സമ്മാനമായി നല്‍കിയ പോര്‍ഷെ കാര്‍ ഭാര്യ നിരസിച്ചതോടെ കുപ്പത്തൊട്ടിയില്‍ തള്ളി ഭര്‍ത്താവ്. മോസ്‌കോയിലെ മിതിഷിയിലാണ് സംഭവം. കാര്‍ കുപ്പത്തൊട്ടിയില്‍ കിടക്കുന്നതിന്‍റെ ചിത്രങ്ങളും സോഷ്യല്‍മീഡിയകളില്‍ വൈറലാണ്.
വഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായാണ് യുവാവ് സര്‍പ്രൈസായി പോര്‍ഷെ കാര്‍ സമ്മാനിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സമ്മാനം അപമാനമായി തോന്നിയതോടെ ഭാര്യ കാര്‍ നിരസിച്ചു. പിന്നാലെ ഭര്‍ത്താവ് കാര്‍ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു.
റൂബി റെഡ് നിറത്തിലുള്ള കാറിന് മുകളില്‍ ചുവപ്പ് റിബ്ബണ്‍ കെട്ടിയിട്ടുണ്ട്. ഏകദേശം 12 ദിവസത്തോളം കുപ്പത്തൊട്ടിയില്‍ കിടന്ന കാറിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം, ഇനി ഈ കാര്‍ എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുവാവ് വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുപ്പത്തൊട്ടിയില്‍ കിടക്കുന്ന കാറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് യുവാവിനെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റ് ചെയ്തത്.