ വിവിധ കക്ഷികള്‍ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യുക്രെയ്ന്‍– റഷ്യ യുദ്ധത്തില്‍ ട്രംപിന്റെ നിലപാട് യൂറോപ്പിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കെ ജര്‍മനിയിലെ പുതിയ ഭരണകൂടത്തിന്റെ നിലപാട് നിര്‍ണായകമാകും
ഭരണമുന്നണിയിലെ ഭിന്നതയ്ക്കുപിന്നാലെ ഡിസംബറില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് ഒലാഫ് ഷോൾസ് തീരുമാനിച്ചത്. ഒലാഫ് ഷോള്‍സിനെ തന്നെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാണ് സോഷ്യല്‍ ഡോമോക്രാറ്റിക് പാര്‍ട്ടി മല്‍സരിക്കുന്നത്.
പ്രതിപക്ഷ നിരയിലെ പ്രമുഖ പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പ്രതിപക്ഷ നേതാവ് ഫ്രീഡറിക് മെര്‍സിനെ ചാന്‍സലര്‍ സ്ഥാനത്തേക്ക് മല്‍സരിപ്പിക്കുന്നു. ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുടെ അലീസ വൈഡലും ഗ്രീന്‍ പാര്‍ട്ടിയുടെ റോബര്‍ട്ട് ഹാബെക്കും ചാന്‍സലര്‍ സ്ഥാനാര്‍ഥികളായി രംഗത്തുണ്ട്. അഭയാര്‍ഥിപ്രശ്നമാണ് തിരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയം.
ഭരണകക്ഷിയായ എസ്.ഡി.പിയും ഗ്രീന്‍പാര്‍ട്ടിയും അഭയാര്‍ഥികളോട് അനുഭാവം കാട്ടുമ്പോള്‍ പ്രതിപക്ഷമായ സി.ഡി.യുവും ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയും അഭയാര്‍ഥികളെ സ്വീകരിക്കരുതെന്നും നിലവിലുള്ളവരോട് കര്‍ശന സമീപനം വേണമെന്നും നിലപാടെടുക്കുന്നു. അഭിപ്രായ സര്‍വേകളില്‍ പ്രതിപക്ഷമായ സി.ഡി.യു–സി.എസ്.യു സഖ്യമാണ് മുന്നില്‍ . തീവ്രദേശീയനിലപാടുള്ള ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയാണ് തൊട്ടുപിന്നില്‍.
ഒലാഫ് ഷോള്‍സിന്റെ SDP മൂന്നാം സ്ഥാനത്താണുള്ളത്. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷമാകും ഭരണസഖ്യത്തിനുള്ള സാധ്യത തെളിയുക. ഇന്ത്യന്‍ സമയം ഇന്നുരാത്രി പത്തരയ്ക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വോട്ടെണ്ണല്‍ ആരംഭിക്കും . നാളെ രാവിലെയോടെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്