AI Generated Images
പാകിസ്ഥാനിലെ സിന്ധു നദീതടത്തില്‍ 80,000 കോടി രൂപ വിലമതിക്കുന്ന വമ്പന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഉയർന്ന പണപ്പെരുപ്പം, വിദേശനാണ്യ കരുതൽ ശേഖരത്തിലെ ഇടിവ്, ദുർബലമാകുന്ന കറൻസി തുടങ്ങി സാമ്പത്തിക അസ്ഥിരതയുമായി പൊരുതുന്ന ഒരു രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു ഈ കണ്ടെത്തല്‍. എന്നാല്‍ ഈ സ്വര്‍ണ നിക്ഷേപത്തിന് പാകിസ്ഥാന്‍റെ അയല്‍രാജ്യമായ നമ്മുടെ ഇന്ത്യയുമായുമുണ്ട് ഒരു ബന്ധം! ആ ബന്ധം എന്തെന്നറിയാം...
പഞ്ചാബിലെ അറ്റോക്കില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വെയിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. വിഭജനകാലത്ത് പാക്കിസ്ഥാനിലായിപ്പോയ സിന്ധു നദിയുടെ ഭാഗത്താണ് സ്വര്‍ണ നിക്ഷേപമുള്ളത്. നദിയുടെ ഒഴുക്കിനെ തുടര്‍ന്ന് സ്വര്‍ണത്തരികള്‍ ഒന്നെങ്കില്‍ പരന്ന് ഖനീഭവിച്ച നിലയിലോ അല്ലെങ്കില്‍ വൃത്താകൃതിയിലോ ആയി കാണപ്പെടാമെന്നാണ് ജിയോളജിസ്റ്റുകള്‍ പറയുന്നുണ്ട്. ധാതുക്കളാല്‍ സമ്പന്നമായ സിന്ധു നദിയില്‍ വന്‍തോതില്‍ സ്വര്‍ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യയുമായുള്ള ബന്ധം
FILE PHOTO: A worker shows gold biscuits at a precious metals refinery in Mumbai, India March 3, 2008. REUTERS/Arko Datta/File Photo
പാകിസ്ഥാനില്‍ സ്വര്‍ണം കണ്ടെത്തി എന്നതിലുപരി സിന്ധു നദിയിൽ സ്വർണ്ണം എങ്ങനെ വന്നു എന്നതാണ് ഏറെ കൗതുകം. അവിടെയാണ് ഈ സ്വര്‍ണ ഖനിക്ക് ഇന്ത്യയുമായുള്ള ബന്ധം രൂപപ്പെടുന്നതും. നദിയിൽ കാണപ്പെടുന്ന സ്വർണ്ണ നിക്ഷേപം ഇന്ത്യയിലെ ഹിമാലയൻ മേഖലയിലാണ് ഉത്ഭവിച്ചതെന്നാണ് വിദഗ്ദ്ധർ വിശ്വസിക്കുന്നത്. നദിയുടെ പ്രവാഹം ഈ സ്വർണ്ണ കണികകളെ ഹിമാലയത്തില്‍ നിന്ന് താഴേക്കെത്തിച്ചു. സിന്ധൂ നദീതടങ്ങളില്‍ നിക്ഷേപിക്കപ്പെട്ടു.
കാലക്രമേണ, നദിയുടെ ഒഴുക്ക് ഈ സ്വര്‍ണ നിക്ഷേപത്തെ സ്വര്‍ണത്തരികളാക്കി മാറ്റുകയും മിനുസപ്പെടുത്തുകയും ചെയ്തു. ഇത് സ്വര്‍ണം കണ്ടെത്തല്‍ എളുപ്പമാക്കി. ഈ നിക്ഷേപം പാകിസ്ഥാനില്‍ ഒളിഞ്ഞിരിക്കുന്ന സ്വർണ്ണഖനിയാക്കി സിന്ധു നദിയെ മാറ്റി. ഒടുവില്‍ മനുഷ്യന്‍റെ മുന്നില്‍ അനാവരണപ്പെടുകയും ചെയ്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍റെ കണക്കനുസരിച്ച് 2024 ഡിസംബര്‍ വരെയുള്ള പാകിസ്ഥാന്‍റെ സ്വർണ്ണ ശേഖരം 5.43 ബില്യൺ ഡോളര്‍ മാത്രമാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണിത്. അതേസമയം, പുതുതായി കണ്ടെത്തിയ ഈ സ്വർണ നിക്ഷേപം ഖനനം ചെയ്യുന്നതിലൂടെ രാജ്യം സ്വർണം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയും. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപകരെ ആകർഷിക്കുന്നതിനും പാകിസ്ഥാന് ഇതൊരു സുവർണ്ണാവസരമാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള കൺസൾട്ടൻസിയായ നാഷണൽ എന്‍ജിനീയറിംഗ് സർവീസസ് പാകിസ്ഥാൻ, പഞ്ചാബിലെ മൈൻസ് ആൻഡ് മിനറൽസ് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് ഖനനത്തിന്‍റെ സാധ്യതകള്‍ അന്വേഷിക്കുകയാണ്. അറ്റോക്ക്ജില്ലയിലെ ഒമ്പത് പ്ലേസർ സ്വർണ്ണ ബ്ലോക്കുകളുടെ ഖനന അവകാശങ്ങളുടെ ലേലത്തിന് ആവശ്യമായ രേഖകൾ തയ്യാറാക്കുന്നതിനുള്ള കരാറിൽ കമ്പനി ഔദ്യോഗികമായി ഒപ്പുവച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
വെല്ലുവിളികള്‍
പദ്ധതി വലിയ പാകിസ്ഥാന് വലിയ പ്രതീക്ഷകൾ നൽകുന്നതാണെങ്കിലും വെല്ലുവിളികളും ഒളിഞ്ഞിരിപ്പുണ്ട്. അതിലൊന്നാണ് അനധികൃത ഖനനം. സർക്കാർ ഔദ്യോഗികമായി ഖനനം ആരംഭിക്കാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും സ്ഥലത്ത് അനധികൃത ഖനനം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വർണ്ണം കണ്ടെത്താമെന്ന പ്രതീക്ഷയിൽ ഖനിത്തൊഴിലാളികളും കരാറുകാരും ഇവിടേക്ക് ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അനിയന്ത്രിതമായ ഖനനം നിർത്തലാക്കാനും ഖനനം കര്‍ശനമായ മേല്‍നോട്ടത്തിനും നിയമങ്ങള്‍ക്കും കീഴില്‍ കൊണ്ടുവരാനും പഞ്ചാബ് സർക്കാർ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വലിയ തോതിലുള്ള ഖനനം ആരംഭിക്കാനായി വലിയ നിക്ഷേപങ്ങൾ, കർശനമായ മേൽനോട്ടം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ആവശ്യമാണ്. പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളും വെല്ലുവിളി ഉയര്‍ത്തുന്നു. വലിയ തോതിലുള്ള ഖനനം ജലമലിനീകരണം, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയക്ക് കാരണമാകും. അതിനാല്‍ സുതാര്യവും സുസ്ഥിരവും ജനങ്ങൾക്ക് പ്രയോജനകരവുമായ ഖനന മാര്‍ഗങ്ങളാണ് ആവശ്യം.